സ്വന്തം ലേഖിക
കൊച്ചി: ഇരട്ട നരബലി നടന്ന ഇലന്തൂരിലെ വീട്ടിൽ മുഖ്യപ്രതി മുഹമ്മദ് ഷാഫി കോളജ് വിദ്യാർഥികൾ എന്ന നിലയിൽ എത്തിച്ചത് ഹണിട്രാപ്പ് സംഘത്തെ.
ഇതു സംബന്ധിച്ച് സ്ത്രീകൾ പോലീസിന് നിർണായക മൊഴി നൽകിയതായാണ് വിവരം. ഭഗവൽ സിംഗിനെയും ലൈലയെയും കബളിപ്പിച്ച് പണം തട്ടുന്നതിനായി ഷാഫി ഒരുക്കിയ ചതിയായിരുന്നു ഇതിനു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.
ഹണി ട്രാപ്പ് സംഘത്തിൽപ്പെട്ട ഈ രണ്ടു യുവതികളെയും ഇതിൽ ഒരാളുടെ ഭർത്താവിനെയും കൂട്ടിയാണ് ഷാഫി ഇലന്തൂരിലെ വീട്ടിലെത്തിയത്.
എറണാകുളത്തെ വിവിധ സ്റ്റേഷനുകളിൽ ഹണി ട്രാപ്പും അനാശാസ്യവും ഉൾപ്പെടെ ഈ സ്ത്രീകൾക്കെതിരെ കേസുകൾ നിലവിലുണ്ട്.
ഈ സ്ത്രീകളെ എറണാകുളത്ത് പ്രമുഖ കോളജിൽ പഠിക്കുന്ന വിദ്യാർഥിനികൾ എന്ന രീതിയിലാണ് ഷാഫി ഭഗവൽ സിംഗിനും ലൈലയ്ക്കും പരിചയപ്പെടുത്തിക്കൊടുത്തത്.
ഇതേക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷാഫി ഉൾപ്പെട്ട ലഹരി മാഫിയയിലെ കണ്ണികളാകാം ഇവർ എന്നാണ് പോലീസിന്റെ നിഗമനം.
ഈ സ്ത്രീകളുടെ മുൻകാല ചരിത്രത്തെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
പത്മയുടെ താലിയും മോതിരവും എവിടെ?
ഇലന്തൂരിൽ നരബലിക്ക് ഇരയായ പത്മയുടെ കൂടുതൽ സ്വർണം കണ്ടെടുക്കാനുണ്ടെന്ന് കുടുംബം. ഷാഫി പണയം വച്ച ആഭരണങ്ങളുടെ കൂട്ടത്തിൽ താലിയും മോതിരവും ഇല്ലെന്നാണ് കുടുംബം പറയുന്നത്.
ഈ സ്വർണം അപഹരിച്ച് താൻ പണയം വച്ചു എന്നായിരുന്നു ഒന്നാം പ്രതി ഷാഫിയുടെ മൊഴി. എന്നാൽ ധനകാര്യ സ്ഥാപനത്തിലെ തെളിവെടുപ്പിൽ ആഭരണങ്ങൾ വീണ്ടെടുത്തെങ്കിലും മുഴുവൻ ആഭരണങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
പത്മയുടെ ശരീരത്തിൽ നിന്ന് ആറു പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി സഹോദരി പഴയനിയമ്മ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.
കൊലയ്ക്കു ശേഷം ഷാഫി എറണാകുളത്തെ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ച സ്വർണാഭരണങ്ങൾ ഇന്നലെ പോലീസ് വീണ്ടെടുത്തിരുന്നു.
ഇത് പത്മയുടേതാണെന്ന് ബന്ധുക്കളും സ്ഥിരീകരിക്കുകയുണ്ടായി. കൊലപാതകത്തിന് ശേഷം പത്മയുടെ മൃതദേഹത്തിൽനിന്ന് ഊരിയെടുത്ത 39 ഗ്രാം സ്വർണാഭരണങ്ങൾ അടുത്ത ദിവസം ഷാഫി ചിറ്റൂർ റോഡിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു.
ഒരു ലക്ഷത്തി പതിനായിരം രൂപയക്കാണ് ഷാഫി പണയം വച്ചത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഷാഫിയുടെ വീട്ടിൽ നിന്ന് പണയം വച്ച രസീത് പോലീസ്കണ്ടെടുത്തിരുന്നു.
വണ്ടി വിറ്റു കിട്ടിയ പണമാണെന്ന് പറഞ്ഞ് പണയതുകയിൽ നിന്ന് നാൽപതിനായിരം രൂപ ഭാര്യ നബീസയ്ക്ക് നൽകിയതായി ഷാഫി പറഞ്ഞിരുന്നു.
അതേസമയം താലിക്കും മോതിരത്തിനും പുറമെ രണ്ട് വെള്ളി പാദസരങ്ങളും നഷ്ടപ്പെട്ടതായി കുടുംബം പറയുന്നു. അതേസമയം തമിഴ് സ്ത്രീകൾ ഉപയോഗിക്കുന്ന മാതൃകയിലുള്ള വെള്ളിക്കൊലുസുകൾ താൻ എറിഞ്ഞു കളഞ്ഞുവെന്ന് ഷാഫി മൊഴി നൽകിയതായാണ് വിവരം.
ഇത് വിൽക്കാൻ ശ്രമിച്ചാൽ താൻ പിടിക്കപ്പെടുമെന്ന സംശയത്തിലാണ് ഇത് എറിഞ്ഞു കളഞ്ഞതെന്നാണ് ഇയാൾ പോലീസിനു മൊഴി നൽകിയിരിക്കുന്നത്.
കാണാതായ ആഭരണങ്ങൾ കണ്ടെത്താനായി പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം.