ബംഗളൂരു: സംസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ നന്തി ഹിൽസിന്റെ ചരിത്രവും സംസ്കാരവും വിളിച്ചോതുന്ന നന്തി ഹബ്ബ സെപ്റ്റംബർ ഒന്നു മുതൽ മൂന്നു വരെ തീയതികളിൽ നടക്കും. ടൂറിസം മന്ത്രി പ്രിയങ്ക് ഖാർഗെയാണ് ഇക്കാര്യം അറിയിച്ചത്. യുണൈറ്റഡ് വേ ഓഫ് ബംഗളൂരു, ഡിസ്കവറി വില്ലേജ്, നന്തി വോക്സ് എന്നിവരുടെ സഹകരണത്തോടെയാണ് വിനോദസഞ്ചാര വകുപ്പ് പരിപാടി നടത്തുന്നത്. ഇതിനാവശ്യമായ ഒരു കോടി രൂപ വകുപ്പ് മുടക്കും.
നന്തി മലനിരകളുടെയും താഴ്വരയുടെയും ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാത്ത രീതിയിൽ അവിടുത്തെ വിനോദസഞ്ചാര സാധ്യതകൾ വിപുലമാക്കുന്നതിനായുള്ള പദ്ധതികൾ രൂപീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പർവതാരോഹണം, മാരത്തണ്‍, സൈക്ലത്തോണ്‍ തുടങ്ങിയ കായികവിനോദങ്ങൾ ഒരുക്കുമെന്നും കേബിൾ കാർ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, നന്തി ഹിൽസിൽ അമ്യൂസ്മെന്റ് പാർക്ക് വരുമെന്ന വാർത്തകൾ അദ്ദേഹം തള്ളിക്കളഞ്ഞു. കേബിൾ കാറിനെതിരേ പ്രതിഷേധം നടത്തുന്നവർ പദ്ധതിയെക്കുറിച്ച് ശരിക്ക് അറിയാത്തവരാണെന്നും മന്ത്രി പറഞ്ഞു.