തിരുവനന്തപുരം ഭരതന്നൂര് സ്വദേശിയായ നന്ദു അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായിരുന്നു.
കാൻസർ ബാധിതരായ നിരവധി പേർക്ക് പ്രചോദനമായിരുന്നു നന്ദുവിന്റെ ജീവിതം. രോഗത്തിന്റെ ഓരോ ഘട്ടത്തിലും പ്രത്യാശ കൈവിടാതെ സോഷ്യൽ മീഡിയയിൽ വിവരങ്ങൾ പങ്കുവച്ചിരുന്നു. അതിജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു.
രോഗത്തെ പ്രണയിനിയെപ്പോലെ കണ്ട നന്ദു
കാൻസറിനെ ഒരു പ്രണയിനിയെപ്പോലെ കണ്ട് നന്ദു ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പുകൾ വൈറലായിരുന്നു.
‘നമ്മൾ ആരെയെങ്കിലും പ്രണയിക്കുന്നുവെങ്കിൽ കാൻസറിനെപ്പോലെ പ്രണയിക്കണം.എങ്ങനെയാണ് എന്നല്ലേ..
ശക്തമായ കഠിനമായ കീമോ ചെയ്ത് അവളെ മടക്കി അയക്കാൻ നോക്കി, അവൾ മുറുകെ പിടിച്ച ഭാഗം മുഴുവൻ വെട്ടി എറിഞ്ഞു നോക്കി,
വീണ്ടും പഴയതിനെക്കാൾ ശക്തമായ കീമോ ചെയ്തു നോക്കി, ആ കീമോയുടെ ശക്തിയിൽ ശരീരം മുഴുവൻ പിടഞ്ഞു. പല ഭാഗങ്ങളും തൊലി അടർന്നു തെറിച്ചു പോയി.
ചുരുക്കി പറഞ്ഞാൽ ദ്രോഹിക്കാൻ പറ്റുന്നതിന്റെ പരമാവധി ദ്രോഹിച്ചു നോക്കി. എന്നിട്ടും അവൾ പോയില്ല. ലോകത്തിലെ ഒരു പ്രണയജോഡിയും ഇങ്ങനെ ഇണയെ സ്നേഹിക്കില്ല…’ രണ്ടു വർഷം മുന്പ് നന്ദു ഫേസ്ബുക്കിൽ കുറിച്ചു.
നോവിലും തളരാതെ…
അവസാന നാളുകളിൽ നന്ദുവിന്റെ ശ്വാസകോശത്തിലും കാൻസർ പിടിമുറുക്കിയിരുന്നു. 2018 ഏപ്രിൽ ഒന്നിനാണ് തനിക്ക് കാൻസറാണെന്ന് നന്ദു തിരിച്ചറിയുന്നത്.
തനിക്ക് കാൻസറാണെന്നും ഒരു ജലദോഷം പോലെ അതിനെ നേരിടുമെന്നും നന്ദു ഫേസ്ബുക്കിൽ കുറിച്ചു.
ഇടതു കാലിൽ ഓസ്റ്റിയോസർകോമ ഹൈ ഗ്രേഡ് എന്ന ബോൺ കാൻസർ ആയിരുന്നു. പിന്നീട് ഇടതുകാൽ മുറിച്ചു മാറ്റേണ്ടി വന്നപ്പോഴും നന്ദു തളർന്നില്ല.
രോഗാവസ്ഥയിലും നന്ദു പാടിയ പാട്ടുകൾ യുട്യൂബിൽ വൈറലായിരുന്നു. അമ്മ ലേഖയും അച്ഛൻ ഹരിയും സഹോദരങ്ങളായ അനന്തുവും സായ് കൃഷ്ണയും നന്ദുവിന് താങ്ങായി കൂടെയുണ്ടായിരുന്നു.