വടക്കഞ്ചേരി: സൗഹൃദ ജനകീയ കൂട്ടായ്മയുടെ ഇടപെടലിനെ തുടർന്ന് തകർന്ന വീടിനുള്ളിൽ ഏകനായി കഴിഞ്ഞിരുന്ന നന്ദകുമാറിന് അസീസി സ്നേഹഭവനിൽ അഭയമായതിനൊപ്പം വീട്ടുകാരെയും കണ്ടെത്താനായി. അഞ്ചുമൂർത്തിമംഗലം നാലുസെന്റിൽ കഴിഞ്ഞ എട്ടുവർഷമായി തനിച്ചു കഴിഞ്ഞിരുന്ന നന്ദകുമാറിനാണ് (55) വള്ളിയോട് സൗഹൃദ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ ഇടപെടൽ പുതുജീവനമായത്.
തകർന്ന വീടിനോടു ചേർന്ന് ടാർപോളിൻകൊണ്ടു മൂടിയ കൂരയിലാണ് നന്ദകുമാർ കഴിഞ്ഞിരുന്നത്. മഴയിൽ വീടിന്റെ ശേഷിക്കുന്ന ഒറ്റചുമർ കൂടി ഇടിഞ്ഞുവീണ് നന്ദകുമാറിന് അപകടം സംഭവിക്കാമെന്നു മനസിലാക്കിയ ഇവർ സൗഹൃദയയുടെ സജീവ പ്രവർത്തകൻ കൂടിയായ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഉണ്ണി മുഹമ്മദിനെ വിവരമറിയിച്ചു.
താമസസ്ഥലംവിട്ട് സുരക്ഷിത സ്ഥലത്തേക്കു മാറാൻ നന്ദകുമാർ ആദ്യം വിസമ്മതിച്ചെങ്കിലും എഎസ്ഐ ഉണ്ണിമുഹമ്മദിന്റെ സമീപനത്തിൽ നന്ദകുമാറിന്റെ മനസുമാറി. അങ്ങനെയാണ് ഫാ. മാത്യു പുത്തൻപറന്പിൽ സുപ്പീരിയറായ ടിഒആർ വൈദികസഭയുടെ വള്ളിയോടുള്ള അസീസി സ്നേഹഭവനിൽ നന്ദകുമാറിന് അഭയമൊരുക്കിയത്.
ഒറ്റപ്പെടലിന്റെ ചെറിയ പ്രശ്നങ്ങളൊക്കെ നന്ദകുമാറിനെ ഉണ്ടായിരുന്നെങ്കിലും സ്നേഹഭവനിലെ സാന്ത്വന ലാളനയിൽ താടിയും മുടിയും കളഞ്ഞ് പുകവലി ഉപേക്ഷിച്ച് നന്ദകുമാർ പുതിയ മനുഷ്യനായി മാറി. പഴയ ഒരു റേഷൻ കാർഡിലെ വിലാസം തേടിയുള്ള അന്വേഷണത്തിലാണ് നന്ദകുമാറിന്റെ ബന്ധുക്കൾ കൊച്ചി ഇടപ്പള്ളി ചുറ്റുപ്പാട്ടുകരയിലുള്ളതായി വിവരം ലഭിച്ചത്.
ഫോണ്നന്പർ സംഘടിപ്പിച്ച് നന്ദകുമാറിന്റെ ഇളയ സഹോദരൻ ഉണ്ണിയെന്ന കൃഷ്ണകുമാറിനെ വിവരമറിയിച്ചു. കൃഷ്ണകുമാറും സഹോദരിയുടെ മകൻ ഗിരീഷും മറ്റൊരു ബന്ധുവും കൂടി സ്നേഹഭവനിലെത്തി. ജ്യേഷ്ഠനെ കണ്ടുമുട്ടിയപ്പോൾ കൃഷ്ണകുമാറിന്റെ കണ്ണുകൾ സന്തോഷംകൊണ്ടുനിറഞ്ഞു.
ശങ്കരപ്പിള്ള-നാണിക്കുട്ടിയമ്മ ദന്പതികളുടെ എട്ടുമക്കളിൽ ആറാമത്തെ മകനാണ് നന്ദകുമാർ. ഇരുപതുവർഷംമുന്പ് മുപ്പത്തിയഞ്ചാമത്തെ വയസിൽ നാടുവിട്ടതായിരുന്നു. കുറേക്കാലം പലയിടത്തായി തൊഴിലെടുത്ത് കഴിഞ്ഞു. എന്നാൽ കൂടുതൽ കാര്യങ്ങളൊന്നും നന്ദകുമാറിന് വ്യക്തതയില്ല. വിവാഹം കഴിച്ചില്ലെന്നും പറയുന്നു.
ആലത്തൂർ ഗാന്ധി ജംഗ്ഷനിൽ താമസിച്ചിരുന്നതായി പറയുന്നുണ്ട്. അവിടെനിന്നാണ് അഞ്ചുമൂർത്തിമംഗലത്ത് എത്തുന്നത്. താൻ തനിച്ചാണെന്ന ചിന്തകളെല്ലാം മാറ്റി സൗഹൃദങ്ങളുടെ പുതിയ സ്നേഹവലയം തീർക്കുകയാണ് ഈ എറണാകുളത്തുകാരൻ ഇപ്പോഴിവിടെ.