നൗഷാദ് മാങ്കാംകുഴി
കായംകുളം : ആത്മവിശ്വാസത്തിന്റെ കരുത്തിൽ വിധിയെ തോൽപ്പിച്ച നന്ദുമഹാദേവൻ ഏറെ സന്തോഷത്തിലാണ്. തനിക്ക് നഷ്ടപ്പെട്ട കാൽ തിരികെ ലഭിക്കുന്നതിന്റെ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവച്ചത് വിവാഹ ക്ഷണക്കത്ത് മാതൃകയിലാണ്. ഇതിപ്പോൾ വൈറലായി മാറുകയും ചെയ്തു. തിരുവനന്തപുരം ഭരതന്നൂർ സായി കൃഷ്ണയിൽ നന്ദു മഹാദേവൻ (25 )ആണ് ആ വരൻ. ഫേസ് ബുക്ക് സൗഹൃദ കൂട്ടായ്മയിൽ നന്ദു ക്ഷണിച്ചതിങ്ങനെയാണ്:
ഈ വരുന്ന ബുധനാഴ്ച രാവിലെ പത്ത് മണിക്കുള്ള ശുഭ മുഹൂർത്തത്തിൽ മാവേലിക്കര വെട്ടിയാർ സെന്റ് തോമസ് മാർത്തോമാ പാരിഷ് ഹാളിൽ വെച്ച് എന്റെ കല്ല്യാണമാണ്.ഈ വിവാഹത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്,ജർമ്മനിക്കാരനായ ഓട്ടോബോക്കിന്റെ മൂത്ത മകൾ 3ആർ 80 ആണ് വധു .എനിക്ക് ഈ ആലോചന കൊണ്ടു വന്നത് ആത്മ സുഹൃത്ത് ഷഫീഖ് പാണക്കാടനാണ്.ആരും ഞെട്ടണ്ട കേട്ടോ.കല്യാണത്തിനെക്കാൾ പ്രാധാന്യമുള്ള ഒരു കാര്യമാണ് സുഹൃത്തുക്കളോട് പറയാനുള്ളത്.ഞാൻ ഇരുകാലുകളിൽ നടക്കാൻ പോകുകയാണ്.
ഈ സന്തോഷ വാർത്ത പറയുന്പോൾ എന്റെ കണ്ണുകൾ നിറയുന്നുണ്ട്.ഞാൻ നടന്നു കാണാൻ ഏറ്റവും ആഗ്രഹിക്കുന്നത് എന്റെ കൂട്ടുകാർ ഓരോരുത്തരും ആണെന്ന് എനിക്കറിയാം.ആ കിട്ടുന്ന കാൽ ഒരു തരത്തിൽ പറഞ്ഞാൽ എന്റെ വധു തന്നെയാണ്.മരണം വരെ എന്റെ ഒപ്പം നടക്കേണ്ടവൾ. ഞാനെന്ന ഭാരത്തെ സഹിക്കേണ്ടവൾ.ആ അർത്ഥത്തിൽ ഇതൊരു വിവാഹം തന്നെയാണ്.അതുകൊണ്ടാണ് അങ്ങനെ തന്നെ മുഖവുര വച്ചത് .
കഴഞ്ഞ വർഷമാണ് നന്ദുവിന് ബോണ് കാൻസർ ബാധിച്ചത്.തുടർന്ന് ഇടതുകാൽ മുറിച്ചുമാറ്റി.സർജറി കഴിഞ്ഞ് 6 മാസം ആകുന്നതിന് മുന്പ് കൃത്രിമ കാൽ വയ്ക്കണം എന്നു ഡോക്ടർമാർ പറഞ്ഞതാണ്.അത് കഴിഞ്ഞാൽ നടക്കാനുള്ള ആ ഒരു കഴിവ് തലച്ചോറിൽ നിന്ന് നഷ്ടമായിത്തുടങ്ങും.കൃത്യമായ ബാലൻസ് കിട്ടില്ല.നിർഭാഗ്യവശാൽ കാൻസർ ചികിത്സയെ തുടർന്നുണ്ടായ സാന്പത്തികപ്രശ്നങ്ങൾ കാരണം നന്ദുവിന് കൃത്രിമകാൽ സമയത്ത് വയ്ക്കാൻ കഴിഞ്ഞില്ല.ഇപ്പോൾ 15 മാസം കഴിഞ്ഞു.
ഇതിനിടയിലാണ് വെട്ടിയാർ ലൈഫ് ആൻഡ് ലിംബ് ചാരിറ്റബിൾ ട്രസ്റ്റ് കൃത്രിമ കാൽ സൗജന്യമായി നൽകുന്ന വിവരം സുഹൃത്ത് ഷഫീഖ് പാണക്കാടൻ മുഖേന അറിഞ്ഞത്.തുടർന്ന് നന്ദു ലൈഫ് ആൻഡ് ലിംബ് ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെടുകയായിരുന്നു.ആത്മവിശ്വാസത്തോടെ കാൻസറിനെ തോൽപ്പിച്ച നന്ദു ഇടയ്ക്ക് മുടങ്ങിയ ബി ബി എ പഠനം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്.വാടകവീട്ടിൽ പിതാവ് ഹരിയും മാതാവ് ലേഖയും സഹോദരങ്ങളായ അനന്തു,സായികൃഷ്ണ എന്നിവർക്കൊപ്പം കഴിയുന്പോഴും സഹജീവികളെ സഹായിക്കാനും നന്ദു സജീവമായി രംഗത്തുണ്ട്.
പ്രളയ ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ കൂട്ടുകാർക്കൊപ്പം അതിജീവനം എന്ന കൂട്ടായ്മയോടെ നന്ദു സജീവമായിരുന്നു.കൂടാതെ കാൻസർ രോഗത്തെ അതിജീവിച്ച് ഇനി എന്ത് എന്ന ചോദ്യവുമായി നിൽക്കാതെ നന്ദു വിധിയെ തോൽപ്പിച്ച് ഉപജീവനത്തിനായി ഇപ്പോൾ തിരുവനന്തപുരത്ത് കാറ്ററിംഗ് സർവീസും നടത്തുകയാണ്. അപ്രതീക്ഷിതമായി ഉണ്ടായ അപകടങ്ങളും രോഗങ്ങളും മൂലം കാൽ നഷ്ടപ്പെട്ട അന്പത് പേർക്ക് ലൈഫ് ആൻഡ് ലിംബ് ചാരിറ്റബിൾ ട്രസ്റ്റ്നാളെ കൃത്രിമ കാൽ സൗജന്യമായി നൽകുന്നുണ്ട്.
നാളെ രാവിലെ പത്തിന് വെട്ടിയാർ സെൻറ് തോമസ് മാർത്തോമ്മാ പാരീഷ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മജീഷ്യൻ പ്രഫ. ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകും.ഇതിനോടകം നിർധനരായ 120 പേർക്ക് ലൈഫ് ആൻഡ് ലിംബ് ജീവകാരുണ്യ സംഘടന സൗജന്യമായി കൃത്രിമകാലുകൾ നൽകി.അമേരിക്കൻ മലയാളിയായ മാവേലിക്കര വെട്ടിയാർ നടയിൽ തെക്കേതിൽ ജോണ്സണ് ശാമുവേലിന്റെ നേതൃത്വത്തിലാണ് ലൈഫ് ആൻഡ് ലിംബ് സംഘടന പ്രവർത്തിക്കുന്നത്.ഇന്നലെ നടന്ന കൂട്ടായ്മയ്ക്ക് റവ.ജോണ്സണ് .സി.ജേക്കബ്, കോ ഓർഡിനേറ്റർവർഗീസ് കോശി (ബേബി ) രാജൻ കൈപ്പള്ളിൽഎന്നിവരാണ് നേതൃത്വം നൽകിയത്.