പേരൂർക്കട: സർക്കാർ ഭൂമി നൽകിയെങ്കിലും പൂർത്തിയാക്കാൻ സാധിക്കാത്ത വീടിനുള്ളിൽ യാതൊരു സുരക്ഷയും ഇല്ലാതെ ജീവിച്ചുവന്ന അമ്മയ്ക്കും മകൾക്കും ഇനി സന്തോഷിക്കാം.
കാഞ്ഞിരംപാറ പി.കെ.പി നഗർ കോളനിയിൽ താമസിക്കുന്ന ചന്ദ്രിക (55) യ്ക്കും മകൾ ബിന്ദുവിനും ഇനി അടച്ചുറപ്പുള്ള വീട്ടിൽ കഴിയാം.
തിരുവനന്തപുരം ആസ്ഥാനമായുള്ള നന്മ ഫൗണ്ടേഷൻ ആണ് തകർച്ചയിലായ പഴയ വീടിന്റെ സ്ഥാനത്ത് പുതിയ വീട് വച്ചുനൽകിയത്.
ചന്ദ്രികയുടെ ഭർത്താവ് വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടു. ജീവിക്കാൻ മറ്റു മാർഗങ്ങൾ ഇല്ലാതായതോടെ ആക്രി പെറുക്കി വിറ്റാണ് കുടുംബം കഴിഞ്ഞു വന്നത്.
കയറിക്കിടക്കാൻ സുരക്ഷിതമായ ഒരു വീട് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോൾ അമ്മയും മകളും.
വീടിന്റെ താക്കോൽദാനം നന്മ ഫൗണ്ടേഷൻ ഭാരവാഹി ഫാ. സോണിയാണ് ചന്ദ്രികയ്ക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചത്.
ചടങ്ങിൽ നന്മ പ്രവർത്തകരായ, പടയണി ഷാജി, രാകേഷ്, ഷാജി ഫർണാണ്ടസ്, അഡ്വ. റെക്സ് ജേക്കബ്, പി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.