വി.എസ്. ഉമേഷ്
കൊച്ചി: നഞ്ചിയമ്മയ്ക്ക് മികച്ച സിനിമാ പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നല്‍കിയതിനെ ചൊല്ലിയുള്ള സമൂഹമാധ്യമ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി സംഗീത സംവിധായകരടക്കം രംഗത്ത്.
സംഗീതസംവിധായകന് ബിജിബാല്‍, അല്‍ഫോന്‍സ് ജോസഫ്, ഗായിക സിതാര കൃഷ്ണകുമാര്‍, സംഗീതസംവിധായകന് ജേക്സ് ബിജോയ്, ഗായകന് ഹരീഷ് ശിവരാമകൃഷ്ണന്, ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്, സംഗീത സംവിധായകന് ശ്യാംധര്‍മന്‍, ഗായിക രശ്മി, സംഗീതസംവിധായകന് പി.കെ. സുനില്‍കുമാര്‍ തുടങ്ങി സംഗീതരംഗത്തെ പ്രമുഖരുടെ നിരതന്നെ രംഗത്തെത്തി.
നഞ്ചിയമ്മ ഹൃദയം കൊണ്ടു പാടിയത് നൂറുവര്ഷമെടുത്ത് പഠിച്ചാലും പാടാന്‍ സാധിക്കില്ലെന്നാണ് സംഗീത സംവിധായകന് അല്‍ഫോന്‍സ് ജോസഫ് കുറിച്ചത്.
വര്‍ഷങ്ങളുടെ പരിശീലനമോ പഠനകാര്യങ്ങളോ അല്ല, നിങ്ങളുടെ ആത്മാവില്‍ നിന്നും ഹൃദയത്തില്‍ നിന്നും മനസില്‍ നിന്നും നിങ്ങള്‍ എന്താണ് നല്‍കിയത് എന്നതാണ് പ്രധാനമെന്നും അദ്ദേഹം കുറിച്ചു. പാട്ട് തൊണ്ടയില്‍ നിന്നോ തലച്ചോറില്‍ നിന്നോ അല്ല വരേണ്ടത്, നെഞ്ചില്‍ തട്ടി തെറിച്ചുവരേണ്ടതാണെന്നായിരുന്നു ഗായിക സിതാരയുടെ പ്രതികരണം.
എങ്കില്‍ ആ പാട്ട് നഞ്ചിയമ്മയുടെ പാട്ടുപോലെ ചങ്കില് തന്നെ വന്നുകൊള്ളുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. സംഗീതത്തിലെ ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കില്‍ ഈ പുഞ്ചിരിയുടെ വഴി പിടിയ്ക്കെന്നായിരുന്നു നഞ്ചിയമ്മയുടെ പുഞ്ചിരിക്കുന്ന രേഖാചിത്രവും പങ്കുവച്ച് സംഗീതസംവിധായകന് ബിജിബാലിന്റെ മറുപടി.
സംഗീതത്തിന് എന്ത് ചാതുര്വര്ണ്യമെന്നായിരുന്നു ഗായകന് ഹരീഷ് ശിവരാമകൃഷ്ണന്റെ ചോദ്യം. ശാസ്ത്രീയ സംഗീതാഭ്യസനം കൊണ്ടുമാത്രം എല്ലാ സംഗീതശാഖകളും നിശേഷം വഴങ്ങുമെന്നത് വലിയ തെറ്റിദ്ധാരണയാണ്.
വളരെ ലളിതമായ പലതും പാടാന്‍ വളരെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം ഫേസ്ബുക് പേജില്‍ കുറിച്ചു. ഉയിരും തുയിരും ചേര്‍ത്തുകെട്ടിയ തെളിവെള്ളിച്ചോല പോലെയുള്ള പാട്ടെന്നായിരുന്നു ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്റെ കമന്റ്.
നന്മയ്ക്കു കിട്ടിയ അംഗീകാരം, ഏറെ സന്തോഷം എന്നായിരുന്നു സംഗീത സംവിധായകന് ശരത്തിന്റെ പ്രതികരണം. നഞ്ചിയമ്മയുടെ പുരസ്കാര ലബ്ധിയില്‍ അഭിനന്ദനങ്ങളുമായി ഗായകരായ സുജാതയും സുദീപ്കുമാറും മഞ്ജുമേനോനും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയും ഒക്കെ രംഗത്തെത്തിയിരുന്നു.
നഞ്ചിയമ്മയ്ക്ക് മികച്ച ഗായിക പുരസ്കാരം നല്‍കിയതിനെ വിമര്‍ശിച്ചു കൊണ്ട് സംഗീതസംവിധാന രംഗത്തും ചാനലുകളിലെ റിയാലിറ്റിഷോകളിലെ പിന്നണിരംഗത്തുമുള്ള കമ്പോസര്‍ പ്ലേയര്‍ ലിനുലാല്‍ വീഡിയോ ചെയ്തിട്ടതോടെയാണ് വിഷയത്തില്‍ സജീവ ചര്‍ച്ചയുയര്‍ന്നത്.
ചെറുപ്പം മുതല്‍ സംഗീതത്തെ ജീവിതമായി കാണുന്ന നിരവധി പേരുണ്ടെന്നും അവരിലൊരാള്ക്കായിരുന്നു പുരസ്കാരം നല്‍കേണ്ടിയിരുന്നതെന്നും നഞ്ചിയമ്മയ്ക്ക് പ്രത്യേക പരാമര്‍ശമായിരുന്നു ഉചിതമെന്നുമായിരുന്നു ലിനുലാലിന്റെ വിമര്‍ശനം.
ഒരു മാസം കൊടുത്താലും സാധാരണ ഒരു ഗാനം പഠിച്ചുപാടാന്‍ അവര്‍ക്ക് കഴിയുമെന്നു തോന്നുന്നില്ലെന്നും ലിനു പറഞ്ഞുവച്ചു.