ബംഗളൂരു: ലാൽബാഗിനു പിന്നാലെ സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ നന്ദി ഹിൽസിലും പ്രവേശനനിരക്കും വാഹനങ്ങളുടെ പാർക്കിംഗ് ഫീയും ഉയർത്തി. ജിഎസ്ടി ആണ് നിരക്ക് വർധനയ്ക്കു കാരണമെന്നാണ് ഹോർട്ടികൾച്ചർ വകുപ്പിന്റെ വിശദീകരണം. പ്രവേശന നിരക്ക് പത്തു രൂപയിൽ നിന്ന് 20 ആയി ഇരട്ടിച്ചു. ഇരുചക്രവാഹനങ്ങളുടെ പാർക്കിംഗ് ഫീ 20 രൂപയിൽ നിന്ന് 30 ആയും കാറുകൾക്ക് 100 രൂപയിൽ നിന്ന് 125 രൂപയായും ഉയർത്തി.
പുതുക്കിയ ചാർജ് പിരിക്കുന്നതിന് കരാറുകരെ കണ്ടെത്തുന്നതിനായി ഹോർട്ടികൾച്ചർ വകുപ്പ് ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. നിരക്ക് വർധന പത്തുലക്ഷത്തോളം സഞ്ചാരികളെ ബാധിക്കുമെന്നാണ് കണക്കുകൾ.
സ്വകാര്യവാഹനങ്ങൾ മലമുകളിലേക്ക് കൊണ്ടുവരുന്നത് നിരുത്സാഹപ്പെടുത്തുന്നതിനായാണ് നിരക്ക് വർധനയെന്ന് നന്ദി ഹിൽസ് സ്പെഷൽ ഓഫീസർ എൻ. രമേഷ് അറിയിച്ചു. മലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് നിരവധി മാർഗങ്ങൾ പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു. ബാറ്ററി വാഹനങ്ങൾ പുറത്തിറക്കിയിട്ടുണ്ടെന്നും വാടകയ്ക്ക് സൈക്കിൾ നല്കുന്ന പദ്ധതി ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുക്കിയ നിരക്കുകൾ
മുതിർന്നവർ/12 വയസിനു
മുകളിലുള്ള കുട്ടികൾ: 20 രൂപ
ഇരുചക്രവാഹനങ്ങൾ: 30 രൂപ
കാർ (4+1 സീറ്റ്) കവാടത്തിനു മുന്നിൽ പാർക്ക് ചെയ്യാൻ: 125 രൂപ
കാർ (4+1 സീറ്റ്) മലമുകളിൽ
പാർക്ക് ചെയ്യാൻ: 175 രൂപ
കാർ (5+1 സീറ്റ്) കവാടത്തിനു മുന്നിൽ പാർക്ക് ചെയ്യാൻ: 150 രൂപ
കാർ (5+1 സീറ്റ്) മലമുകളിൽ
പാർക്ക് ചെയ്യാൻ : 175 രൂപ
ഓട്ടോറിക്ഷ കവാടത്തിനു
മുന്നിൽ പാർക്ക് ചെയ്യാൻ: 70 രൂപ
ഓട്ടോറിക്ഷ മലമുകളിൽ പാർക്ക് ചെയ്യാൻ : 80 രൂപ