പുതുക്കാട്: വരന്തരപ്പിള്ളി ഡേവീസ് തിയേറ്ററിനു മുന്നിൽ അപ്രതീക്ഷിതമായി വന്നിറങ്ങിയ അതിഥിയെ തിരിച്ചറിയാൻ നാട്ടുകാർക്കു വലിയ പ്രയാസമുണ്ടായില്ല. സിനിമാ പ്രേമികൾക്കു സുപരിചിതയാണ് അട്ടപ്പാടി നക്കുപ്പതി കോളനിയിലെ നഞ്ചമ്മ എന്ന 61കാരി. അട്ടപ്പാടി ആസാദ് കലാസംഘത്തിൽ അംഗമായ നഞ്ചമ്മ ചാവറ കൾച്ചറൽ സെന്ററിന്റെ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്ന വഴിയാണ് വരന്തരപ്പിള്ളിയിലെത്തിയത്.
എറണാകുളത്തു നടക്കുന്ന ചടങ്ങിൽ സംവിധായകൻ ലാൽ ജോസ്, നടൻ വിനായകൻ എന്നിവരോടൊപ്പം മുഖ്യാതിഥിയാണു നഞ്ചമ്മ. നേരത്തേ അട്ടപ്പാടിയിൽ ജോലി ചെയ്തിരുന്ന പാലപ്പിള്ളി റേഞ്ച് ഓഫീസർ പ്രേംഷമീറിനെ കാണാനാണു നഞ്ചമ്മ വരന്തരപ്പിള്ളിയിലെത്തിയത്. സഹോദരി മരുതിമണി, കലാസംഘത്തിന്റെ മുഖ്യ സംഘാടകനും നടനുമായ പളനി സ്വാമി എന്നിവരും നഞ്ചമ്മയോടൊപ്പമുണ്ടായിരുന്നു. അയ്യപ്പനും കോശിയും സിനിമയിൽ എക്സൈസ് ഉദ്യോഗസ്ഥനായ ഫൈസലായി അഭിനയിച്ചത് പളനിസ്വാമിയാണ്. വർഷങ്ങൾക്കു മുൻപുള്ള അടുപ്പം നഞ്ചമ്മയും സംഘവും ഇപ്പോഴും സൂക്ഷിക്കുന്നുവെന്ന് പ്രേംഷമീർ പറഞ്ഞു.
അട്ടപ്പാടി പ്രധാന ലൊക്കേഷനായ സിനിമയിൽ ഫീമെയിൽ പാടാൻ ആളെവേണമെന്നു സംവിധായകൻ സച്ചി പറഞ്ഞപ്പോൾ പളനിസ്വാമി രണ്ടാമതൊന്ന് ആലോചിച്ചില്ല. ടൈറ്റിൽ സോംഗ് പാടിയ നഞ്ചമ്മ സിനിമക്കായി മൂന്നു പാട്ടുകൾ പാടി. ഇതിൽ കലക്കാത്ത സന്തനമറം, ദൈവമകളെ… എന്നീ രണ്ടു പാട്ടുകളും സിനിമയിലുണ്ട്. കൂടാതെ പാട്ട് സീനിലും എസ്ഐ അയ്യപ്പൻനായരുടെ ഭാര്യയുടെ അമ്മയായി അഭിനയിക്കുകയും ചെയ്തു. സ്വയം പാടി തയാറാക്കായിയ പാട്ടുകളാണു നഞ്ചമ്മ സിനിമയിൽ പാടിയത്.
നഞ്ചമ്മയേയും സംഘത്തേയും കണ്ട റേഞ്ച് ഓഫീസർ അയ്യപ്പനും കോശിയും പ്രദർശിപ്പിക്കുന്ന വരന്തരപ്പിള്ളി ഡേവീസ് തിയേറ്ററിൽ വിവരമറിയിച്ചു. തുടർന്ന് തിയേറ്ററിലെത്തിയ നഞ്ചമ്മ നാട്ടുകാരും സിനിമാപ്രേമികളുമായി വിശേഷങ്ങൾ പങ്കുവച്ചു. കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡേവീസ് അക്കര, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും നഞ്ചമ്മയ്ക്കൊപ്പമുണ്ടായിരുന്നു.