കൊച്ചി: റോസിലിയെ ഇലന്തൂരിൽ എത്തിക്കുന്നതിനു മുന്പ് ഷാഫി ആദ്യം സമീപിച്ചത് ദിണ്ഡിഗൽ സ്വദേശിനിയായ ലോട്ടറി വിൽപ്പനക്കാരിയെ എന്ന് വെളിപ്പെടുത്തൽ.
അഞ്ചു മാസം മുന്പാണ് നരബലിക്കായി ഷാഫി പദ്ധതി ഇട്ടത്. ഇതിന്റെ ഭാഗമായി ഇയാൾ ദിണ്ഡിഗൽ സ്വദേശിനിയായ യുവതിയെ സമീപിച്ചു.
ദോഷങ്ങളുണ്ടെന്നു പറഞ്ഞ് തിരുവല്ലയിലെ ദന്പതികളിൽനിന്നു മൂന്ന് ലക്ഷം രൂപ വാങ്ങാമെന്നായിരുന്നു ഇവർക്കു നൽകിയ വാഗ്ദാനം.
ആദ്യം സമ്മതിച്ചെങ്കിലും പദ്ധതിയിൽനിന്ന് താൻ പിൻമാറിയെന്നും ഇതോടെയാണ് ഷാഫി റോസിലിയെ സമീപിച്ച് കൊണ്ടുപോയതെന്നുമാണ് യുവതി പറയുന്നത്.
പത്തനംതിട്ടയിലുള്ള ആളുടെ അടുത്ത് ചെന്നാൽ പണം ലഭിക്കുമെന്നും ലഭിക്കുന്ന മൂന്നു ലക്ഷം രൂപയിൽനിന്ന് പകുതിയായി വീതിച്ചെടുക്കാമെന്നും ഇയാൾ പറഞ്ഞതായി ഷാഫി പറഞ്ഞുവെന്നാണ് യുവതി പറയുന്നത്.
ആദ്യം സമ്മതിച്ചെങ്കിലും പിന്നെ അതു ശരിയല്ലെന്നു തോന്നിയതുകൊണ്ട് വരുന്നില്ലെന്ന് ഷാഫിയെ അറിയിച്ചു.അതിനു ശേഷം എവിടെവച്ചു കണ്ടാലും അയാൾ അസഭ്യം പറയുമെന്ന് യുവതി പറയുന്നു.
താൻ പോകാതെ വന്നതോടെയാണ് റോസിലിയെ കൊണ്ടുപോയതെന്നാണ് ഇവരുടെ വെളിപ്പെടുത്തൽ.
ഷാഫി പീഡനക്കേസിലെ പ്രതി
കൊച്ചി: 2020 ഏപ്രിൽ നാലിന് 75കാരിയായ കോലഞ്ചേരി പാങ്കോട് സ്വദേശിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഷാഫി.
ലൈംഗിക പീഡനത്തിന് ശേഷം ഇയാൾ വൃദ്ധയുടെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം കത്തിക്കൊണ്ട് മുറിവേൽപ്പിച്ചിരുന്നു.
ഈ കേസിൽ ഇയാൾ നാലു മാസത്തോളം ജയിൽ ശിക്ഷ അനുഭവിച്ച ആളാണ്. എന്ത് പ്രശ്നങ്ങളും തീർക്കാനുള്ള വഴി തന്റെ കൈയ്യിലുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഷാഫി സ്ത്രീകളുമായി പരിചയത്തിലാകുന്നത്.
ലോട്ടറി വിൽപനക്കാരികൾ, ലൈംഗിക തൊഴിലിൽ ഏർപ്പെടുന്ന സ്ത്രീകൾ, ഒറ്റയ്ക്ക് താമസിക്കുന്നവർ ഇവരോടെല്ലാമാണ് ഇയാൾ അടുപ്പം സ്ഥാപിക്കുന്നത്.
ജ്യോത്സ്യനെന്ന വ്യാജേനയും പലരുമായും അടുപ്പം സ്ഥാപിച്ചതായും പറയപ്പെടുന്നു. മയക്കുമരുന്ന് ഉപയോഗം, അടിപിടിക്കേസ് ഉൾപ്പെടെ ഇയാൾക്കെതിരെ എറണാകുളത്തെയും ഇടുക്കി വെള്ളത്തൂവലിലെയും പോലീസ് സ്റ്റേഷനുകളിൽ പത്തോളം കേസുകൾ നിലവിലുണ്ട്.
ഇയാൾ രക്തം കാണുന്നതിൽ ആനന്ദം കണ്ടെത്തുന്ന വ്യക്തിയാണെന്നാണ് ലഭിക്കുന്ന വിവരം.ഇയാളുടെ വാക്ചാതുര്യത്തിൽ ആരും ആകൃഷ്ടരാകുമെന്നാണ് പോലീസ് നൽകുന്ന വിവരം.
ഇടുക്കിയിലെ മുരിക്കാശേരിയാണ് ഇയാളുടെ സ്വദേശം. കൊച്ചിയിലെത്തിയിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. 12 വർഷം മുന്പ് പെരുന്പാവൂരിൽ വാടകയ്ക്ക് താമസിച്ചിരുന്നു.
പെരുന്പാവൂരിൽ താമസിക്കുന്പോൾ മീൻ കച്ചവടം, കാർ സർവീസിംഗ്, ഡ്രൈവിംഗ് തുടങ്ങിയ ജോലികളാണ് ഇയാൾ ചെയ്തിരുന്നത്.
ഇപ്പോൾ കുടുംബത്തോടൊപ്പം എറണാകുളം ഗാന്ധിനഗറിലെ വാടക വീട്ടിലാണ് താമസിക്കുന്നത്. എട്ടു മാസം മുന്പ് ചിറ്റൂർ റോഡിൽ അദീൻസ് എന്ന പേരിൽ ഒരു ഹോട്ടൽ തുടങ്ങിയിരുന്നു.
ഇവിടെയാണ് ലോട്ടറി വിൽപനക്കാരികളായ പല സ്ത്രീകളും പതിവായി ഭക്ഷണം കഴിക്കാനെത്തിയിരുന്നത്. ഇവരുമായി ഇയാൾ പരിചയത്തിലായിരുന്നുവെന്നും പറയപ്പെടുന്നു.
അടുത്തിടെ ഇയാൾ സാന്പത്തികമായി ഉന്നതാവസ്ഥയിൽ എത്തിയതായി ഷാഫിയുമായി ബന്ധപ്പെട്ടവർ പറയുന്നു. സ്വന്തമായി വാഹനങ്ങളും ഉണ്ടായിരുന്നതായും പറയപ്പെടുന്നു.