സ്വന്തം ലേഖകൻ
തൃശൂർ: സ്ലാബ് ഇല്ലാത്ത കാനയിൽ വീണ് കാലൊടിഞ്ഞ സ്കൂൾ വിദ്യാർഥിനി നന്ദനയുടെ കാലിലെ പ്ലാസ്റ്റർവെട്ടിയ അന്നുതന്നെ നന്ദനയെ വീഴ്ത്തിയ ആ കാനയും സ്ലാബിട്ടു മൂടി.
കാലൊടിഞ്ഞതിനെ തുടർന്ന് ശസ്ത്രക്രിയ വേണ്ടിവന്ന നന്ദനയുടെ കാലിലെ പ്ലാസ്റ്റർ ഇന്നലെയാണു വെട്ടിയത്. നന്ദനയും അമ്മ സൗമ്യയും ആശുപത്രിയിൽ പ്ലാസ്റ്റർ വെട്ടാൻ എത്തിയപ്പോഴാണ് അപകടത്തിനു കാരണമായ സ്ലാബ് ഇല്ലാത്ത കാന സ്ലാബ് ഇട്ടു മൂടിയ വിവരം സ്കൂളിൽ നിന്ന് വിളിച്ചറിയിച്ചത്.
പ്ലാസ്റ്റർ വെട്ടിയെങ്കിലും വേദന ഉണ്ടെന്നും നടക്കാൻ ബുദ്ധിമുട്ടുണ്ടെന്നും നന്ദന പറഞ്ഞു. ഇപ്പോൾ ഒല്ലൂരിലെ അമ്മ വീട്ടിലാണ് നന്ദനയും അമ്മ സൗമ്യയും.
പഠനം ഓണ്‍ലൈൻ ക്ലാസുകൾ വഴി മുന്നോട്ടു പോകുന്നു. ഓണ്‍ലൈൻ ട്യൂഷനും ഏർപ്പെടുത്തിയിട്ടുണ്ട്.കാനയിൽ വീണതിന്റെ ആഘാതത്തിൽനിന്ന് നന്ദന ഇപ്പോഴും മുക്തയായിട്ടില്ലെന്ന് അമ്മ സൗമ്യ പറഞ്ഞു.
എങ്കിലും സ്ലാബ് ഇല്ലാത്ത കാനം മൂടിയതിൽ സന്തോഷമുണ്ടെന്നും ഇനി ആർക്കും അപകടം പറ്റാതിരിക്കട്ടെ എന്നും നന്ദനയും അമ്മ സൗമ്യയും വേദനമറക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.
ഹോളി ഫാമിലി സ്കൂൾ പരിസരത്ത് സ്ലാബ് ഇല്ലാത്ത കാന മൂടി
സ്വന്തം ലേഖകൻ
തൃശൂർ: ഹോളി ഫാമിലി സ്കൂൾ പരിസരത്ത് സ്ലാബ് ഇല്ലാതെ അപകടാവസ്ഥയിൽ കിടന്നിരുന്ന കാനയ്ക്കു മുകളിൽ സ്ലാബിട്ടു. മേയറുടെ മുൻകൂർ അനുമതിയോടുകൂടി കൗണ്‍സിലർ റെജി ജോയിയുടെ നേതൃത്വത്തിൽ പ്രവൃത്തികൾ പൂർത്തീകരിച്ചു.
ഇക്കഴിഞ്ഞ ഒൻപതിനായിരുന്നു അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ വന്നിറങ്ങി സ്കൂളിലേക്കു നടക്കുന്നതിനിടെ സ്ലാബില്ലാത്ത കാനയിൽ വീണ് കോലഴി മങ്കുറ്റിപ്പറന്പിൽ സുഭാഷ് – സൗമ്യ ദന്പതികളുടെ മകൾ നന്ദനയ്ക്ക് (15) പരിക്കേറ്റത്.
കാനയിലേക്കു വീണുപോയ നന്ദനയുടെ കാലിന്റെ രണ്ട് എല്ലുകൾ ഒടിഞ്ഞിരുന്നു. തുടർന്ന് നന്ദനയ്ക്ക് അടിയന്തര ശസ്ത്രക്രിയയും നടത്തി. അപകടം നടന്ന അന്നുതന്നെ മേയർ എം.കെ. വർഗീസ് അപകടസ്ഥലം സന്ദർശിച്ച് സ്കൂളുകളുടെ പരിസരത്തെ തുറന്നു കിടക്കുന്ന കാനകൾക്കു മുകളിൽ ഉടൻതന്നെ സ്ലാബ് ഇടുമെന്നു പ്രഖ്യാപിച്ചിരുന്നു.
വിഷയത്തിൽ അടിയന്തര നടപടികൾ കൗണ്‍സിലർ ആവശ്യപ്പെട്ടിരുന്നു. മേയറുടെ മുൻകൂർ അനുമതിയോടുകൂടി കൗണ്‍സിലർ റെജി ജോയിയുടെ നേതൃത്വത്തിൽ പ്രവൃത്തികൾ പൂർത്തീകരിച്ചു.