ഇലന്തൂർ: ഇലന്തൂരിലെ കടംപള്ളിൽ വീടും പരിസരങ്ങളും പോലീസ് ബന്തവസിലാണെങ്കിലും നിരവധിയാളുകൾ ഇന്നലെയും ഇവിടേക്ക് എത്തിക്കൊണ്ടിരുന്നു.
വിദൂരങ്ങളിൽനിന്നുള്ളവർ പോലും സ്ഥലം കാണാനെത്തി. ആരെയും അകത്തേക്കു കടത്തിവിടാൻ പോലീസ് തയാറായില്ല. എത്തിയവർ പരിസരവാസികളുമായി സംസാരിച്ചു.
ഭഗവൽസിംഗിനെക്കുറിച്ചു തിങ്കളാഴ്ചവരെ ആരും എതിരഭിപ്രായം പറഞ്ഞിരുന്നില്ലെന്നു പരിസരവാസികൾ പറയുന്നു. ഞായറാഴ്ച വൈകുന്നേരം ആറന്മുള എസ്ഐ തിരക്കി വന്നപ്പോൾ അയൽവാസികൾ വിവരം തേടിയിരുന്നു.
എറണാകുളത്തുനിന്നു ചികിത്സയ്ക്കു വന്ന ഒരാൾക്ക് എന്തോ കേസുണ്ടെന്നും അയാളുടെ വിവരം അറിയാൻ വന്നതാണെന്നുമാണ് ഭഗവൽ സിംഗ് പറഞ്ഞത്.
ശനിയാഴ്ചയും ഇയാളും ഭാര്യയും ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. സമീപവാസികളുമായി അടുത്തിടപഴകുകയും ചെയ്തു.
വീട്ടുപരിസരത്തു രണ്ടു മൃതദേഹങ്ങൾ കുഴിച്ചിട്ടതായി അറിയാമായിരുന്ന ദന്പതികൾ യാതൊരു ഭാവഭേദവും പുറത്തുകാട്ടാതെ ജീവിച്ചതു നാട്ടുകാരിൽ അത്ഭുതമുളവാക്കുകയാണ്.
കർഷകസംഘം ജില്ലാ സമ്മേളനത്തിൽ ഭഗവൽ സിംഗ് പങ്കെടുത്തിരുന്നു. ഭാര്യ ലൈലയും ചില പൊതുപരിപാടികളിലടക്കം കഴിഞ്ഞയാഴ്ചയും പങ്കെടുത്തു.
എന്നാൽ, ചികിത്സയ്ക്കെത്തുന്നവരോടു പഴയ രീതിയിലുള്ള ഇടപഴകൽ ഭഗവൽ സിംഗിന് അടുത്തയിടെ ഉണ്ടായിരുന്നില്ലെന്നും പറയുന്നു. ഏറെ സമയവും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കുകയും ചെയ്തിരുന്നു.
എറണാകുളം സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം സ്പെഷൽ ബ്രാഞ്ച് സംഘം അന്വേഷിച്ചെത്തുന്പോഴും നല്ല അഭിപ്രായമാണ് ഇയാളെക്കുറിച്ചു നാട്ടുകാരിൽനിന്നു ലഭിച്ചത്.
ആറന്മുള എസ്ഐ വീട്ടിലെത്തി പത്മയുടെ ഫോട്ടോ മൊബൈലിൽ കാട്ടിയപ്പോഴും അറിയില്ലെന്ന മറുപടിയാണ് ദന്പതികൾ നൽകിയത്.
തെളിവെടുപ്പിനായി ചൊവ്വാഴ്ച എത്തിയപ്പോഴും ലൈല യാതൊരു കൂസലുമില്ലാതെയാണ് പെരുമാറിയെതന്നു മഹസർ സാക്ഷിയായിരുന്ന ബ്ലോക്ക് പഞ്ചായത്തംഗം ലിസി രാജു പറഞ്ഞു.