തിരുവല്ല: കുറ്റപ്പുഴയിലെ വാടകവീട്ടില് നരബലിക്കു ശ്രമമുണ്ടായെന്ന പേരില് കര്ണാടക സ്വദേശിനിയായ യുവതി നടത്തിയ വെളിപ്പെടുത്തലില് അന്വേഷണം പ്രഖ്യാപിച്ച് പോലീസ്.
ചങ്ങനാശേരി സ്വദേശിനി അമ്പിളി കുറ്റപ്പുഴയിലെ വീട്ടിലെത്തിച്ച യുവതിയാണ് വെളിപ്പെടുത്തല് നടത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പരാതികള് ഒന്നും ലഭിച്ചിട്ടില്ലെന്നും ഓണ്ലൈനിലൂടെ യുവതി നടത്തിയ വെളിപ്പെടുത്തലില് അന്വേഷണം നടക്കുന്നതായും തിരുവല്ല ഡിവൈഎസ്പി ടി. രാജപ്പന് റാവുത്തര് പറഞ്ഞു.
കുറ്റപ്പുഴയിലെ ഈ വീട് സംബന്ധിച്ച് പരാതികളുണ്ട്. ഇവിടെ താമസിക്കുന്നവരെക്കുറിച്ചും വന്നുപോകുന്നവരെക്കുറിച്ചും പോലീസ് കൂടുതല് വിവരങ്ങള് ശേഖരിച്ചുവരികയാണെന്നും ഡിവൈഎസ്പി പറഞ്ഞു.
പരാതി ഉന്നയിച്ച യുവതിയുടെ മൊഴി എടുക്കാന് പോലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇവരെ കോടതിയിലെത്തിച്ച് മൊഴി എടുക്കാനാകുമോയെന്നു പരിശോധിക്കുകയാണ്.
അമ്പിളിയും യുവതിയും തമ്മില് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചു. ഇതു സംബന്ധിച്ച തര്ക്കമാണ് പരാതിക്കു കാരണമായതെന്നും സംശയമുണ്ട്.
യുവതിയുടെ വെളിപ്പെടുത്തല് ഇങ്ങനെ:
ഭര്ത്താവുമായുള്ള പ്രശ്നം പരിഹരിക്കാന് പൂജ നടത്താമെന്നു പറഞ്ഞാണ് തിരുവല്ലയിലേക്കു വിളിച്ചുവരുത്തിയത്. കഴിഞ്ഞ എട്ടിന് അര്ധരാത്രിയോടെയാണ് സംഭവം.
അമ്പിളിയുമായി നേരത്തെ പരിചയമുണ്ടായിരുന്നു. അമ്പിളിയുടെ താമസസ്ഥലമെന്നു പറഞ്ഞാണ് കുറ്റപ്പുഴയിലെത്തിയത്. അവിടെ അമ്പിളിയും മന്ത്രവാദിയും ചേര്ന്ന് കളം വരച്ച് ശരീരത്തില് പൂമാല ചാര്ത്തി.
മന്ത്രവാദി വലിയ വാളെടുത്തശേഷം ബലി നല്കാന് പോകുകയാണെന്നു പറഞ്ഞു. ഈ സമയം അമ്പിളിയുടെ പരിചയക്കാരന് വാതിലില് മുട്ടി.
ഇതോടെ പദ്ധതി പാളി. മുറിയില്നിന്ന് താന് ഇറങ്ങിയോടിയെന്നും വീടിനു പുറത്തെത്തിയ ആളോടു വിവരങ്ങള് പറഞ്ഞുവെന്നും ഇയാളാണ് തന്നെ രക്ഷിച്ചതെന്നും യുവതി പറയുന്നു.
രാത്രി മുഴുവന് ഇയാളോടൊപ്പം ഇരുന്നശേഷം പുലര്ച്ചെ കൊച്ചിയിലേക്കു മടങ്ങുകയായിരുന്നു. ഭയന്നുപോയ താന് സ്വദേശമായ കുടകിലേക്കു മടങ്ങി. കൂട്ടുകാരോടു വിവരം പറഞ്ഞു. അവരാണ് സംഭവം പുറത്തറിയിച്ചത്.