കായംകുളം: ഫേസ്ബുക്കിലൂടെ വിവാഹക്ഷണം സ്വീകരിച്ചുവന്ന കൂട്ടുകാരെയും ബന്ധുക്കളെയും സാമൂഹ്യ പ്രവർത്തകരെയും സാക്ഷി നിർത്തി നന്ദു മഹാദേവൻ ‘ജീവിത സഖി’യുടെ കൈപിടിച്ചു.
മാവേലിക്കര വെട്ടിയാർ സെന്റ് തോമസ് മാർത്തോമ്മാ പാരീഷ് ഹാളിൽ ഇന്നലെ രാവിലെ 11ന് നടന്ന ചടങ്ങിൽ മജീഷൻ പ്രഫ. ഗോപിനാഥ് മുതുകാട്, നന്ദുവിന്റെ ജീവിതത്തിന് ഇനിയെന്നും താങ്ങാകാനുള്ള ആ ”ജീവിത സഖി’യെ കൈപിടിച്ച് നൽകി. കൊട്ടും കുരവയും നിറഞ്ഞ അന്തരീക്ഷത്തിൽ അണിഞ്ഞൊരുങ്ങിയ വധുവിനെ നന്ദു താലികെട്ടി സ്വന്തമാക്കി എന്ന് ആരും കരുതണ്ട.
തിരുവനന്തപുരം ഭരതന്നൂർ സായി കൃഷ്ണയിൽ നന്ദു മഹാദേവൻ (25 ) തനിക്ക് നഷ്ടമായ കാലിന് പകരം ജർമൻ നിർമിത കൃത്രിമ കാൽ സ്വന്തമാക്കിയ ആ ധന്യ നിമിഷത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. കൃത്രിമ കാൽ ലഭിക്കുന്നതിന്റെ സന്തോഷം ഫേസ്ബുക്കിലൂടെ നന്ദു കഴിഞ്ഞദിവസം വിവാഹ ക്ഷണക്കത്ത് മാതൃകയിൽ പങ്കുവച്ചത് വൈറലായിരുന്നു.
നന്ദുവിന്റെ വാക്കുകളിൽ കൃത്രിമകാൽ ഒരു വധു തന്നെയാണ്. മരണം വരെ ഒപ്പം നടക്കേണ്ടവൾ. ഞാനെന്ന ഭാരത്തെ സഹിക്കേണ്ടവൾ. ആ അർഥത്തിൽ നന്ദുവിന് ഇന്നലത്തെ കാൽ പിടിപ്പിക്കൽ ചടങ്ങ് വിവാഹം പോലെയായിരുന്നു. ബിബിഎ പഠന കാലയളവിൽ കഴിഞ്ഞവർഷമാണ് നന്ദുവിന് ബോണ് കാൻസർ ബാധിച്ചത്. രോഗത്തെ മഹാരോഗമായി കാണാതെ വെറും ജലദോഷമായി നേരിടുമെന്ന പ്രഖ്യാപിച്ച് ആത്മ വിശ്വാസത്തോടെയാണ് നന്ദു അതിജീവിച്ചത്.
ആർസിസിയിൽനടന്ന സർജറിയിൽ ഇടതുകാൽ മുട്ടിനു മുകളിൽ മുറിച്ചുമാറ്റി. ആത്മവിശ്വാസത്തോടെ കാൻസറിനെ തോൽപ്പിച്ച നന്ദു ഇടയ്ക്കു മുടങ്ങിയ ബിബിഎ പഠനം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണിപ്പോൾ.
അമേരിക്കൻ മലയാളിയായ മാവേലിക്കര വെട്ടിയാർ നടയിൽ തെക്കേതിൽ ജോണ്സണ് ശാമുവേലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലൈഫ് ആൻഡ് ലിംപ് ചാരിറ്റബിൾ ട്രസ്റ്റ് എന്ന ജീവകാരുണ്യ സംഘടനയാണ് നന്ദു മഹാദേവനുൾപ്പെടെ അപ്രതീക്ഷിതമായി ഉണ്ടായ രോഗങ്ങളിലും അപകടങ്ങളിലും കാൽ നഷ്ടപ്പെട്ട 48 പേർക്ക് ജർമൻ നിർമിത കൃത്രിമകാൽ ഇന്നലെ സൗജന്യമായി നൽകിയത്.
കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ, ആർ. രാജേഷ് എംഎൽഎ, ലൈഫ് ആൻഡ് ലിംപ് കോ -ഓർഡിനേറ്റർ വർഗീസ് കോശി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.