പേരൂർക്കട: കഴിഞ്ഞ ദിവസം നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിയായ രാജേഷ് കൊലപാതകത്തിന് ഒരുമാസമായി ശ്രമിക്കുന്നുവെന്ന് പോലീസ്.
ഇതിനാലാണ് കുറേനാളായി ഇയാൾ വെട്ടുകത്തി കൈയിൽ കൊണ്ട് നടന്നതെന്ന് പോലീസ് പറയുന്നു. വഴയില പെട്രോൾ പമ്പിന് സമീപം ഇന്നലെ രാവിലെ 9 നാണ് നഗരത്തെ നടുക്കിയ ക്രൂരമായ സംഭവം നടന്നത്.
നന്ദിയോട് സ്വദേശിനി സിന്ധു (50) ആണ് വെട്ടേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം പത്തനാപുരം സ്വദേശി രാജേഷിനെ (46) പേരൂർക്കട പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
സിന്ധുവിന് രാജേഷിനെ എന്നും ഭയമായിരുന്നു. തന്നെ ഇയാൾ കൊലപ്പെടുത്തുമെന്ന ചിന്ത ഇവരുടെ മനസിനെ അലട്ടിയിരുന്നുവെന്ന് ബന്ധുക്കൾ പോലീസിനെ അറിയച്ചു.
സിന്ധു തന്നെ ഉപേക്ഷിച്ചു പോകുമോ എന്ന ചിന്തയായിരുന്നു രാജേഷിനെ കൊടുംക്രൂരതയ്ക്ക് പ്രേരിപ്പിച്ചത്. സിന്ധുവിനോടുള്ള ഇയാളുടെ പെരുമാറ്റം ക്രൂരമായിരുന്നു.
അതിനാൽ സിന്ധു എപ്പോഴും ഒഴിഞ്ഞു നിൽക്കാനാണ് ശ്രമിച്ചത്. ഇടയ്ക്കിടെ സിന്ധുവിനെ ഉപദ്രവിക്കുന്ന ശീലവും ഇയാൾക്ക് ഉണ്ടായിരുന്നു.
സിന്ധുവിന്റെ മകളുടെ കല്യാണം നടത്താൻ രാജേഷ് സഹായിച്ചിരുന്നു. മകൾ വിവാഹം കഴിഞ്ഞു പോയതോടുകൂടി സിന്ധുവിനെ വീട്ടുകാർ കൂടുതൽ അവരിലേക്ക് അടുപ്പിക്കുന്നു എന്ന ചിന്ത ഇയാളുടെ മനസിനെ മഥിച്ചുകൊണ്ടിരുന്നു.
സംഭവദിവസം ബൈക്കിലെത്തി ഒരു പെട്രോൾ പമ്പിൽ നിൽക്കുമ്പോഴാണ് സിന്ധു ബസ്സിൽ പോകുന്നത് ഇയാൾ കാണുന്നത്.
സിന്ധു ജോലിക്ക് പോകുന്നത് ഇയാൾക്ക് ഇഷ്ടമല്ലായിരുന്നു. ഇവർക്ക് വേറെ അടുപ്പങ്ങൾ ഉണ്ടാകുമോ എന്ന ചിന്തയാണ് രാജേഷിനെ ഭ്രാന്തനാക്കിയത്.
നാട്ടുകാർ തടഞ്ഞുവച്ച് പോലീസിന് കൈമാറുന്ന സമയത്തും ഇയാളുടെ അരിശം അടങ്ങിയിരുന്നില്ല. സെല്ലിനുള്ളിലും ഇയാൾ ആക്രോശിച്ചു കൊണ്ടിരുന്നു.
പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള ആളാണ് രാജേഷ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള സിന്ധുവിന്റെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.