ഇത്രയധികം ദിവസം അടുപ്പിച്ചു വീട്ടിലിരിക്കുന്നത് പ്രാഥമികമായി ബോറടിയാണ്. എന്നാൽ അതില്ലാതാക്കാൻ രണ്ടുംകല്പിച്ച് ഒരുങ്ങിയിരിക്കുകയാണ് നടനും എഴുത്തുകാരനും ഫലിത പ്രഭാഷകനുമായ നന്ദകിഷോർ.
എനിക്കിത് ഉർവശീശാപം ഉപകാരം എന്നപോലെയായി. വീണുകിട്ടിയ സമയം ഫലപ്രദമായി ഉപയോഗിക്കാൻ കൃത്യമായ ഒരു ടൈംടേബിൾ ഉണ്ടാക്കി. അത് തെറ്റിച്ചാൽ ആരും ചോദിക്കാൻ വരികയൊന്നുമില്ലെങ്കിലും അത് അക്ഷരംപ്രതി പാലിക്കുകയാണെന്ന് നന്ദകിഷോർ പറയുന്നു.
പുലർച്ചെ അഞ്ചരമണിക്ക് എണീറ്റാൽ പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞ് ഒരു സിംഗിൾ ചായ കുടിച്ച് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തന്പുരാന്റെ മഹാഭാരത വിവർത്തനം വായനയ്ക്കെടുക്കും.
ഒന്നരമണിക്കൂർ വായനയാണ്. പിന്നെ ബ്രേക്ക്ഫാസ്റ്റും റെസ്റ്റും. ഒന്പതു മണിക്ക് പത്രവായന. ഉച്ചഭക്ഷണം കഴിഞ്ഞാൽ ചെറിയൊരു കിടപ്പുണ്ട്, ഉറക്കമില്ല. അതുകഴിഞ്ഞാൽ വാത്മീകീ രാമായണ തർജ്ജമ വായിക്കാനിരിക്കും.
നാലുമണിവരെ അതു തുടരും. ചായയും ചെറിയ കടിയും മുറ്റത്തു നടത്തവും അടക്കമുള്ള ഇന്റർവെലാണ് പിന്നെ. പിന്നെ വൈകുന്നേരം ആറരവരെ ബൈബിളിന്റെ ഇംഗ്ലീഷ് തർജ്ജമ വായനയാണ്.
ഇതിനൊക്കെ ഇടയിൽ നാളികേരം ചിരകൽ, ചെറിയ പാത്രം കഴുകൽ തുടങ്ങിയ വീട്ടുകാര്യങ്ങളിൽ ഭാര്യയെ സഹായിക്കും. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കാണുന്നത് മുടക്കാറില്ല. രാത്രി ഉൗണിനുശേഷം മൊബൈലിൽ പഴയപാട്ട്, നസീറിന്റെയൊക്കെ കാലത്തെ പാട്ടുകേട്ട് പത്തുമണി പത്തരയോടെ ഉറക്കംപിടിക്കും.
സ്റ്റേജിൽനിന്നു വിട്ടുനിൽക്കുന്നതിനാൽ വാചകമടിക്കു സ്കോപ്പില്ല. വീട്ടുകാരോട് അത്യാവശ്യം ഫലിതമുണ്ട്. രണ്ടാമത്തെ മകന് പുറത്തേക്കു പോകാനുള്ള ആശ കൂടുതലാണ്. അതു പോകാതെ നോക്കണം. മൂത്തയാൾക്ക് കാര്യത്തിന്റെ ഗൗരവം അറിയാം. അത്യാവശ്യം പച്ചക്കറിയും പലചരക്കും വാങ്ങാൻ പോകുന്പോൾ ഒന്നുരണ്ടാളെയൊക്കെ കാണും, അവരോടു സംസാരിക്കും.
സ്റ്റേജ് പരിപാടികൾക്കുള്ള പരിശീലനമാണ് ഇപ്പോഴത്തെ വായനയെന്ന് നന്ദകിഷോർ പറയുന്നു. അതുകൊണ്ടുതന്നെയാണ് ഉർവശീശാപം ഉപകാരമായി എന്നു പറയുന്നത്. പതിനഞ്ചാംതീയതി വരെ മിനിമം സമയമുണ്ടല്ലോ.
എന്തായാലും ഓരോ മനുഷ്യനും ഇപ്പോൾ വീട്ടിലിരിക്കുന്നത് സാമൂഹ്യ സേവനവും പുറത്തേക്കിറങ്ങുന്നത് സാമൂഹ്യദ്രോഹവുമാണ്. കാര്യം വീട് ഒരു സ്വർഗം എന്നൊക്കെ പറഞ്ഞാലും എത്ര ദിവസം വീട്ടിലിരിക്കാൻ പറ്റുമെന്നത് ഓർക്കണം.
അതേസമയം വീട്ടുകാരോട് ഇഷ്ടംപോലെ ആശയവിനിമയം നടത്താനുള്ള സമയമാണ് കിട്ടുന്നത്. എല്ലാവരും ഇപ്പോൾ അത്യാവശ്യ കാര്യങ്ങൾ മാത്രം നിർവഹിച്ച് ജീവിക്കാൻ പഠിച്ചുകൊണ്ടിരിക്കുന്നു. ആഡംബരങ്ങൾ എല്ലാം ഒഴിവാകുന്നു. വീട്ടിലിരുന്ന് മനസുകൊണ്ടുള്ള സഞ്ചാരങ്ങളാവാം. കലയും സാഹിത്യവുമൊക്കെ മനസിന്റെ സഞ്ചാരങ്ങളാണ്.
കോവിഡ് വാർത്തകൾ ദിവസം രണ്ടുവട്ടം കേട്ടാൽമതി- രാവിലെയും വൈകിട്ടും. കൂടുതൽ കേട്ട് ചിന്തിച്ചുകൂട്ടി എന്തിനു വെറുതേ പേടിക്കണം. അത് വലിയ പുലിവാലാകും. മനസിനെ പുഷ്ടിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്തു മുന്നോട്ടുപോവുക- നന്ദകിഷോർ പറഞ്ഞു.