പാലോട്: ആന, പന്നി, കുരങ്ങ്, മ്ലാവ് ,കാട്ട് പോത്ത് തുടങ്ങിയ മൃഗങ്ങളുടെ ശല്യം കാരണം ജനജീവിതം ദുസ്സഹമായി. നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിലെ വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് കാട്ടു മൃഗശല്യം രൂക്ഷമായത്.
ഇവയുടെ ശല്യം കാരണം പല കർഷകരും കൃഷി ഉപേക്ഷിച്ച അവസ്ഥയിലാണ്. കാട്ടുപന്നി, ആന എന്നിവയുടെ ശല്യമാണ് ഏറ്റവും കൂടുതൽ. കൃഷി നശിപ്പിക്കുന്നതു കൂടാതെ മനുഷ്യരെ ആക്രമിക്കുന്ന സ്ഥിതി കൂടി ആയിട്ടുണ്ട്.
നന്ദിയോട് പഞ്ചായത്തിലെ വട്ടപ്പൻകാട്, പ്രാമല, ദ്രവ്യം വെട്ടിയ മൂല, കാലൻ കാവ്, പുലിയൂർ ,പാണ്ഡിയംപാറ തുടങ്ങിയ സ്ഥലങ്ങളിലും പെരിങ്ങമ്മല പഞ്ചായത്തിലെ പുന്നമൺവയൽ, വെളിയങ്കാല, വേങ്കല്ല, ശാസ്താനട, ഇടിഞ്ഞാർ, മങ്കയം, കോളച്ചൽ, മുത്തിക്കാണി, വെങ്കലകോൺ, കൊന്നമൂട് തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടുമൃഗശല്യം രൂക്ഷമായിട്ടുള്ളത്.
68 ലക്ഷം രൂപയോളം ചിലവഴിച്ച് സൗരോർജ്ജ വേലി സർക്കാർ നിർമ്മിച്ചു നൽകി.എന്നാൽ വനാതിർത്തി നിർമ്മിക്കുന്ന ജണ്ട നിർമ്മാണത്തിനിടെ പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം നിലച്ച സ്ഥിതിയാണ്. കുറേ ഭാഗം നശിപ്പിക്കപ്പെട്ടു പോയിട്ടുമുണ്ട്.നിരവധി തവണ ഫോറസ്റ്റ് അധികാരികളോട് വേലി പുനസ്ഥാപിക്കണരെന്ന് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചിട്ടില്ല എന്നും നാട്ടുകാർ പരാതിപെടുന്നുണ്ട്.
പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിലെ മുത്തിക്കാണി സെറ്റിൽമെൻ്റിൽ കാട്ടുപോത്ത് കാരണം ഭാർഗ്ഗവിക്കും കുടുംബത്തിനും കുടിവെള്ളം നഷ്ടമായിട്ട് മൂന്നു വർഷത്തോളമാകുന്നു. വനത്തിൽ നിന്ന് ഇറങ്ങി വന്ന കാട്ടുപോത്ത് ഭാർഗ്ഗവിയുടെ കിണറിലാണ് വീണത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും ചേർന്ന് കാട്ടുപോത്തിനെ പുറത്തെടുത്തെങ്കിലും കിണർ പൂർണ്ണമായും നശിച്ചിരുന്നു.
ഫോറസ്റ്റ് ഉദ്യോഗസ്ഥർ കിണർ നിർമ്മിച്ചു നൽകാമെന്ന ഉറപ്പ് നൽകിയിരുന്നെങ്കിലും മൂന്നുവർഷമായിട്ടും നടപ്പിലായില്ല. അൻപതിനായിരം രൂപ ബാങ്കിൽ നിന്നും വായ്പയെടുത്ത് രണ്ടായിരത്തോളം വാഴ നട്ട കർഷകന്റെ പൂർണവളർച്ചയെത്തി കുലച്ചവാഴകൾ പൂർണ്ണമായും ആനനശിപ്പിച്ചു കളഞ്ഞു.
കർഷകനായ തുളസിയുടെ രണ്ട് ഹെക്ടർ സ്ഥത്തെ വാഴകൃഷി ആന നശിപ്പിച്ചതിന് ഫോറസ്റ്റ് കാരോട് പരാതിപ്പെട്ട കർഷകന് ലഭിച്ച നഷ്ടപരിഹാരം രണ്ടായിരത്തി അറുപത് രൂപ ആണ് .ലോൺ എടുത്ത തുക ഇടാക്കുന്നതിന് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നതായി കർഷകൻ പറഞ്ഞു. കൂടാതെ തെങ്ങുകളും, കമുക് ,മരച്ചീനി തുടങ്ങിയ കാർഷിക വിളകളും ആനക്കൂട്ടം പൂർണ്ണമായും നശിപ്പിച്ചു കളഞ്ഞു.