നന്ദു, നന്ദലാല്‍ കൃഷ്ണമൂര്‍ത്തിയെന്നാണ് മുഴുവന്‍ പേര്. 37 വര്‍ഷം മുമ്പ് സിനിമയിലെത്തിയെങ്കിലും രഞ്ജിത് സംവിധാനം ചെയ്ത സ്പിരിറ്റ് (2012) എന്ന ചിത്രമാണ് നന്ദുവിന്റെ കരിയറില്‍ വഴിത്തിരിവായത്.
ടേബിള്‍ ടെന്നീസ് കോച്ചായ കൃഷ്ണമൂര്‍ത്തിയുടെയും സംഗീതജ്ഞയായ സുകുമാരിയുടെയും മകനായി തിരുവനന്തപുരത്തു ജനനം. ജനിച്ച് അറുപതാം നാള് അമ്മ മരിച്ചു. പിന്നീട് അച്ഛനൊപ്പം അമ്മാവന്റെയും അമ്മായിയുടെയും തണലിലാണ് ജീവിതത്തിലേക്കു പിച്ചവച്ചത്.
മോഹന്‍ലാലിനെ നായകനാക്കി വേണു നാഗവള്ളി സംവിധാനം ചെയ്ത സര്‍വകലാശാല (1986) എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. 37 വര്‍ഷങ്ങള്‍ക്കിപ്പുറം മോഹന്‍ലാല്‍ നായകനായ ‘നേരി’ല്‍ എത്തിനില്‍ക്കുന്നു നന്ദുവിന്റെ സിനിമാ ജീവിതം.
ഇതിനകം ഇരുനൂറിലേറെ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. ഇതിനിടെ സത്യം ശിവം സുന്ദരം, ദേവീമാഹാത്മ്യം, ശ്രീമഹാഭാഗവതം, സ്വാമി അയ്യപ്പന്, ചന്ദ്രോദയം എന്നീ മെഗാ ടെലിവിഷന്‍ സീരിയലുകളിലും സുപ്രധാന വേഷം ചെയ്തു. നന്ദു രാഷ്ട്രദീപികയോട്…
നേരിലെത്തുമ്പോള്
മോഹന്‍ലാല്‍ നായകനായ സര്‍വകലാശാല എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് സിനിമയില്‍ എത്തിയത്. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചതും മോഹന്‍ലാല്‍ ചിത്രത്തില്‍തന്നെ. നേരില്‍ വളരെ ചെറിയൊരു വേഷത്തിലാണ് എത്തുന്നത്. കൈക്കൂലി മേടിച്ചു കാലുമാറുന്ന ഒരു പബ്ലിക് പ്രോസിക്യൂട്ടറുടെ കഥാപാത്രം.
ആദ്യ സിനിമാനുഭവം
സര്‍വകലാശാല എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ അതിലെ നായകന് മോഹന്‍ലാലുമായി മുന്‍പരിചയം ഒന്നുമില്ലായിരുന്നു. ആ സിനിമയുടെ സെറ്റില്‍ വച്ചാണ് ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അന്ന് അദ്ദേഹത്തിന്റെ റേഞ്ചും സൗഹൃദവലയവും വേറെ, നമ്മുടേത് മറ്റൊന്ന്.
ഒരുമിച്ചുള്ള ഇരിപ്പോ സംസാരമോ ഒന്നും അന്നുണ്ടായിരുന്നില്ല. ഷോട്ടിനിടെ കാണുമ്പോള്‍ ചിരിക്കും സംസാരിക്കും എന്നല്ലാതെ അതില്‍ കവിഞ്ഞ ബന്ധമൊന്നും അന്നില്ലായിരുന്നു. പിന്നീട് അയിത്തം, കിഴക്കുണരും പക്ഷി, ലാല്‍സലാം, ബട്ടര്‍ഫ്ലൈസ്, ഏയ് ഓട്ടോ, കിലുക്കം, അഭിമന്യു തുടങ്ങി കുറെയേറെ സിനിമകള്‍ അദ്ദേഹത്തിനൊപ്പം അക്കാലത്തുതന്നെ ചെയ്തതോടെ അടുപ്പമായി.
ജീത്തു ജോസഫിനൊപ്പം
ജീത്തു ജോസഫിനൊപ്പമുള്ള മൂന്നാമത്തെ സിനിമയാണ് നേര്. നേരത്തേ ട്വല്‍ത്ത് മാന്‍, കൂമന് എന്നീ സിനിമകള്‍ ജീത്തുവിനൊപ്പം ചെയ്തു. ഇപ്പോള്‍ നേരും.
സ്പിരിറ്റിലെ കഥാപാത്രം
ഇതുവരെ ചെയ്തതില്‍ ഇഷ്ടപ്പെട്ട കഥാപാത്രം ഏതാണെന്നു പറയുകയെന്നതു ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ സ്പിരിറ്റ്, വിശുദ്ധന് എന്നീ സിനിമകളിലെ കഥാപാത്രങ്ങള്‍ ഏറെ പ്രിയപ്പെട്ടതാണ്. ചെയ്ത കഥാപാത്രങ്ങളെല്ലാം ഇഷ്ടപ്പെട്ടു തന്നെയാണ് ചെയ്തത്. എനിക്കൊരു ലൈഫ് ഉണ്ടാക്കിത്തന്നതു സ്പിരിറ്റിലെ കഥാപാത്രമാണ്. അതുകൊണ്ടുതന്നെ ആ സിനിമയിലെ മണിയൻ എന്ന കഥാപാത്രം എന്നും എനിക്കു സ്പെഷലാണ്.
പുതിയ സിനിമ
ആന്റണി പെപ്പെ നായകനാകുന്ന കൊണ്ടല്‍ എന്ന സിനിമയിലാണ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അജിത് മാമ്പള്ളിയാണ് സംവിധായകന്. ഒരു ഫിഷിംഗ് ബോട്ടില്‍ നടക്കുന്ന സംഭവമാണ് ഈ സിനിമ. ബോട്ടിലാണ് പ്രധാന സംഭവങ്ങള്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിക്കുന്നതു ബോട്ടിനുള്ളിലാണ്. ഈ ബോട്ടിലെ സ്രാങ്കിന്റെ വേഷമാണ് ഞാന്‍ ചെയ്യുന്നത്.
കുടുംബം
ഭാര്യ കവിത സ്കൂൾ അധ്യാപികയാണ്. മകള്‍ നന്ദിത ഡിഗ്രി പഠനത്തിനുശേഷം നൃത്തത്തില്‍ കൂടുതല്‍ ശ്രദ്ധ നല്കുന്നു. മകന് കൃഷാന്‍ ആറാം ക്ലാസില്‍ പഠിക്കുന്നു.