കണ്ണൂർ: ഇന്നത്തെ നേതാക്കൾ നാളെ ബിജെപിയാകുന്ന തരത്തിലുള്ള നാണം കെട്ട പാർട്ടിയായ കോൺഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എകെജി ദിനാചരണത്തിന്റെ ഭാഗമായി കാൽടെക്സിലുള്ള എകെജി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷം അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്നത്തെ ബിജെപി നേതാക്കൾ നല്ലൊരു ഭാഗം കോൺഗ്രസ് നേതാക്കളാണ്. ഇത് പത്തോ ഇരുപതോയെണ്ണമല്ല.
നല്ലൊരു ഭാഗം തന്നെയാണ്. എഐസിസി നേതാക്കൾ, മുൻ കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, പാർട്ടി സംസ്ഥാന അധ്യക്ഷന്മാർ, ചില പ്രദേശങ്ങളിൽ പാർട്ടിയുടെ മുഖമായി പ്രവർത്തിച്ച നേതാക്കൾ ഉൾപ്പെടെയുള്ളവർ ഇന്ന് ബിജെപിയിലാണ്.ഗോവയിൽ കൂടുതൽ നേതാക്കൾ ബിജെപിയിൽ ചേർന്നു. ത്രിപുരയിൽ മരുന്നിന് കൂട്ടാൻപോലും ബിജെപിക്കാരില്ല.
അവിടെ കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റും പ്രതിപക്ഷ നേതാവും ഉൾപ്പെടെ ഒരു പാർട്ടിയാകെ ബിജെപിയിൽ പോകുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. കോൺഗ്രസ് ഭരണത്തിലിരുന്ന സംസ്ഥാനങ്ങൾ മുഴുവൻ ബിജെപിയിലേക്ക് പോയി. അവിടെ ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ ബിജെപിയെ അധികാരത്തിലേറ്റുകയായിരുന്നില്ല. മറിച്ച് കോൺഗ്രസ് കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുകയായിരുന്നു.
ഇങ്ങനെയൊരു നാണംകെട്ട പാർട്ടിയെ കാണാൻ പറ്റുമോ? കോൺഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് കേരളത്തിലുമുണ്ട്. എസ്ഡിപിഐ-മുസ്ലിം ലീഗ് കൂട്ടുകെട്ട് നിലവിൽ വന്നുകഴിഞ്ഞു. ആർഎസ്എസിനെയും എസ്ഡിപിഐയും ഒന്നിച്ചു നിർത്തി നാല് വോട്ടുപിടിച്ച് ഒരു സീറ്റെങ്കിലും നിലനിർത്താൻ സാധിക്കുമോയെന്നാണ് കോൺഗ്രസ് നോക്കുന്നത്. ഇതിനെതിരേ പാർട്ടി പ്രവർത്തകർ ജാഗ്രത പാലിക്കണം.
രാജ്യത്തിന്റെ മതനിരപേക്ഷതയും ഭരണഘടനയും പാർലമെന്ററി ജനാധിപത്യവും തകർക്കാൻ ബിജെപി ശ്രമിക്കുകയാണ്. അക്കാര്യത്തിൽ കോൺഗ്രസും വ്യത്യസ്തമല്ല. മതനിരപേക്ഷത കാക്കുന്നതിനെങ്കിലുംകോൺഗ്രസ് തയാറാവണം. കോൺഗ്രസ് ദേശീയ വക്താവ് പറയുന്നു രാമക്ഷേത്രം നിർമിക്കുമെന്ന്.
ദിഗ്വിജയസിംഗ് എന്ന കോൺഗ്രസ് നേതാവ് പറയുന്നു ഗോവധം നിരോധിച്ചത് കോൺഗ്രസാണെന്ന്. ഇതാണ് കോൺഗ്രസ്. ബിജെപി.യെ അധികാരത്തിൽ നിന്നും പുറത്താക്കി ബദൽ നയങ്ങളുള്ള മതേതര സർക്കാരിനെ അധികാരത്തിലേറ്റുകയെന്നതാണ് ലക്ഷ്യം. ഇതിനായി എൽഡിഎഫിന്റെ അംഗബലം വർധിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷതവഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, എംഎൽഎമാരായ എ.എൻ. ഷംസീർ, ജയിംസ് മാത്യു, ടി.വി. രാജേഷ്, മേയർ ഇ.പി. ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, പി. ശശി എന്നിവർ പ്രസംഗിച്ചു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും ആരംഭിച്ച പ്രകടനത്തിന് കെ.പി. സഹദേവൻ, കെ.പി. സുധാകരൻ, എം. സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.