പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരാധകര്‍ക്കും അനുയായികള്‍ക്കും സന്തോഷം പകരുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. എന്നാല്‍ ഈ സന്തോഷ വാര്‍ത്ത ഇപ്പോള്‍ പുറത്തുകൊണ്ടു വന്നിരിക്കുന്നത്, ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പുതിയ പ്രചരണ തന്ത്രമാണെന്ന ആരോപണവും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
നമോ ആപ്പിലൂടെ മോദി മയമുള്ള വിവിധ ഉത്പന്നങ്ങളുടെ വില്പന നടത്തിയാണ് ബിജെപി പ്രചരണ പരിപാടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ഇതുവഴി ലഭിക്കുന്ന തുക സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കുന്നതിനായി ഉപയോഗിക്കുമെന്നാണ് ബിജെപിയുടെ വാഗ്ദാനം.
ടീ ഷര്‍ട്ട്, നോട്ടുബുക്ക്, തൊപ്പി, സ്റ്റിക്കേര്‍സ്, കോഫി മഗ്, പേന, ഫ്രിഡ്ജ് മാഗ്നെറ്റ് തുടങ്ങിയ നൂറോളം ഉത്പന്നങ്ങള്‍ നമോ ആപ്പിലൂടെ വിറ്റഴിക്കാനാണ് പദ്ധതി. മേക്ക് ഇന്‍ ഇന്ത്യ, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ തുടങ്ങിയ കേന്ദ്ര സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ ആലേഖനം ചെയ്ത ഉത്പന്നങ്ങളാണ് നമോ ആപ്പിലൂടെ ലഭിക്കുക. ഇതുകൂടാതെ നമോ എഗെയ്ന്, നമോ നമ, യുവ ശക്തി, ഇന്ത്യ മോഡിഫയ്ഡ് എന്നിങ്ങനെ എഴുതിയ ഉത്പന്നങ്ങളും വില്പനയ്ക്കുണ്ട്. ടീഷര്‍ട്ടിന് 199 രൂപ മുതലാണ് വില ഈടാക്കുക. മോദി എഗെയ്ന് എന്നെഴുതിയിട്ടുള്ള ഒരു ജോഡി കോഫി മഗുകള്‍ക്ക് 150 രൂപയാണ് വില.