പ്രതികളില്‍ ആദ്യം അറസ്റ്റ് ചെയ്തത് ഒന്നാം പ്രതിയായ മുഹമ്മദ് ഷാഫിയെ ആയിരുന്നു. കഴിഞ്ഞ 11-ന് രാവിലെ പത്തിന് ഇയാളെ കടവന്ത്ര പോലീസ് സ്റ്റേഷന് പരിധിയില്‍നിന്ന് പിടികൂടി.
തുടര്‍ന്ന് അന്നേദിവസം മൂന്നോടെ ആറന്മുള പോലീസ് സ്റ്റേഷന് പരിധിയില്‍നിന്ന് രണ്ടും മൂന്നും പ്രതികളായ ഭഗവല്‍ സിംഗ്, ലൈല ഭഗവല്‍ സിംഗ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പിറ്റേന്ന് കസ്റ്റഡി അപേക്ഷ നല്കിയ അന്വേഷണ സംഘത്തിന് രണ്ടാഴ്ചത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുകയുണ്ടായി.
ഷാഫി പത്മയുമായി ഇലന്തൂര്ക്കു പോയ സ്കോര്‍പിയോ കാര്‍ പോലീസ് കണ്ടെടുത്തു. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു.
കസ്റ്റഡിയില്‍ ലഭിച്ച പ്രതികളുമായി ഇലന്തൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് ഇപ്പോഴും തുടരുന്നുണ്ട്.
അന്വേഷണത്തിന് പ്രത്യേകസംഘം
രണ്ടു കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കടവന്ത്ര, കാലടി പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്.
കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്. ശശിധരന് ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍. പെരുമ്പാവൂര്‍ എഎസ്പി അനൂജ് പാലിവാള്‍ ആണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്.
എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സി. ജയകുമാര്‍, കടവന്ത്ര സ്റ്റേഷന് ഹൗസ് ഓഫീസര്‍ ബൈജു ജോസ്, കാലടി സ്റ്റേഷന് ഹൗസ് ഓഫീസര്‍ എന്‍.എ. അനൂപ് എന്നിവര്‍ അന്വേഷണ ഉദ്യോഗസ്ഥരും എളമക്കര പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ എയിന്‍ ബാബു, കാലടി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ടി.ബി. ബിപിന്‍ എന്നിവര്‍ അംഗങ്ങളുമാണ്. ക്രമസമാധാനവിഭാഗം എഡിജിപിയുടെ നേരിട്ടുളള മേല്‍നോട്ടത്തിലാണ് അന്വേഷണസംഘം പ്രവര്‍ത്തിക്കുന്നത്.
ഷാഫി ലൈംഗിക വൈകൃതത്തിന് അടിമ
പോലീസ് കസ്റ്റഡിയില്‍ ലഭിച്ച മൂന്നു പ്രതികളെയും കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
നരബലിയുടെ മുഖ്യ ആസൂത്രകനും ഒന്നാം പ്രതിയുമായ ഷാഫി ലൈംഗിക വൈകൃതത്തിന് അടിമയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.
ഇയാള്‍ സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍ കത്തി കുത്തിയിറക്കി ലൈംഗിക സുഖം കണ്ടെത്തുന്ന ആളാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.
പത്മയുടെയും റോസിലിയുടെയും ജനനേന്ദ്രിയത്തില്‍ ഒരേ രീതിയിലാണ് മുറിവേല്‍പ്പിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട സ്ത്രീകള്‍ ജീവനോടെ ഇരിക്കുമ്പോഴായിരുന്നു ഈ കൊടുംക്രൂരത ഇയാള്‍ ചെയ്തത്.
2020 ഓഗസ്റ്റ് അഞ്ചിന് പുത്തന്‍കുരിശില്‍ 75കാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ ഇയാള്‍ നാലു മാസം ജയില്‍ ശിക്ഷ അനുഭവിച്ചതാണ്.
ജാമ്യത്തിലിറങ്ങിയ ശേഷം കൊച്ചിയിലേക്ക് താമസം മാറ്റി. വൃദ്ധയുടെ ജനനേന്ദ്രിയത്തിലും സമാനരീതിയിലാണ് മുറിവേല്‍പ്പിച്ചത്.
അസാധാരണ ക്രിമിനല്‍ മാനസികാവസ്ഥയുള്ള ആളാണ് ഷാഫിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ഇയാള്‍ക്കുള്ളത്.
16-ാം വയസില്‍ ഇടുക്കിയിലെ മുരിക്കാശേരിയില്‍നിന്ന് നാടുവിട്ടു. അവിടെ താമസിക്കുന്ന കാലത്ത് ഗ്യാസ് സിലിണ്ടര്‍ മോഷണക്കേസില്‍ ഇയാള്‍ പ്രതിയായിരുന്നു.
പല പ്രദേശങ്ങളിലും പല പേരുകളില്‍ വാടക വീട്ടില്‍ മാറിമാറിത്താമസിച്ചു. പിന്നീട് പെരുമ്പാവൂരിലേക്ക് താമസം മാറ്റി.
എറണാകുളത്ത് താമസമാക്കിയിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. ഭാര്യയും രണ്ടു പെണ്മക്കളും ഒന്നിച്ച് ഗാന്ധിനഗറിലെ വാടകവീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്.
ആരെയും വീഴ്ത്തുന്ന വാക്ചാതുര്യം
ഷാഫിക്ക് ലഹരിക്കടത്തു സംഘങ്ങളുമായും ബന്ധമുണ്ട്. കൊലപാതകം, മാനഭംഗ ശ്രമം, അടിപിടി ഉള്‍പ്പെടെ പത്തോളം കേസുകളും ഷാഫിയുടെ പേരിലുണ്ട്. ആരെയും വീഴ്ത്തുന്ന വാക്ചാതുര്യം ഇയാള്‍ക്കുണ്ട്.
എട്ടു മാസം മുമ്പ് ചിറ്റൂര്‍ റോഡില്‍ അദീന്‍സ് എന്ന പേരില്‍ ഒരു ഹോട്ടല്‍ തുടങ്ങിയിരുന്നു. പത്മ ഉള്‍പ്പെടെയുള്ള ലോട്ടറി വില്‍പ്പനക്കാരികളായ സ്ത്രീകള്‍ ഇവിടെയത്തിയാണ് ഭക്ഷണം കഴിച്ചിരുന്നത്.
അതുകൊണ്ടുതന്നെ പല സ്ത്രീകള്‍ക്കും ഇയാളുമായി അടുപ്പം ഉണ്ടായിരുന്നു. ലോട്ടറി വില്‍പ്പനക്കാരികള്‍, ലൈംഗിക തൊഴിലാളികള്‍, ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്നവര്‍ ഇവരൊക്കെയായിരുന്നു ഷാഫിയുടെ സുഹൃദ് വലയത്തില്‍ ഏറെയും. പണം ഉള്‍പ്പെടെയുള്ളവ വാഗ്ദാനം നല്‍കിയാണ് ഇവരെ വശീകരിച്ചിരുന്നത്.
ഇടുക്കിയില്‍ കൊക്കയില്‍ വീണ് മരിക്കുന്നവരുടെ മൃതദേഹം എടുക്കാന്‍ പോലീസിനെ സഹായിക്കല്‍, ഡ്രൈവര്‍, മീന്‍ കച്ചവടം, കാര്‍ സര്‍വീസിംഗ്, ഇറച്ചിവെട്ട്, ഹോട്ടല്‍ പണി എന്നീ തൊഴിലുകളെല്ലാം ഇയാള്‍ ചെയ്തിരുന്നു.
സ്വന്തമായി വാങ്ങിയതും വാടകയ്ക്ക് എടുത്തതുമായ വാഹനങ്ങള്‍ ഇയാള്‍ക്ക് ഉള്ളതായി പറയപ്പെടുന്നു. മദ്യപാനിയായ ഇയാള്‍ താമസസ്ഥലത്തെ അയല്‍വാസികളുമായും ഹോട്ടലിന് അടുത്തുള്ള വ്യാപാരികളുമായും ബന്ധം പുലര്‍ത്തിയിരുന്നില്ല.
(തുടരും)