ശക്തവും ശ്രദ്ധേയവുമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് നമിത പ്രമോദ്. സിനിമാ മേഖലയിലെ സന്തുഷ്ടവും വിജയപ്രദവുമായ ഏതാനും വര്‍ഷങ്ങള്‍ ചെലവിട്ട ശേഷം വ്യക്തിപരവും സിനിമാമേഖല നിലവില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതുമായ ഏതാനും വിഷയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് നമിത പ്രമോദ് ഇപ്പോള്‍. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നമിത ഇക്കാര്യങ്ങള്‍ തുന്ന് പറഞ്ഞിരിക്കുന്നത്.
നമിതയുടെ വാക്കുകള്‍ ഇങ്ങനെ..
വിവാഹത്തെക്കുറിച്ചൊന്നും ആലോചിച്ചു തുടങ്ങിയിട്ടില്ല. എന്നാല്‍ വിവാഹശേഷം അഭിനയിക്കില്ലെന്നു തീരുമാനിച്ചിട്ടുണ്ട്. കല്യാണം കഴിഞ്ഞാല്‍ വീട്ടുകാര്യങ്ങളൊക്കെ നോക്കണം. പക്ഷേ ഭാവിയെക്കുറിച്ച് ഓര്‍ത്ത് ആശങ്കപ്പെടുന്ന സ്വഭാവമല്ല തന്റേത്.
കുറച്ചു നാള്‍ കൂടി കഴിയുമ്പോള്‍ വിവാഹം കഴിക്കും. അതിനു ശേഷം കുടുംബത്തിന് പ്രധാന്യം നല്‍കും. വിവാഹത്തിന് ശേഷം സിനിമയില്‍ അഭിനയിക്കുന്നതിന് സാധ്യത വളരെ കുറവാണ്. കുടുംബത്തിന്റെ അടിത്തറയെന്നു പറയുന്നത് അമ്മയാണ്. എന്റെ അമ്മയെ കണ്ടാണ് ഞാനും പഠിച്ചത്. അമ്മയുടെ ജീവിതം ഞങ്ങള്‍ക്കു വേണ്ടിയായിരുന്നു. അമ്മയെ പോലെ നല്ലൊരു വീട്ടമ്മയാകണമെന്നാണ് ആഗ്രഹം.
ഏറെ വേദനിപ്പിച്ച ഒരു കാര്യമാണ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ തന്റെ പേര് വലിച്ചിഴച്ചു എന്നത്. സത്യാവസ്ഥ അന്വേഷിക്കാതെ മാധ്യമങ്ങള്‍ ഒപ്പിച്ച പണിയാണ്. ആദ്യമൊക്കെ വലിയ പേടിയായിരുന്നു. പക്ഷേ വീട്ടുകാരുടെ പിന്തുണകൊണ്ട് ആ ഗോസിപ്പുകളെയെല്ലാം ധൈര്യത്തോടെ നേരിട്ടു. നമിത പറയുന്നു.