ലോകത്തെ ഏറ്റവും പ്രമുഖമായ ചലച്ചിത്രമേളയാണ് ഫ്രാന്‍സിലെ കാനില്‍ നടക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ളപ്പെടെ ലോകമാകമാനമുള്ള സെലിബ്രിറ്റികള്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നു.
വ്യത്യസ്തമായ ഔട്ട്ഫിറ്റില്‍ റെഡ് കാര്‍പറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ ചില സെലിബ്രിറ്റികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
എന്നാല്‍ ഇതിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് നടി നന്ദിതാ ദാസ്. ഇത് സിനിമയുടെ ഉത്സവമാണെന്ന് ആളുകള്‍ മറന്നുപോകുന്നുവെന്നും ഫാഷന്‍ മാത്രമാണ് ആഘോഷിക്കപ്പെടുന്നതെന്നും നന്ദിതാ ദാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഇത്തവണത്തെ ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ സങ്കടം അറിയിച്ച അവര്‍ മുന്‍വര്‍ഷങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
നന്ദിതയുടെ വാക്കുകള്‍ ഇങ്ങനെ…ഖേദകരമെന്ന് പറയട്ടെ, ഇത്തവണ കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കാനായില്ല. ഇത് വസ്ത്രങ്ങളുടെ ഉത്സവമല്ല. സിനിമയുടെ ഉത്സവമാണെന്ന കാര്യം ചിലപ്പോഴൊക്കെ ആളുകള്‍ മറന്നുപോകുന്നു.
ഞാന്‍ കണ്ട അതിശയകരമായ സിനിമകളോ എന്റെ പ്രസംഗങ്ങളോ നിങ്ങളെ കാണിക്കാനോ മാന്റോ എന്ന ചിത്രം അവിടെ പ്രദര്‍ശിപ്പിച്ച സമയത്തേക്ക് നിങ്ങളെ തിരികെ കൊണ്ടുപോകാനോ കഴിയില്ല.
എന്റെ ഏതാനും ചിത്രങ്ങള്‍ ഇവിടെ പങ്കുവെയ്ക്കുന്നു. കാനില്‍ സാരി ധരിച്ച സെലിബ്രിറ്റികളെ കുറിച്ച് സംസാരമുള്ളതിനാല്‍ സാരിയിലുള്ള ചിത്രങ്ങള്‍ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്.
സിംപിള്‍, എലഗന്റ്, അതുപോലെ ഇന്ത്യന്‍. കുറഞ്ഞപക്ഷം അത് ധരിക്കാനും അഴിച്ചുവെയ്ക്കാനും എളുപ്പമാണ്. നന്ദിത കുറിപ്പില്‍ പറയുന്നു.
ഓരോ ചിത്രത്തിന് പിന്നിലും രസകരമായ കഥകളുണ്ടെങ്കിലും അത് പങ്കുവെയ്ക്കുക എളുപ്പമല്ലെന്നും നന്ദിത പറയുന്നു. നാല് വര്‍ഷങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്.
ഇതിന് താഴെ നിരവധി പേര് നന്ദിതയെ അഭിനന്ദിച്ച് രംഗത്തെത്തി. അവരുടെ സാരി കളക്ഷനേയും ഇവര്‍ പ്രശംസിച്ചു.
പത്തില്‍ അധികം ഭാഷകളില്‍ 30ല്‍ അധികം സിനിമകളില്‍ നന്ദിത അഭിനയിച്ചിട്ടുണ്ട്.
കണ്ണകി എന്ന ചിത്രത്തിലൂടെ അവര്‍ മലയാളി ആരാധകരുടെ മനസിലും ഇടംപിടിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്റെ നാല് പെണ്ണുങ്ങളിലും അഭിനയിച്ചു.