താരങ്ങളോടൊപ്പം അവരുടെ പ്രിയമൃഗങ്ങളും പലപ്പോഴും ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. നടിമാരാണെങ്കില്‍ പൊതുവേ പട്ടിക്കുട്ടികളെയാണ് താരങ്ങള്‍ തങ്ങളുടെ കുടുംബത്തിലെ അംഗം എന്ന രീതിയില്‍ കൊണ്ടുനടക്കാറുള്ളത്. അടുത്തിടെ അമലാ പോളിന്റെ പൊന്നോമനയായ വളര്‍ത്തു നായ മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അമലയ്ക്കൊപ്പം ക്രിസ്തുമസ് വേഷം ധരിച്ചാണ് അമലയുടെ പട്ടിക്കുട്ടികള്‍ ശ്രദ്ധാ കേന്ദ്രമായത്.
നടി നമിതാ പ്രമോദിന്റെ നായക്കുട്ടിയുടെ പിറന്നാളാഘോഷമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നടിക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന പട്ടിക്കുട്ടിയുടെ രസകരമായ വീഡിയോ ആണ് സോഷ്യല്‍ മീഡയയില്‍ ഹിറ്റായത്. പട്ടിക്കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തില്‍ നടിയുടെ കുടുംബം ഒന്നടങ്കം പങ്കെടുക്കുന്നുണ്ട്. കറുത്ത നിറത്തിലുള്ള വേഷം അണിഞ്ഞാണ് നമിതയും വീട്ടുകാരും പിറന്നാള്‍ ആഘോഷത്തിന് ഒരുങ്ങിയത്. മെഴുകുതിരി ഊതിക്കെടുത്തിയും പട്ടിക്കുട്ടിയുടെ വായില്‍ കേക്കു വെച്ചു കൊടുത്തും അടിപൊളിയായിരുന്നു ജന്മദിനാഘോഷം.
നിരവധിപ്പേര്‍ പട്ടിക്കുട്ടിയ്ക്ക് ആശംസയും നമിതയ്ക്ക് അനുമോദനവും അറിയിച്ചപ്പോള്‍ കുറേപ്പേര് നമിതയെ കളിയാക്കിയും കുറ്റപ്പെടുത്തിയുമാണ് രംഗത്തെത്തിയത്. അക്കൂട്ടത്തില്‍ വിമര്‍ശനം ഉന്നയിച്ച ഒരു വ്യക്തിയ്ക്ക് നമിത നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒന്ന് പുറത്തേയ്ക്കിറങ്ങി നോക്കിയാല്‍ മതി. ഒരു നേരത്തെ ഭക്ഷണം കഴിക്കാനില്ലാതെ വിഷമിക്കുന്നവരെ കണ്ടെത്താം. ഇപ്പോള്‍ പണക്കൊഴുപ്പിന്റെ അഹങ്കാരമല്ലേ കാണിക്കുന്നത്, നിലവില്‍ സിനിമയൊന്നും കിട്ടുന്നില്ലല്ലോ. കാശെല്ലാം തീരുമ്പോള്‍ പട്ടിയോടുള്ള സ്നേഹമെല്ലാം പൊയ്ക്കോളും എന്നൊക്കെ വിമര്‍ശിച്ച വ്യക്തിയ്ക്കാണ് നമിത ചുട്ട മറുപടി നല്‍കിയിരിക്കുന്നത്.
താന്‍ ധാരാളം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യാറുണ്ടെന്നും പക്ഷേ തനിക്ക് അതൊന്നും കൊട്ടിഘോഷിച്ച് നടക്കേണ്ട കാര്യമില്ലെന്നും താന്‍ ചെയ്യുന്നതൊന്നും നിങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നുമാണ് നമിത പറഞ്ഞത്. ഈ പട്ടിക്കുട്ടി ഞങ്ങളുടെ കുടുംബത്തിലെ ഇളയ സന്തതിയാണെന്നും അതിന്റെ പിറന്നാള്‍ ആഘോഷിക്കുന്നത് ഞങ്ങളുടെ ഇഷ്ടമാണെന്നും നമിത പറയുകയുണ്ടായി. മനുഷ്യര്‍ മാത്രമല്ല, ഈ ലോകത്തിലുള്ളതെന്നും കണ്ണു തുറന്ന് ചുറ്റിലും നോക്കണമെന്നും നമിത കൂട്ടിച്ചേര്‍ത്തു.