കൊച്ചി: ഇലന്തൂർ ഇരട്ടക്കൊലപാതകക്കേസിൽ കസ്റ്റഡിയിൽ ലഭിക്കുന്ന പ്രതികളെ അന്വേഷണ സംഘം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന.
പ്രതികളുടെ മൊഴിയിൽ പലയിടത്തും വൈരുധ്യം ഉണ്ടായിരുന്നു. ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ ഈ സംശയം ദുരീകരിക്കാനാകുമെന്നാണ് പോലീസ് സംഘത്തിന്റെ പ്രതീക്ഷ.
പ്രതികൾക്ക് നരബലിക്കു പുറമേ മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു പറഞ്ഞു.
കേസിലെ മുഖ്യ സൂത്രധാരൻ മുഹമ്മദ് ഷാഫിയുടെ എല്ലാത്തരത്തിലും ഇടപാടുകളെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊലയ്ക്ക് കൂടുതൽ ആയുധങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ, തെളിവ് നശിപ്പിച്ചിട്ടുണ്ടോ, കൊല്ലപ്പെട്ട സ്ത്രീകളുടെ സ്വർണം പണയം വച്ച് പണം എന്തിന് ഉപയോഗിച്ചു, പ്രതികൾ കൂടുതൽ പേരെ കൊലപ്പെടുത്തിയിട്ടുണ്ടോ, സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് പോലീസ് വിശദമായി അന്വേഷിക്കുന്നത്.
ഷാഫിയുടെ വലയിൽ കൂടുതൽ സ്ത്രീകൾ കുടുങ്ങിയോ?
കൊച്ചി: ഷാഫി മുഖ്യപ്രതിയായ ഇലന്തൂർ ഇരട്ടക്കൊലപാതക കേസ് പുറത്തുവന്നതിനു പിന്നാലെ എറണാകുളം ജില്ലയിൽ നിന്ന് സ്ത്രീകളെ കാണാതായ കേസുകളിൽ പുനരന്വേഷണത്തിനൊരുങ്ങി പോലീസ്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ജില്ലയിൽ നിന്ന് കാണാതായ 14 മിസിംഗ് കേസുകളാണ് പ്രത്യേക സംഘം പുനരന്വേഷിക്കുന്നത്.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലാണ് ഈ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.പ്രത്യേക സംഘങ്ങളായി തിരിഞ്ഞാകും പോലീസ് അന്വേഷണം നടത്തുക.
തിരോധാന കേസുകൾക്ക് എതെങ്കിലും തരത്തിൽ നരബലിയുമായി ബന്ധമുണ്ടോ എന്നാകും മുഖ്യമായി പരിശോധിക്കുന്നത്.