റോം: യുവന്റസിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്ത് നാപ്പോളി കോപ്പ ഇറ്റാലിയയില്‍ മുത്തമിട്ടു. ഫൈനലില്‍ മുഴുവന്‍ സമയവും ഗോള്‍രഹിത സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്കു നീങ്ങുകയായിരുന്നു. അര്‍കാഡിയുസ് മിലിക്കിന്റെ കിക്കിലാണ് നാപ്പോളി വിജയം സ്വന്തമാക്കിയത്.
ഷൂട്ടൗട്ടില്‍ 4-2നായിരുന്നു നാപ്പോളിയുടെ ജയം. പരിശീലകനെന്ന നിലയില്‍ ജനേറോ ഗുസ്താവോയുടെ ആദ്യ കിരീടമാണ്. എന്നാല്‍ യുവന്റസ് പരിശീലകന് ഇറ്റലിയില്‍ ഒരു പ്രധാന കിരീടമെന്ന മോഹം പൊലിയുകയും ചെയ്തു.
ഫൈനലില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് യുവന്റസ് തോല്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷ അവസാനം സൂപ്പര്‍ കോപ്പ ഇറ്റാലിയാനയിലും ടൂറിന് ക്ലബ് പരാജയപ്പെട്ടിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കരിയറിൽ ആദ്യമായാണ് തുടര്‍ച്ചയായ രണ്ടു ഫൈനലുകളില്‍ തോല്‍ക്കുന്നത്.
11 വര്‍ഷത്തിനുശേഷമാണ് കോപ്പ ഇറ്റാലിയയുടെ വിജയികളെ ഷൂട്ടൗട്ടിലൂടെ നിര്‍ണയിക്കുന്നത്. നാപ്പോളി ആറാം തവണയാണ് ഈ കിരീടം ഉയര്‍ത്തുന്നത്. ആകെ നാലു ടീമുകള്‍ മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ. നിഷ്പക്ഷ വേദിയില്‍ നടന്ന മത്സരത്തില്‍ മൂന്നാം തവണയാണ് നാപ്പോളി യുവന്റസിനെ പരാജയപ്പെടുത്തുന്നത്.
ഡേവിഡ് ഓസ്പിനയ്ക്കു പകരം അലക്സ് മെറെറ്റിനെയാണ് നാപ്പോളി ഗോള്‍ വലയ്ക്കു മുന്നില്‍ നിര്‍ത്തിയത്. ജിയാന്‍ലൂയിജി ബഫണാണ് യുവന്റസിന്റെ വലകാത്തത്.
രണ്ടു ടീമുകളും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയതെങ്കിലും യുവന്റസ് മികവിലെത്തി. റൊണാള്‍ഡോയുടെ ഷോട്ട് മെറെറ്റ് മികച്ചൊരു രക്ഷപ്പെടുത്തലോടെ തടഞ്ഞു. ആദ്യ പകുതിയുടെ അവസാനങ്ങളില്‍ നാപ്പോളിയുടെ ഭാഗത്തുനിന്ന് മികച്ച നീക്കങ്ങള്‍ വന്നു.
ബഫണിന്റെ ഉജ്വല പ്രകടനമാണ് നാപ്പോളിയെ മുന്നിലെത്തുന്നതില്നിന്ന് തടഞ്ഞത്. രണ്ടാം പകുതിയില്‍ നാപ്പോളിക്കു മികച്ച ഒരുപിടി അവസരങ്ങള്‍ ലഭിച്ചെങ്കിലും വലകുലുക്കാനായില്ല. ബഫണിന്റെ മികച്ച രണ്ടു രക്ഷപ്പെടുത്തലുകള്‍ അവസാന നിമിഷം നാപ്പോളിയെ ഗോളിലെത്തുന്നതില്നിന്നു തടഞ്ഞു.
ഷൂട്ടൗട്ടില്‍ പിഴച്ച് യുവെ
ഷൂട്ടൗട്ടില്‍ ആദ്യ കിക്ക് യുവന്റസിനായിരുന്നു. പൗളോ ഡൈബാലയുടെ കിക്ക് മെറെറ്റ് അനായാസം തടഞ്ഞു. ലോറന്‍സോ ഇന്‍സൈന്റെ കിക്ക് ബഫണെ മറികടന്ന് നാപ്പോളിക്ക് ലീഡ് നല്കി. യുവന്റസിന്റെ രണ്ടാമത്തെ കിക്കും പിഴച്ചു. ഡാനിലോയുടെ കിക്ക് ക്രോസ്ബാറിനു മുകളിലൂടെ പോയി.
മാതേയോ പോളിറ്റാനോയുടെ കിക്ക് നാപ്പോളിയുടെ ലീഡ് രണ്ടാക്കി. ലിയാനാര്‍ഡോ ബൊനൂച്ചി നാപ്പോളിയുടെ ലീഡ് ഒന്നായി കുറച്ചു. എന്നാല്‍ നികോള മാക്സിമോവിച്ച് വീണ്ടും നാപ്പോളിക്ക് രണ്ടു ഗോള്‍ ലീഡ് നല്കി. ആരോണ്‍ റാംസെ വലകുലുക്കിയതോടെ മത്സരം നീണ്ടു. എന്നാല്‍ മിലിക്കിന്റെ കിക്കില്‍ നാപ്പോളി 4-2ന്റെ ജയം നേടി.