നേപ്പിൾസ്: ഈ സീസണിൽ രണ്ടാം തവണയും പരിശീലകനെ മാറ്റി നാപ്പോളി. വാൾട്ടർ മസാരിയെയാണു നാപ്പോളി പുറത്താക്കിയത്.
ഈ സീസണിലെ മൂന്നാമത്തെ പരിശീലകനായി സ്ലൊവാക്യയുടെ പരിശീലകൻ ഫ്രാൻസെസ്കോ കൽസോനയെ നിയമിച്ചു. ബാഴ്സലോണയ്ക്കെതിരേ സ്വന്തം കളത്തിൽ നടക്കുന്ന യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ പ്രീക്വാർട്ടർ ഒന്നാംപാദ മത്സരത്തിനു മുന്പാണ് ഈ മാറ്റം.
നവംബറിൽ റൂഡി ഗാർസിയയ്ക്കു പകരമാണ് മസാരി പരിശീലകനായത്. എന്നാൽ മസാരിയുടെ കീഴിലും ക്ലബ് തുടരുന്ന മോശം ഫോമാണ് പുറത്താക്കലിലെത്തിച്ചത്. ഈ ലീഗ് സീസണിൽ നാപ്പോളി ഒന്പതാം സ്ഥാനത്താണ്.
ശനിയാഴ്ച ജിനോവയ്ക്കെതിരേ 1-1ന് സമനിലയിൽ കലാശിച്ച മത്സരമാണ് മസാരിയുടെ നാപ്പോളിക്കൊപ്പമുള്ള അവസാന മത്സരം. 2009-2013 സീസണിൽ മസാരി നാപ്പോളിയുടെ പരിശീലകനായിരുന്നു. ഇത്തവണ 17 കളിയിൽ ആറു ജയം മാത്രമേ ഇദ്ദേഹത്തിനു കീഴിൽ ക്ലബ്ബിനു നേടാനായുള്ളൂ.
യൂറോ 2024ൽ സ്ലൊവാക്യയെ കൽസോനയാണു നയിക്കുന്നത്. ഈ സീസണ് അവസാനം വരെ മാത്രമേ ഇദ്ദേഹത്തിന് നാപ്പോളിയുമായി കരാറുള്ളൂവെന്നു സ്ലൊവാക്യ ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി. 2025 വരെ കൽസോനയ്ക്കു സ്ലൊവാക്യയുമായി കരാറുണ്ട്. സ്ലൊവാക്യ 2026 ലോകകപ്പിനു യോഗ്യത നേടിയാൽ ഈ കരാർ നീട്ടാനും സാധ്യതയുണ്ട്.