ഹൈദരാബാദ്: ഒരാഴ്ച മുന്പ് ഹൈദരാബാദിൽ ഒരു ടാക്സി ഡ്രൈവറുടെ വീടിന്റെ ടെറസിൽനിന്ന് കുട്ടിയുടെ ശിരസ് കണ്ടെത്തിയ സംഭവത്തിൽ കേസ് പുതിയ വഴിത്തിരിവിലേക്ക്. പൂർണ ചന്ദ്രഗ്രഹണവും സൂപ്പർമൂണും ഒരുമിച്ചെത്തിയ കഴിഞ്ഞ ജനുവരി 31 ന് കുട്ടിയെ നരബലി അർപ്പിച്ചതാണെന്ന് പോലീസ് കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ശിരസ് കണ്ടെത്തിയ വീടിന്റെ ഉടമ രാജശേഖറിനെയും ഭാര്യ ശ്രീലതയെയും പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ടാക്സ് ഡ്രൈവറായിരുന്ന രാജശേഖറും ഭാര്യ ശ്രീലതയും കടുത്ത അന്ധവിശ്വാസികളായിരുന്നു. നാലുവർഷമായി അസുഖബാധിതയായിരുന്ന ശ്രീലയുടെ അസുഖം മാറുന്നതിനായി ഇവർ നിരവധി മന്ത്രവാദികളെ സമീപിച്ചിരുന്നു. ഇവരിലൊരാളാണ് പൂർണ ചന്ദ്രഗ്രഹണ ദിനത്തിൽ പെണ്കുഞ്ഞിനെ ബലികൊടുത്താൽ അസുഖങ്ങൾ മാറുമെന്ന് പറഞ്ഞത്.
ഇതനുസരിച്ച് രാജശേഖർ സെക്കന്തരാബാദിലെ റെയിൽവേ സ്റ്റേഷനു സമീപം റോഡുവക്കിൽ താമസിച്ചിരുന്ന ദന്പതികളുടെ ആറുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്തു. കുഞ്ഞുമായി അടുത്തുള്ള നദിക്കരയിലെത്തിയ രാജശേഖർ കുഞ്ഞിന്റെ ശിരസ് അറുത്തെടുത്തതിനുശേഷം ശരീരം നദിയിൽ ഉപേക്ഷിച്ചു.
ശിരസുമായി വീട്ടിലെത്തിയ രാജശേഖർ ഭാര്യയെയുംകൂട്ടി ടെറസിലെത്തി പൂജകൾ നടത്തി. ചന്ദ്രഗ്രഹണ രാത്രിയിൽ കുഞ്ഞിന്റെ ശിരസ് രാജശേഖറിന്റെ വീടിന്റെ ടെറസിൽ വച്ചിരിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ ഈ സംഭവങ്ങളൊന്നും അറിയാതെ ടെറസിലെത്തിയ ശ്രീലയതുടെ അമ്മ കുഞ്ഞിന്റെ ശിരസ് അവിടെ കാണുകയും ബഹളംവച്ച് അയൽക്കാരെ വിവരമറിയിക്കും ചെയ്തു. സംഭവത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ല എന്ന നിലപാടാണ് രാജശേഖർ ആദ്യം സ്വീകരിച്ചിരുന്നത്.
എന്നാൽ പോലീസിന്റെ അന്വേഷണത്തിൽ രാജശേഖറിന്റെ മുറിയിൽനിന്നും കുട്ടിയുടെ രക്തക്കറി കണ്ടെത്തി. ഇതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. രാജശേഖറും ഭാര്യയും ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.