പാരീസ്: ലോകത്തെ ആദ്യ പത്ത് വനിതാ ടെന്നീസ് താരങ്ങളുടെ പട്ടികയിൽനിന്നു നവോമി ഒസാക പുറത്ത്.2018ൽ യുഎസ് ഓപ്പണ്‍ ഫൈനലിൽ സെറീന വില്യംസിനെ തോൽപ്പിച്ച് കിരീടം നേടിയശേഷം ആദ്യമായാണ് ഒസാക ആദ്യ പത്തിൽനിന്നു പുറത്താകുന്നത്.
ഈ പ്രാവശ്യത്തെ യുഎസ് ഓപ്പണിൽ മൂന്നാം റൗണ്ടിൽ പുറത്തായശേഷം താരം ടെന്നീസിൽനിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. മുൻ ലോക ഒന്നാം നന്പറായ ഒസാക അഞ്ചു സ്ഥാനം ഇറങ്ങി ഇപ്പോൾ 12-ാം സ്ഥാനത്താണ്.
ആദ്യ സ്ഥാനങ്ങളിലുള്ള ആഷ്ലി ബാർട്ടി, അരീന സബലെങ്ക, കരോളിന പ്ലീഷ്കോവ, ഇഗ ഷ്യാങ്ടെക്, ബാർബൊറ ക്രെജികോവ എന്നിവരുടെ സ്ഥാനങ്ങളിൽ മാറ്റമില്ല. മൂന്നു സ്ഥാനം മെച്ചപ്പെട്ട് ഗാർബിൻ മുഗുരുസ ആറാം സ്ഥാനത്തെത്തി.
ഒരു സ്ഥാനം ഉയർന്ന് മരിയ സകാരി ഒന്പതാമതും രണ്ടു സ്ഥാനം ഉയർന്ന് ബെൻലിൻഡ ബെൻസിച്ച് പത്താം സ്ഥാനത്തുമെത്തി.
എലീന സ്വിറ്റോലിന ആറിൽനിന്ന് ഏഴാം സ്ഥാനത്തെത്തി. സോഫിയ കെനിൻ എട്ടാം സ്ഥാനത്തു തുടരുന്നു.യുഎസ് ഓപ്പണ്‍ വനിതാ സിംഗിൾസ് ചാന്പ്യനായ എമ്മ റാഡുകാനു 22-ാം സ്ഥാനത്തേക്കു മുന്നേറി.