കൊച്ചി: ഇലന്തൂരിൽ നരബലിക്ക് ഇരയായ സ്ത്രീകളുടെ മാംസം മുഖ്യപ്രതി ഷാഫി കൊച്ചിയിലേക്കു കൊണ്ടുവന്നുവെന്ന സൂചനയുടെ പശ്ചാത്തലത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ കൊച്ചിയിലെ ഹോട്ടലിൽ പോലീസ് പരിശോധന നടത്തി. ഈ ഹോട്ടലിൽനിന്ന് പതിവായി ഭക്ഷണം കഴിക്കുന്നവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.
അമാനുഷിക ശക്തി നേടാനായി മനുഷ്യമാംസം കഴിക്കുന്ന ചിലരെ തനിക്ക് അറിയാമെന്നും അവർ പണം നൽകി മാംസം വാങ്ങുമെന്നും കൂട്ടു പ്രതികളായ ഭഗവൽ സിംഗ്, ലൈല എന്നിവരോട് പറഞ്ഞിരുന്നതായി അവർ മൊഴി നൽകിയിട്ടുണ്ട്.
മനുഷ്യ മാംസം വാങ്ങാൻ ബംഗളൂരുവിൽനിന്ന് ആളു വരുമെന്നാണ് ഷാഫി പറഞ്ഞിരുന്നത്. എന്നാൽ അവർ എത്താതിരുന്നതിനെത്തുടർന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന മാംസം കുഴിച്ചുമൂടാമെന്നു പറഞ്ഞ് ഷാഫി കൊണ്ടുപോയെന്നാണ് ദന്പതികൾ മൊഴി നൽകിയത്.
പോലീസ് കസ്റ്റഡി റദ്ദാക്കാൻ പ്രതികൾ കോടതിയിലേക്ക്
നരബലിക്കേസിൽ 12 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ടുള്ള മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്തു മൂന്നു പ്രതികളെ ഹൈക്കോടതിയെ സമീപിച്ചു.
മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ലൈല എന്നിവരാണ് ഹർജി നൽകിയത്. പോലീസിന്റെ കള്ളക്കഥകൾക്ക് വ്യാജ തെളിവുണ്ടാക്കാനാണ് തെളിവെടുപ്പിന്റെയും ചോദ്യം ചെയ്യലിന്റെയും പേരിൽ ഇത്രയും ദിവസം കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നതെന്നാണ് ഹർജിയിലെ ആരോപണം.
പ്രതികളെ പ്രദർശന വസ്തുവാക്കുന്നതും കുറ്റപത്രം നൽകുന്നതുവരെ അന്വേഷണ വിവരങ്ങളും മൊഴികളും മാധ്യമങ്ങൾക്കടക്കം നൽകുന്നുന്നതും വിലക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.