പാവറട്ടി: ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിൽ സ്ഥാപി ക്കാനുള്ള ദാരുശില്പങ്ങളുടെ നിർമാണം പൂർത്തിയായി.
ബലിക്കൽപ്പുരയുടെ മുകൾ ഭാഗത്ത് അഷ്ടദിക് പാലകരുടെയും നമസ്കാര മണ്ഡപത്തിന്റെ സ്ഥാനത്തിനു മുകളിൽ നവഗ്രഹങ്ങളുടെയും ശില്പങ്ങളാണു സ്ഥാപിക്കുന്നത്.
ദാരുശില്പി എളവള്ളി നന്ദനാണു ശില്പങ്ങൾ നിർമിച്ചത്. പതിനെട്ടു കള്ളികളിലായാണു ശില്പങ്ങൾ സ്ഥാപിക്കുന്നത്. കൂടാതെ ലതകളും പുഷ്പങ്ങളും വള്ളികളും മറ്റലങ്കാരങ്ങളും നിർമിച്ചിട്ടുണ്ട്.
പൂർണമായും തേക്കു മരത്തിലാണു ശില്പങ്ങൾ നിർമിച്ചത്. ഗുരുവായൂരിനടുത്തുള്ള എളവള്ളിയിലെ പണിപ്പുരയിലാണു ശില്പങ്ങൾ നിർമിച്ചത്.
സഹായികളായി നവീൻ, വിനീത്, സതീശൻ, വിനോദ് മാരായമംഗലം, ദേവൻ, അജിത്ത്, ശ്രീക്കുട്ടൻ, ഷോമി എന്നിവരും കൂടെ ചേർന്നു. കൈകണക്കുകൾ തയാറാക്കിയത്.
വിശ്വസികൾ ചേർന്നാണു ശില്പങ്ങൾ വഴിപാടായി സമർപ്പിക്കുന്നത്. മാർച്ച് 29നു രാവിലെഒന്പതിനു ശില്പങ്ങൾ ശബരിമലയിലേയ്ക്കു കൊണ്ടുപോകും. ഏപ്രിൽ 11നു ശബരിമലയിൽ സമർപ്പണം നടത്തും.
ശബരിമല ക്ഷേത്ര ശ്രീകോവിലിന്റെ സ്വർണവാതിലിന്റെ നിർമാണച്ചുമതല നന്ദനാണു നിർവഹിച്ചത്.
ഗുരുവായൂർ ക്ഷേത്രം, മൂകാംബിക ക്ഷേത്രം, ബാംഗ്ലൂർ ജാലഹള്ളി അയ്യപ്പക്ഷേത്രം, കൊൽക്കത്ത ഗുരുവായൂരപ്പൻ ക്ഷേത്രം, തിരൂർ തുഞ്ചൻ സ്മാരക മ്യൂസിയം തുടങ്ങി കേരളത്തിനകത്തും പുറത്തും ധാരാളം ദാരുശില്പങ്ങൾ എളവള്ളി നന്ദൻ ആചാരി നിർമിച്ചിട്ടുണ്ട്.
2012 ൽ ദാരുശില്പ കലകൾക്കു കേന്ദ്ര സർക്കാരിന്റെ സീനിയർ ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
അന്തരിച്ച പ്രശസ്ത ദാരുശില്പി എളവള്ളി നാരായണൻ ആചാരിയുടെ മകനാണു നന്ദൻ.