ആഭിചാര ക്രിയ നടത്താൻ പ്രാപ്തനായ സിദ്ധൻ എന്ന് ശ്രീദേവി പരിചയപ്പെടുത്തിയ ശേഷം പല തവണ ഷാഫി ഇലന്തൂരിലെ വീട്ടിലെത്തി.
ഫോണിൽ കൂടി മാത്രം പരിചയമുണ്ടായിരുന്ന ഭഗവൽ സിംഗിന്റെ ഭാര്യയായ ലൈലയുമായി ഇയാൾ പെട്ടെന്ന് ബന്ധം സ്ഥാപിച്ചു.
അന്ധവിശ്വാസത്തിന്റെ പിടിയിലായിരുന്ന ലൈല റഷീദ് എന്ന സിദ്ധൻ പറയുന്ന കാര്യങ്ങൾ അതേപടി വിശ്വസിച്ചു.
തങ്ങളുടെ കുടുംബത്തെക്കുറിച്ചുള്ള കാര്യങ്ങൾ സിദ്ധൻ പറയുന്നത് കേട്ടപ്പോൾ അവർ അക്ഷരാർഥത്തിൽ ഷാഫിയുടെ കെണിയിൽ വീണു കഴിഞ്ഞിരുന്നു.
കുടുംബകാര്യങ്ങൾ നിയന്ത്രിച്ചിരുന്ന ലൈലയ്ക്കു മുന്നിൽ ഭഗവൽസിംഗ് പലപ്പോഴും നിശബ്ദനായി നിന്നു.
ആഭിചാര ക്രിയയ്ക്കു ശേഷം കൂടുതൽ ഫലസിദ്ധിക്കായി ഷാഫി എന്ന സിദ്ധൻ ലൈലയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു.
ഭഗവൽസിംഗിന്റെ കണ്മുന്നിൽ വച്ചായിരുന്നു അത്. ലൈംഗിക വൈകൃതത്തിന് അടിമയായ ഷാഫി തുടർന്നുള്ള ദിവസങ്ങളിലും ലൈലയുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടിരുന്നതായാണ് അന്വേഷണ സംഘം പറയുന്നത്.
പൂജയ്ക്കുശേഷം ഐശ്വര്യം ഉണ്ടാകാൻ ഇതൊക്കെ കണ്ടിട്ടും കാണാതിരിക്കാൻ ഭഗവൽസിംഗ് ശ്രദ്ധിച്ചു.
കടകംപിള്ളി വീട്ടിലെ സന്ദർശകനായ ഷാഫിക്ക് ലൈലയുടെ കിടപ്പറയിലേക്ക് ഏതുസമയത്തും കടന്നുചെല്ലാനുള്ള അനുവാദം ഉണ്ടായിരുന്നു.
ലൈലയും ഷാഫിയും തമ്മിൽ അരുതാത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്ന് അന്വേഷണ സംഘം പറയുന്നു. ചോദ്യം ചെയ്യൽ വേളയിൽ ഇരുവരും അത് സമ്മതിക്കുകയും ചെയ്യുകയുണ്ടായി.
ശ്രീദേവിയായി നടത്തിയ ചാറ്റുകൾ
പ്രതികളുടെ അറസ്റ്റിനു പിന്നാലെ ഷാഫി ശ്രീദേവി എന്ന അക്കൗണ്ടിലൂടെ നടത്തിയ ചാറ്റുകൾ സൈബർ പോലീസ് വീണ്ടെടുത്തു.
നൂറിലേറെ പേജുകളുള്ള സംഭാഷണമാണ് ഷാഫിയും ഭഗവൽ സിംഗും നടത്തിയത്. ലൈംഗിക ചുവയോടെ അർധരാത്രി വരെ നീളുന്ന ചാറ്റുകളായിരുന്നു അതിലേറെയും.
ഷാഫി ഇത്തരത്തിൽ മറ്റു സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ടോയെന്നു പോലീസ് അന്വേഷണം നടത്തുകയാണ്.
സജ്ന മോൾ, ശ്രീജ… വ്യാജ അക്കൗണ്ടുകൾ നാല്
ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിന്റെ ചുവടു പിടിച്ചുപോയ പോലീസ് ഷാഫിയുടെ മറ്റ് വ്യാജ അക്കൗണ്ടുകൾ കണ്ട് ഞെട്ടി.
സജ്നമോൾ, ശ്രീജ തുടങ്ങിയ വ്യാജ പേരുകളിൽ ഇയാൾക്ക് വേറെയും ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
സ്ത്രീകളുടെ പേരിലുള്ള ഈ അക്കൗണ്ടുകളിലെ ചാറ്റ് വിവരങ്ങൾ പോലീസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.
ഭഗവൽ സിംഗും ലൈലയുമല്ലാതെ ഇയാൾ മറ്റാരെങ്കിലുമായി ഇത്തരത്തിൽ ചാറ്റ് നടത്തിയോയെന്നുള്ളതും അന്വേഷണ പരിധിയിൽ ഉണ്ട്.
ഫോണിന്റെ ഐഎംഇഐ നന്പർ, ഫേസ്ബുക്ക് ജി മെയിൽ അക്കൗണ്ടുകളുടെ പാസ് വേഡ്, ഐപി ഡംപ് എന്നിവ അടക്കമുള്ള വിവരങ്ങൾ കണ്ടെത്താനാണ് ശ്രമം.
ഷാഫിയുടെ എഫ്ബി അക്കൗണ്ട് നിയന്ത്രിച്ചതാര്?
ഷാഫിയുടെ എഫ്ബി അക്കൗണ്ട് മറ്റാരെങ്കിലും നിയന്ത്രിച്ചിരുന്നോയെന്നതിനെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
കാരണം 2020-ൽ വൃദ്ധയെ പീഡിപ്പിച്ച കേിസൽ ജയിൽ ശിക്ഷ അനുഭവിച്ച സമയത്ത് ശ്രീദേവി എന്ന എഫ്ബി അക്കൗണ്ട് സജീവമായിരുന്നതായാണ് വിവരം.
ഷാഫിയുടെ ഭാര്യ നബീസയുടെ ഫോണിലാണ് ഷാഫി ശ്രീദേവി എന്ന എഫ്ബി അക്കൗണ്ട് തുടങ്ങിയത്.
ഷാഫി ജയിൽവാസത്തിലായിരുന്ന സമയത്ത് ഈ ഫോണ് ഇവരാണോ ഉപയോഗിച്ചിരുന്നതെന്നും അന്വേഷിക്കുന്നുണ്ട്.
ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന ഷാഫി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ അതി സമർഥനായിരുന്നുവെന്ന് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.
(തുടരും)