കാട്ടാക്കട : നെയ്യാർഡാം പുതിയ പാലത്തിൽ പിക്കപ്പ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇടിച്ച് യുവാവ് മരിച്ചു. മായം തട്ടാംമൂക്ക് സിന്ധുഭവനിൽ ഡാനിയേൽ- ലൈല ദമ്പതികളുടെ മകൻ നന്ദു (21) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോട് അടുപ്പിച്ചാണ് അപകടം.
കാട്ടാക്കാട നിന്നും മായത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് ഓട്ടോയിൽ നന്ദു അടക്കം നാല് പേർ ഉണ്ടായിരുന്നു. പുതിയ പാലം തുടങ്ങുന്നതിന് അൽപ്പം ദുരം കഴിഞ്ഞപ്പോൾ ഓട്ടോ നിയന്ത്രണം വിടുകയും പാലത്തിൽ ഇടിക്കുകയും ചെയ്തു. ഓട്ടോയിലിരുന്ന നന്ദു ഇടിയുടെ ആഘാതത്തിൽ തെറിച്ച് അണക്കെട്ടിലേയ്ക്ക് പതിച്ചു.
നാട്ടുകാർ ഓടിയെത്തി നന്ദുവിനെ ഡാമിൽ നിന്നും രക്ഷപ്പെടുത്തി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. അണക്കെട്ടിലെ പാറയിൽ തലയിടിച്ചാണ് മരണം സംഭവിച്ചത്. ഓട്ടോയിൽ ഉണ്ടായിരുന്ന ഒരാളുടെ കൈയ്ക്ക് സാരമായ പരിക്കുണ്ട്. ഓട്ടോ ഓടിച്ചിരുന്ന കുട്ടമല സ്വദേശി മനുവിനെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് നെയ്യാർഡാം പോലീസ് കേസെടുത്തു. മനു ഒളിവിലാണ്.
തിരുവനന്തപുരത്തെ ഒരു ടെക്സ്റ്റയിൽ ഷോപ്പിലെ ജീവനക്കാരനാണ് നന്ദു. 17 ദിവസം മുന്പാണ് നന്ദുവിന്റെ അമ്മ ലൈല കാൻസർ ബാധിച്ച് മരിച്ചത്. ഗീതുവാണ് സഹോദരി. ഇന്ന് പോസ്റ്റമോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിക്കും.