യു.എസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ് വാന്‍ സന്ദര്‍ശനം ചൈനീസ് ഭരണകൂടത്തെ ആകെ അസ്വസ്ഥമാക്കിയിരിക്കുകയാണ്.
ഇതുകൂടാതെ തായ്വാന് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് ‘ലോകത്തിലെ ഏറ്റവും സ്വതന്ത്ര സമൂഹങ്ങളിലൊന്ന്’ എന്നു തായ്വാനെ വിശേഷിപ്പിച്ച പെലോസിയുടെ പ്രസ്താവന എരിതീയില്‍ എണ്ണ പോലെയായി.
തായ്വാന് പ്രസിഡന്റ് സൈ ഇങ് വെന്നുമായും മനുഷ്യാവകാശ പ്രവര്‍ത്തകരുമായും നാന്‍സി പെലോസി കൂടിക്കാഴ്ച നടത്തി.
തായ്വാന് കടലിലെ തല്‍സ്ഥിതി തുടരുന്നതിനെയാണ് യു.എസ് പിന്തുണക്കുന്നതെന്ന് അഭിപ്രായപ്പെട്ട പെലോസി, താനും യു.എസ് ജനപ്രതിനിധി സഭാംഗങ്ങളും തായ്വാന് സന്ദര്‍ശിക്കുന്നത് അമേരിക്ക നിങ്ങള്‍ക്കൊപ്പമുണ്ട് എന്ന സന്ദേശം കൈമാറാനാണെന്നും വ്യക്തമാക്കി.
തായ്വാന് കടലിടുക്കില്‍ തല്‍സ്ഥിതി തുടരുന്നതിനെയാണ് ഞങ്ങള്‍ പിന്തുണക്കുന്നത്. ബലപ്രയോഗത്തിലൂടെ തായ്വാന് എന്തെങ്കിലും സംഭവിക്കുന്നത് കാണാന്‍ ഞങ്ങളാഗ്രഹിക്കുന്നില്ല.
തായ്വാന് സ്വാതന്ത്ര്യവും സുരക്ഷയും വേണമെന്നാണ് യു.എസ് ആഗ്രഹിക്കുന്നത്. അതില്‍ നിന്നും പിന്നോട്ടില്ലെന്നും പെലോസി പറഞ്ഞു.
തായ് വാനൊപ്പം എപ്പോഴും ഉണ്ടാകുമെന്ന് 43 വര്‍ഷം മുമ്പ് തന്നെ യു.എസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. തായ് വാന്‍ അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്ന സ്വതന്ത്ര ജനാധിപത്യ രാജ്യമാണ്.
തായ് വാന്റെ നിശ്ചയദാര്‍ഢ്യവും ധൈര്യവും നിലവിലെ പ്രതിസന്ധികളെ നേരിടാനും സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കും പെലോസി പറഞ്ഞു.
അതിനിടെ, നാന്‍സി പെലോസിയുടെ തായ്വാന് സന്ദര്‍ശനം ചൈനയെ പ്രകോപിപ്പിച്ച പശ്ചാത്തലത്തില്‍ ബെയ്ജിംഗിലെ യു.എസ് സ്ഥാനപതിയെ വിളിച്ചുവരുത്തി ചൈനീസ് ഭരണകൂടം പ്രതിഷേധമറിയിച്ചു.
ചെയ്യുന്ന അബദ്ധങ്ങള്‍ക്ക് വലിയ വിലനല്‍കേണ്ടിവരുമെന്നും, തായ്വാന് വിഷയത്തെ തങ്ങള്‍ക്കെതിരായ ആയുധമാക്കി മാറ്റാനുള്ള ഏതൊരു ശ്രമവും അവസാനിപ്പിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
നാന്‍സി പെലോസി തായ്വാന് പാര്‍ലമെന്റില്‍ സംസാരിച്ചതിന് പിന്നാലെയാണ് യു.എസ് സ്ഥാനപതിയെ വിളിച്ചുവരുത്തിയത്.
നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ ചൈന പ്രകോപനപരമായി സൈനികാഭ്യാസം നടത്തുന്നതിനെ തായ്വാന് വിമര്‍ശിച്ചു.
ചൈനയുടെ നടപടി അനാവശ്യമാണെന്ന് പ്രസിഡന്റ് സൈ ഇങ് വെന്‍ ചൂണ്ടിക്കാട്ടി. നാന്‍സി പെലോസിയുടേത് സൗഹൃദ സന്ദര്‍ശനമാണെന്നും നിരവധി പ്രതിനിധികളെ മുമ്പും തായ്വാന് സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ രാജ്യത്ത് സന്ദര്‍ശനം നടത്തിയ യു.എസ് പ്രതിനിധി സഭാംഗങ്ങളോട് സൈ ഇങ് വെന്‍ നന്ദി പറഞ്ഞു.
അമേരിക്ക ഒരു പ്രതിസന്ധി ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും, ബെയ്ജിങ് എന്ത് തീരുമാനമെടുത്താലും അതിനെ നേരിടാന്‍ അമേരിക്ക തയ്യാറാണെന്നും വൈറ്റ്ഹൗസ് വക്താവ് ജോണ്‍ കിര്‍ബി മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.
തായ് വാന്‍ സ്വാതന്ത്ര്യത്തെ അമേരിക്ക പിന്തുണക്കുന്നു എന്ന കാര്യം ഇതിനു മുന്‍പും വ്യക്തമാക്കിയിട്ടുള്ളതാണെന്നും കിര്‍ബി ചൂണ്ടിക്കാട്ടി.
ഇന്നലെ പ്രാദേശിക സമയം രാത്രി 10.45 നായിരുന്നു പെലോസിയുടെ വിമാനം തായ്പേയ് വിമാനത്താവളത്തില്‍ ഇറങ്ങിയത്.
കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ഈ ദ്വീപ് രാജ്യം സന്ദര്‍ശിക്കുന്ന ഏറ്റവും ഉന്നതമായ സ്ഥാനത്തുള്ള അമേരിക്കന്‍ അധികാരിയായി മാറിയിരിക്കുകയാണ് ഈ സന്ദര്‍ശനത്തിലൂടെ പെലോസി.
കടുത്ത സുരക്ഷാ സംവിധാനമാണ് അവര്‍ക്കായി ഒരുക്കിയിരിക്കുന്നത്. അവര്‍ താമസിക്കുന്ന ഹോട്ടലിലും കടുത്ത സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
പെലോസി തായ് വാനില്‍ വന്നിറങ്ങിയതോടെ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചും ദക്ഷിണ ചൈനാക്കടലില്‍ യുദ്ധക്കപ്പലുകള്‍ ഇറക്കിയും ചൈന സൈനികാഭ്യാസങ്ങള്‍ നടത്തിവരികയാണ്.
അമേരിക്കയുടെ സന്ദര്‍ശനത്തിന് വലിയ വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ഓഗസ്റ്റ് നാലു മുതല്‍ ഏഴു വരെ കൂടുതല്‍ സൈനിക പ്രകടനങ്ങള്‍ ഈ മേഖലയില്‍ നടത്താനും ചൈന തീരുമാനിച്ചിട്ടുണ്ട്.
അതോടൊപ്പം 21 സൈനിക വിമാനങ്ങളേയാണ് തായ്വാന്റെ ആകാശത്തേക്ക് ചൈന ഇന്നലെ രാത്രി അയച്ചത്.
അതില്‍ മാരക ശക്തിയുള്ള ജെ 20 ഫൈറ്റര്‍ ജെറ്റുകളും ഉള്‍പ്പെടുന്നു. അതോടൊപ്പം ചൈനയുടെ രണ്ട് യുദ്ധക്കപ്പലുകലും തായ് വാനെ വട്ടമിട്ട് കറങ്ങുന്നതായി ചൈനീസ് അധികൃതര്‍ സ്ഥിരീകരിച്ചു.
1995ന് ശേഷം ഇതാദ്യമായിട്ടായിരുന്നു ഒരു സൈനിക പരിശീലനത്തിന്റെ മറവില്‍ തായ്വാന് കടലിടുക്കിലേക്ക് ചൈന ഒരു മിസൈല്‍ തൊടുത്തു വിട്ടത്.
അതോടൊപ്പം കരസേനയും ഒരു യുദ്ധത്തിനു തയ്യാറെടുക്കുന്നതായി ചില പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ട് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തായ്വാനോട് ഏറ്റവും അടുത്തുള്ള ചൈനീസ് വന്‍കരയിലെ പ്രദേശമായ ഫ്യുജിയാന് തീരത്താണ് കരസേന തമ്പടിച്ചിരിക്കുന്നത്. ഇത് പ്രദേശത്ത് യുദ്ധഭീതി പരത്തുന്നുണ്ട്.