കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കേണ്ട സാഹചര്യമില്ലെന്നു പോലീസ്.
ഇയാൾ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഇടയ്ക്ക് വിമുഖത കാണിക്കുന്നുണ്ടെങ്കിലും ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ചോദ്യം ചെയ്യലിൽ ഇയാളിൽ നിന്ന് നിർണായകമായ പല വിവരം ലഭിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തൽ.
അതേസമയം രണ്ടാം പ്രതി ഭഗവൽ സിംഗും മൂന്നാം പ്രതി ഭാര്യ ലൈലയും പലപ്പോഴും പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്.
തിങ്കളാഴ്ചയാണ് പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്. ഇതിനുള്ളിൽ പ്രതികളിൽനിന്ന് കിട്ടാവുന്നത്ര വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. പ്രതികളെ ചോദ്യം ചെയ്യൽ ഇന്നും തുടരും.
റിവിഷൻഹർജി തള്ളി
12 ദിവസം പോലീസ് കസ്റ്റഡിയിൽ വിടാനുള്ള എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് നരബലിക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽസിംഗ്, ലൈല എന്നിവർ സമർപ്പിച്ച റിവിഷൻ ഹർജി ഹൈക്കോടതി തള്ളി.
മജിസട്രേറ്റ് കോടതി ഉത്തരവ് ജാഗ്രതയോടെയുള്ളതാണെന്നും അനൗചിത്യമോ നിയമവിരുദ്ധതയോ ഇല്ലെന്നും അഭിപ്രായപ്പെട്ടാണ് ഡോ. ജസ്റ്റീസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്.
നിശ്ചിത സമയത്ത് പ്രതികൾക്ക് അഭിഭാഷകനെ കാണാൻ അവസരം നൽകിയെങ്കിലും ചോദ്യം ചെയ്യുന്പോൾ അഭിഭാഷകന്റെ സാന്നിധ്യം വേണ്ടെന്നാണ് കോടതി നിർദേശിച്ചത്.