ഡാളസ്: സൗത്ത് ഡാളസിൽ വീടിനുള്ളിൽ ഉറങ്ങികിടന്നിരുന്ന വിദ്യാർഥിനി ഡ്രൈവ് ബൈ ഷൂട്ടിംഗിൽ മരിച്ചു. ക്രിസ്റ്റൽ റോഡ്രിഗസ് എന്ന പത്തൊന്പതുകാരിയാണ് മരിച്ചത്.
ജനുവരി 11നു രാവിലെ ആയിരുന്നു സംഭവം. സംസ്ഥാന പാത 30 ൽ ഡോൾഫിൽ റോഡിലുള്ള വസതിയിലായിരുന്നു സംഭവം.
റോഡിൽനിന്നും പാഞ്ഞുവന്ന ബുള്ളറ്റ് അടുക്കള ജനൽ തുളച്ചു വീടിന്റെ പിന്നിലത്തെ മുറിയിൽ മറ്റുള്ളവർക്കൊപ്പം കിടന്നു ഉറങ്ങുകയായിരുന്ന വിദ്യാർഥിനിയുടെ ശരീരത്തിൽ തറയ്ക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിദ്യാർഥിനിയെ ലക്ഷ്യം വച്ചാണോ വെടിവച്ചതെന്ന് വിശ്വസിക്കാൻ കാരണം കാണുന്നില്ലെന്നാണ് ഡാളസ് പോലീസ് പറയുന്നത്.
മാതാവും അങ്കിളും രണ്ടു സഹോദരന്മാരുമാണ് വെടിയേറ്റ വിദ്യാർഥിനിക്കൊപ്പം ഈ വീട്ടിൽ കഴിഞ്ഞിരുന്നത്.
കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ ആരുംതന്നെ ഈ വീട്ടിലുണ്ടായിരുന്നില്ലെന്നും പോലീസ് ചീഫ് എഡി ഗാർഡിയ പറഞ്ഞു.
ഫ്ലൈറ്റ് അറ്റൻഡ് ആകുന്നതിനുള്ള തയാറെടുപ്പിലായിരുന്നു ക്രിസ്റ്റൽ റോഡ്രിഗസ്. എന്റെ മകളുടെ ജീവൻ എന്തിനാണ് അക്രമികൾ എടുത്തതെന്നു മനസിലാകുന്നില്ല – ക്രിസ്റ്റലിന്റെ മാതാവ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് പോലീസ് 5000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു. വിവരം ലഭിക്കുന്നവർ 214 373 8477 ബന്ധപ്പെടുക.
പി.പി. ചെറിയാൻ