മലയാളത്തിന് മറക്കാന്‍ പറ്റാത്ത നടിയാണ് നന്ദിനി. ഹിറ്റ് ചിത്രങ്ങളിലെ സൂപ്പര്‍ നായികയായി തിളങ്ങിയ താരം. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയുമെല്ലാം തങ്ങളുടെ സിനിമയിലേക്ക് നായികയായി നിര്‍ദേശിച്ചിരുന്നത് ഈ മെല്ലിച്ച സുന്ദരിയെയായിരുന്നു. ആനക്കോട്ടില്‍ ചാക്കോച്ചിയായി സുരേഷ് ഗോപി തകര്‍ത്തഭിനയിച്ച ലേലത്തിലെ നായികയെ മാത്രം മതി നന്ദിനിയെന്ന നടിയുടെ മൂല്യമറിയാന്‍. എല്ലാവരും അറിയുന്ന നന്ദിനിക്കപ്പുറം മറ്റൊരു ജീവിതം ഈ നടിക്കുണ്ടായിരുന്നു.
അക്കാലത്തെക്കുറിച്ച് പക്ഷേ ആര്ക്കുമറിയില്ലെന്നുമാത്രം. ഇക്കഴിഞ്ഞയിടയ്ക്ക് ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ അവര്‍ ആ കറുത്തദിവസങ്ങളെക്കുറിച്ച് മനസുതുറന്നു. ഇടയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായി. ശരീരഭാരം 105 കിലോ ആയി, എന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവായിരുന്നു ആ ദിവസങ്ങള്‍. നാലു ഭാഷയില്‍ ഒരേ സമയം ഓടി നടന്ന് അഭിനയിച്ചിരുന്ന കാലം ഉണ്ടായിരുന്നു. ആ ഓട്ടത്തിനിടയ്ക്ക് ശരീരത്തെക്കുറിച്ച് ആലോചിച്ചില്ല.
അന്ന് ദിവസവും കഴിച്ചുകൊണ്ടിരുന്ന ഗ്ലൂക്കോസ് മാത്രമായിരുന്നുവെന്ന് നടി പറയുന്നു. വിശപ്പറിയാതിരിക്കാനായിരുന്നു ഇത്. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോയി. ആദ്യം ഒന്നും രണ്ടും പാക്കറ്റുകളായിരുന്നത് പിന്നീട് അതിന്റെ എണ്ണം കൂടി. വിശക്കുമ്പോള്‍ ഭക്ഷണത്തിനു പകരം ഗ്ലൂക്കോസായി. ഇത് ശരീരത്തെ വല്ലാതെ ബാധിച്ചു. തടി കൂടാന്‍ തുടങ്ങി. ഇടയ്ക്ക് ഹോര്‍മോണ്‍ വ്യത്യാസമുണ്ടായി. ഇതിനൊപ്പം വിഷാദവും തേടിയെത്തിയതോടെ ജീവിതം എന്റെ കൈവിട്ടുപോയി. ഇപ്പോള്‍ ചില തമിഴ് സീരിയലുകളുടെ തിരക്കിലാണ് നടി.
കവിത ശിവശങ്കര്‍ എന്നാണ് നന്ദിനിയുടെ യഥാര്‍ഥ പേര്. ബംഗളൂരുവിലായിരുന്നു ജനനം. ബാലചന്ദ്രമോനോന്റെ ഏപ്രില്‍ 19 എന്ന ചിത്രത്തിലൂടെയാണ് അവര്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആ ചിത്രത്തിലെ നായിക കഥാപാത്രത്തിന്റെ പേര് സിനിമയിലും സ്വീകരിക്കുകയായിരുന്നു നടി. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലാണ് നന്ദിനി അവസാനമായി അഭിനയിച്ചത്.