കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിൽ ഭഗവൽ സിംഗിന്റെ ഇലന്തൂരിലെ വീട്ടിൽ തിരുമലിന്റെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടന്നതായി പോലീസിനു വിവരം ലഭിച്ചു.
ആയുർവേദ ചികിത്സയുടെ മറവിൽ ഇവിടെ അനാശാസ്യ പ്രവർത്തനങ്ങൾ നടന്നതായാണ് വിവരം. ഷാഫിയുടെ നേതൃത്വത്തിൽ സ്ത്രീകളെ ഇവിടെ എത്തിച്ചതായാണ് സൂചന.
കൊല്ലപ്പെട്ട പത്മയും റോസിലിയും ഇത്തരത്തിലാണോ ഇവിടെ എത്തിയിരിക്കുന്നത് എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇലന്തൂരിലെത്തിയ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്താൻ ശ്രമം
ഇലന്തൂരിലെ ഭഗവൽ സിംഗിന്റെ വീട്ടിൽ രണ്ട് പെണ്‍കുട്ടികൾ എത്തിയിരുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് ഇവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.
കൊച്ചിയിൽ ഹോസ്റ്റലിൽ താമസിക്കുന്ന പെണ്‍കുട്ടികളാണ് കേസിലെ മുഖ്യപ്രതി ഷാഫിയുടെ നിർദേശത്തെ തുടർന്ന് ഇലന്തൂരിലെ വീട്ടിലെത്തിയെന്നാണ് വിവരം.
പെണ്‍കുട്ടികളെ നരബലിക്കായിട്ടാണോ കൊണ്ടുവന്നത് എന്നതും പരിശോധിക്കുന്നുണ്ട്. പെണ്‍കുട്ടികളെ ഷാഫി പീഡിപ്പിച്ചതായും സൂചനയുണ്ട്. ഈ പെണ്‍കുട്ടികൾക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നതായും പറയുന്നു.
സംഭവശേഷം ശേഷം പെണ്‍കുട്ടികളെ തിരികെ കൊച്ചിയിൽ എത്തിച്ചു. ഷാഫി ലൈംഗിക വൈകൃതമുള്ളയാളാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിൽ ഇലന്തൂരിലെ വീട്ടിലേക്ക് എത്തിയ ആളുകളുടെ മുഴുവൻ വിവരങ്ങളും പോലീസ് പരിശോധിക്കുകയാണ്.
ചോദ്യം ചെയ്യൽതുടങ്ങി
പോലീസ് കസ്റ്റഡിയിൽ ലഭിച്ച ഇലന്തൂർ കേസിലെ പ്രതികളെ എറണാകുളം പോലീസ് ക്ലബിൽ ചോദ്യം ചെയ്യൽ തുടങ്ങി.
ഇന്നലെ ഒരുമിച്ചിരുത്തി എട്ടു മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനുശേഷം അർധരാത്രിയോടെ മൂവരെയും മൂന്നിടത്തേക്കു മാറ്റി.
ഭഗവൽ സിംഗിനെ മുളവുകാട് സ്റ്റേഷനിലേക്കും ലൈലയെ വനിതാ സ്റ്റേഷനിലേക്കുമാണ് മാറ്റിയത്. മൂവരെയും ഇന്ന് രാവിലെ എറണാകുളം പോലീസ് ക്ലബിൽ എത്തിച്ചാണ് ചോദ്യം ചെയ്യൽ തുടരുന്നത്.
എഡിജിപിയുടെ നിർദേശപ്രകാരം കർമപദ്ധതി തയാറാക്കിയാണ് അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യൽ. അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്കു കൃത്യമായ ഉത്തരം നൽകാതെ ഷാഫി ഒഴിഞ്ഞുമാറുന്നത് തുടരുകയാണെന്ന് ഉന്നത പോലീസ് സംഘം പറഞ്ഞു.
ആദ്യഘട്ട ചോദ്യംചെയ്യലിനുശേഷമാകും തെളിവെടുപ്പ് നടത്തുക. പത്മയുടെ 39 ഗ്രാം സ്വർണം പണയം വച്ച് ഷാഫി ഒരു ലക്ഷത്തി പതിനായിരം രൂപ തട്ടിയെടുത്തിരുന്നു.
ഇത് കളമശേരിയിലെ ബാങ്കിലാണ് പണയം വച്ചത്. ഷാഫിയെ ഇവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. കൂടാതെ കൂടുതൽ സ്ത്രീകളെ ഷാഫി ഇരകളാക്കിയിരുന്നോ എന്നും അന്വേഷണം നടക്കുന്നുണ്ട്.
രണ്ടാം പ്രതി ലൈല, മൂന്നാം പ്രതി ഭഗവൽ സിംഗ് എന്നിവരുടെ തെളിവെടുപ്പിന്റെ കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും.