വടകര: നന്തി-ചെങ്ങോട്ട് കാവ് ബൈപാസ് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നൂറുകണക്കിനാളുകളെ കുടിയൊഴിപ്പിക്കുന്ന വിഷയത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ എംപി അലംഭാവം കാണിക്കുന്നതായി ആരോപിച്ച് ബൈപാസ് കർമസമിതി പ്രവർത്തകർ എംപി യുടെ വടകരയിലെ ക്യാന്പ് ഓഫീസിലേക്ക് ജനകീയ മാർച്ചും ധർണയും സംഘടിപ്പിച്ചു.
എംപിയെ നിരവധി തവണ നേരിൽക്കണ്ട് കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പ്രശ്നങ്ങൾ പറഞ്ഞിട്ടും അദ്ദേഹം പുറംതിരിഞ്ഞു നിൽക്കുന്നതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത് പുതിയ സ്റ്റാൻഡ്പരിസരത്തെ എംപി യുടെ ക്യാന്പ് ഓഫീസിലേക്ക് നടന്ന മാർച്ചിൽ കടുത്ത മഴയെ അവഗണിച്ചും നൂറുകണക്കിന് സ്ത്രീകളും കുട്ടികളും പങ്കെടുത്തു. കർമസമിതി ജില്ല കമ്മിറ്റി ചെയർമാൻ സി.വി. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
നന്തി മുതൽ ചെങ്ങോട്ട്കാവ് വരെ നിലവിലുള്ള എൻഎച്ച് 66 വീതി കൂട്ടി നാലു വരിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ബൈപാസ് നിർമിക്കുന്പോൾ 2000 കുടുംബങ്ങൾ കുടിയൊഴിപ്പിക്കണമെന്ന സ്ഥിതിയാവും. ഇതിനു പുറമെ അഞ്ച് കുന്നുകൾ, ആറ് നാഗകാവുകൾ, 612 വീടുകൾ, 600 കിണറുകൾ എന്നിവ നഷ്ടപ്പെടും.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ആക്ഷൻ കമ്മിറ്റി ബൈപ്പാസിനെതിരെ രംഗത്തുവന്നതും എംപിയുടെ ഓഫീസ് പടിക്കൽ ധർണ നടത്തിയതും. കൊയിലാണ്ടി ടൗണിലൂടെ ഉയരപ്പാത സ്ഥാപിച്ച് ദേശീയപാത വികസനം യാഥാർഥ്യമാക്കണമെന്നും എംപി ന്യായത്തിന്റെ ഭാഗത്ത് നിൽക്കണമെന്നും കർമസമിതി ആവശ്യപ്പെട്ടു.
രാമദാസ് തൈക്കണ്ടി അധ്യക്ഷത വഹിച്ചു. ശിവദാസ് പനച്ചിക്കുന്ന്, പി.കെ.കിഞ്ഞിരാമൻ, എം.എം.അജയൻ, ഐ.നാരായണൻനായർ, കെ.പി.എ. വഹാബ്, എ.പി.അബൂബക്കർ, കെ.കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.