മുക്കം: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ തറിമറ്റം ഇരുമ്പൻചീടാം കുന്നത്ത് ആനന്ദനും കുടുംബത്തിനും സഹായ ഹസ്തവുമായി നിരവധി പേരാണ് എത്തുന്നത്.
ഈ കുടുംബത്തിന്റെ ദുരിത കഥ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നിരവധി പേരും സംഘടനകളും സഹായവുമായി എത്തിയത്.
ഈ കുടുംബം അനുഭവിച്ചിരുന്ന ഒരു വലിയ ഒരു പ്രയാസമായിരുന്നു ആനന്ദിന്റെയും ഭാര്യ ലക്ഷ്മിയുടേയും ചികിത്സ. ആനന്ദിന്റെ ഇടത് കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെടുകയും വലത് കണ്ണിന്റെ കാഴ്ച മങ്ങി വരികയും ചെയ്യുന്ന അവസ്ഥയിലായിരുന്നു.
ലക്ഷ്മിയാണങ്കിൽ വർഷങ്ങളായി ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും ചികിത്സ ചെയ്തു വരികയാണ്. ഈ രണ്ട് പ്രശ്നങ്ങൾക്കുമാണിപ്പോൾ പരിഹാര മായിരിക്കുന്നത്.
ആനന്ദിന്റെ കണ്ണിന്റെ ഓപ്പറേഷനും ലക്ഷ്മിയുടെ ഒരു വർഷത്തെ ചികിത്സയും മണാശ്ശേരിയിലെ കെഎംസിടി ആശുപത്രി ഏറ്റെടുത്തതായി അധികൃതർ പറഞ്ഞു.
ആനന്ദിന്റെ വീട് ആശുപത്രി അധികൃതർ സന്ദർശിക്കുകയും ചെയ്തു. തിരുവമ്പാടി ഗ്രാമ പഞ്ചായത്തധികൃതരും സ്ഥലത്ത് സന്ദർശനം നടത്തി.
പഞ്ചായത്തിൽ നിന്ന് ലഭ്യമാക്കാവുന്ന എല്ലാ സഹായങ്ങളും ഈ കുടുംബത്തിന് എത്തിച്ചു നൽകുമെന്ന് വാർഡ് മെമ്പർ അറിയിച്ചു.
ചോർന്നൊലിക്കുന്ന കൂരക്ക് താത്കാലികാശ്വാസമായി ടീംസ് ഓഫ് നെല്ലാനിച്ചാൽ ചാരിറ്റബിൾ ട്രസ്റ്റ് വീടിന്റെ പ്ലാസ്റ്റിക് ഷീറ്റുകളും മാറ്റി സ്ഥാപിച്ചു.
നിരവധി വ്യക്തികളും സംഘടനകളും സാമ്പത്തിക സഹായവുമായി ഇവരുടെ വീട്ടിൽ എത്തുന്നുണ്ടന്നതും ആശ്വാസകരമാണ്..
സുമനസുകളുടെ സഹായത്താൽ തങ്ങളുടെ വീടുപണി പൂർത്തിയാക്കാനാവുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഈ കുടുംബം .