ചെന്നൈ: ഇലന്തൂർ ഇരട്ട നരബലിയുടെ ഞെട്ടലിൽ നിന്ന് കേരളം മുക്തമാകുന്നതിനു മുന്‍പേ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നു നരബലിക്കു ശ്രമിച്ചതായി നടുക്കുന്ന വാർത്ത പുറത്തുവരുന്നു.
തിരുവണ്ണാമലയില്‍ നരബലിക്കു ശ്രമമെന്ന പരാതിയെതുടര്‍ന്ന് പോലീസുകാരനുള്‍പ്പെടെ ആറു പേര് അറസ്റ്റിൽ. പോലീസ് എത്തി വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതിനെത്തുടര്‍ന്ന് ജെസിബി ഉപയോഗിച്ച് വാതില്‍ പൊളിച്ചാണ് അകത്തു കയറിയത്.
തിരുവണ്ണാമല ആറണി സ്വദേശി തരമണി, ഭാര്യ കാമാക്ഷി, മകനും താമ്പരത്തെ സായുധ സേന യൂണിറ്റിലെ പൊലീസുകാരനുമായ ഭൂപാൽ, മറ്റൊരു മകന് ബാലാജി, മകള്‍ ഗോമതി, മന്ത്രവാദി പ്രകാശ് എന്നിവരാണ് അറസ്റ്റിലായത്.
മൂന്നു ദിവസമായി വീട് അടച്ചിട്ട് പൂജ നടത്തിയതാണു നാട്ടുകാരില്‍ സംശയം ജനിപ്പിച്ചത്. വീട്ടില്‍ നിന്ന് ഉച്ചത്തിലുള്ള കരച്ചിലും മറ്റും കേട്ടതോടെ പോലീസില്‍ പരാതി നല്കി.
പൂജ മുടക്കിയാല്‍ ആത്മഹത്യ ചെയ്യുമെന്നു ഇവര്‍ ഭീഷണി മുഴക്കിയിരുന്നു.തുടര്‍ന്ന് വീടിന്റെ ഭിത്തി പൊളിച്ച് അകത്തു കയറിയ പോലീസുകാരെ പൂജ നടത്തിയിരുന്ന ആള് ആക്രമിച്ചു.
പിടിച്ചുമാറ്റുന്നതിനിടെ ഇയാള്‍ കടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. പൂജ നടന്ന വീട്ടില്‍ മൃഗബലി അടക്കം നടന്നതിന്റെ സൂചന പൊലീസിന് കിട്ടിയിട്ടുണ്ട്.