കാട്ടാക്കട: മദ്രസ പഠനം കഴിഞ്ഞു മടങ്ങിയ പത്തു വയസുകാരിയെ തട്ടി കൊണ്ടു പോകാൻ ശ്രമിച്ച അംഗപരിമിതനായ നാടോടിയും ഭാര്യയേയും നാട്ടുകാർ തടഞ്ഞു വച്ച് പോലീസിൽ ഏൽപ്പിച്ചു. ആന്ധ്രപ്രദേശ് ചിറ്റൂർ ജില്ലയിൽ ചിതറമൻ തണ്ട കദിരിയിൽ തിരുപാൽ നായിക് (60 )ഭാര്യ ശാന്തമ്മ (55) എന്നിവരാണ് പിടിയിലായത് .
ഇന്നലെ രാവിലെ പതിനൊന്നര മണിയോടെ കാട്ടാക്കട സിഎസ്ഐ പള്ളിക്ക് സമീപം ആണ് സംഭവം .മദ്രസയിൽ നിന്നു മടങ്ങി വന്ന കുട്ടിക്കു സമീപമെത്തിയ നാടോടികൾ മിഠായി നൽകാം അടുത്ത് വാ എന്ന് പറയുകയും കുട്ടിയുടെ കൈയിൽ പിടിക്കുകയും ചെയ്തു. ഭയന്ന കുട്ടി കൈ തട്ടിമാറ്റിയ ശേഷം ഓടി വീട്ടിൽ എത്തി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു.
തുടർന്ന് കുട്ടിയുമായി പിതാവ് റോഡിൽ എത്തി നാടോടികളെ തെരഞ്ഞു. സംഭവം നടന്ന സ്ഥലത്ത് നിന്നും അൽപ്പം അകലെ കാട്ടാക്കട ട്രഷറിക്ക് സമീപം ഇവർ എത്തിയിരുന്നു.വിവരം നാട്ടുകാർ അറിഞ്ഞതോടെ ഇവരെ തടയുകയും പോലീസിനു കൈമാറുകയും ചെയ്തു.
പിടിയിലായവരെ കുറിച്ചും പ്രദേശത്തെ ഭിക്ഷാടന സംഘങ്ങളെ കുറിച്ചും കൂടുതൽ അന്വേഷണം നടത്തുമെന്ന് കാട്ടാക്കട എസ് ഐ ഡി ബിജുകുമാർ പറഞ്ഞു.കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയിൽ നിന്നും മൊഴി രേഖപ്പെടുത്തി പോലിസ് കേസ് എടുത്തു.പ്രതികളെ കോടതിയിൽ ഹാജരാക്കി.