ദുരൂഹത നിറഞ്ഞ ആത്മഹത്യയിലൂടെ കേരള സമൂഹത്തെ ഞെട്ടിച്ച നന്ദിത എന്ന എഴുത്തുകാരിയുടെ ജീവിതകഥ സിനിമയാക്കുന്നു. സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ, ്ധമാടായിപ്പാറ, തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം എൻ.എൻ. ബൈജു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നന്ദിത എന്ന് പേരിട്ട ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം അന്പലപ്പുഴയിൽ പൂർത്തിയായി. രണ്ടാം ഘട്ട ചിത്രീകരണം വയനാട് ആരംഭിക്കും. ജീവിതം ചിലർക്ക് പലതും നിഷേധിക്കും.
എന്നാൽ നന്ദിത ജീവിതത്തിന് പലതും നിഷേധിച്ചാണ് കടന്നുപോയത്. എഴുതാൻ ബാക്കിവച്ച വരികളായും, കൊടുക്കാത്ത ഹൃദയത്തിന്റെ ഒരു കോണിൽ സൂക്ഷിച്ച സ്നേഹമായും, പിടിതരാത്ത മരണത്തിന്റെ ദുരൂഹതയായും പലതും ബാക്കിവച്ച്, നിത്യമായ ഇരുട്ടിലേക്ക് നന്ദിത എന്ന കവി കടന്നുപോയി. ജീവിതത്തോട് മമത ഉണ്ടായിരുന്ന എഴുത്തുകാരിയായിരുന്നു നന്ദിത, എന്നിട്ടും എന്തിനാണ് നന്ദിത മരണത്തെ പുൽകാൻ തീരുമാനിച്ചത്. ദുരൂഹത നിറഞ്ഞ നന്ദിതയുടെ ജീവിതകഥ അവതരിപ്പിക്കുകയാണ് ഈ ചിത്രം.
വയനാട് മടക്കിമലയിൽ, എം. ശ്രീധരമേനോന്റെയും, പ്രഭാവതിയുടെയും മകളായിരുന്ന നന്ദിത, ഇംഗ്ലീഷിൽ ബിഎ, എംഎ ബിരുദങ്ങൾ സ്വന്തമാക്കിയശേഷം, വയനാട് മുട്ടിൽ മുസ്ലിം ഓർഫനേജ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അധ്യാപികയായിരുന്നു. 1999 ജനുവരി 17-ന് അവർ സ്വയം ജീവിതം അവസാനിപ്പിച്ചു. മരണത്തിനു ശേഷം അവരുടെ ഡയറിയിൽ നിന്ന് കണ്ടെത്തിയ 1985 മുതൽ 1993 വരെയുള്ള കവിതകൾ നന്ദിതയുടെ കവിതകൾഎന്ന പേരിൽ സമാഹാരമായി പ്രസിദ്ധീകരിച്ചു. നന്ദിതയുടെ മരണത്തിനുശേഷമാണ് അവരിലെ കവിയെ ബന്ധുക്കൾ പോലും തിരിച്ചറിഞ്ഞത്.നന്ദിതയെക്കുറിച്ച് വന്ന ലേഖനങ്ങളും, നന്ദിതയുടെ പുസ്തകങ്ങളും, നന്ദിതയുടെ ഓർമ്മകളുമായി ഇപ്പോഴും വയനാട്ടിലെ പ്രശാന്തിയിൽ നന്ദിതയുടെ അമ്മയും അച്ഛനും ജീവിച്ചിരിക്കുന്നു. ഈ കഥ കൂടി ചിത്രത്തിൽ കടന്നുവരുന്നു. നന്ദിതയായി ഗാത്രി വിജയ് വേഷമിടുന്നു.
ഇലപ്പച്ച ക്രിയേഷൻസ് നിർമിക്കുന്ന നന്ദിത’ എൻ.എൻ. ബൈജു സംവിധാനം ചെയ്യുന്നു. തിരക്കഥ – ഷെമീർ പട്ടരുമഠം, കാമറ – ഷിനൂപ്, ഗാനങ്ങൾ – ഡോ. പി.കെ. ഭാഗ്യലക്ഷ്മി, നൈന മണ്ണഞ്ചേരി, സംഗീതം – ആന്റണി ഏബ്രഹാം, ആലാപനം – ജെസ്ന ബഷീർ, എഡിറ്റിംഗ് – രതീഷ് രാജപ്പ, കല – വിമൽ, പ്രൊഡക്ഷൻ ഡിസൈനർ – അയ്മനം സാജൻ, അസോസിയേറ്റ് ഡായറക്ടർ – അനൂപ് മാവറ, അജീഷ് രാമചന്ദ്രൻ, പി.ആർ.ഒ. – അയ്മനം സാജൻ.ഗാത്രി വിജയ്, ഇന്ദ്രൻസ്, ശിവജി ഗുരുവായൂർ, കൊച്ചുപ്രേമൻ, ഫിലിപ്സ് സാന്റി ഐസക്ക്, വേണു അന്പലപ്പുഴ, സോണിയ മൽഹാർ, ചെന്പകവല്ലി തന്പുരാട്ടി, രഞ്ജിത്ത് രാജ്, ദൃശ്യ രാജ്, മഹാദേവ്, അഭയജിത്ത് സി., അഭിജിത്ത്, ദിലീപ്, അനില എസ്., മാസ്റ്റർ ആരാധ്യൻ അനീഷ് എന്നിവർ അഭിനയിക്കുന്നു. -അയ്മനം സാജൻ