സീമ മോഹന്‍ലാല്‍
2022 സെപ്റ്റംബര്‍ 27ന് രാവിലെ 8.20ന് എറണാകുളം കടവന്ത്ര പോലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി ഒരു സ്ത്രീ എത്തി.
തമിഴ്നാട് ധര്‍മപുരി പെണ്ണഗ്രാമം എരപ്പെട്ടി പളനിയമ്മ എന്ന സ്ത്രീയായിരുന്നു അത്. ഇതേ മേല്‍വിലാസമുള്ളതും ഇപ്പോള്‍ എളംകുളം പള്ളിക്കു സമീപം വാടകയ്ക്ക് താമസിക്കുന്നതുമായ തന്റെ സഹോദരി പത്മയെ 26 മുതല്‍ കാണാനില്ലെന്നായിരുന്നു പരാതിയിലുള്ളത്.
52കാരിയായ പത്മ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍നിന്ന് 26ന് രാവിലെ എട്ടിന് ലോട്ടറിക്കച്ചവടത്തിനായി പോയിട്ട് മടങ്ങിവന്നിട്ടില്ലെന്നായിരുന്നു പരാതി.
എസ്ഐ മിഥുന് മോഹന്‍ പരാതി സ്വീകരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. ആദ്യാന്വേഷണം അദ്ദേഹം നടത്തി.
ഇവര്‍ പതിവായി ലോട്ടറി വില്‍ക്കുന്ന സ്ഥലങ്ങളിലും ലോട്ടറി വില്‍പനക്കാരികളായ സ്ത്രീകളോടും വിവരം ആരാഞ്ഞു.
പക്ഷേ പത്മയെ ആരും കണ്ടതായി വിവരം ലഭിച്ചില്ല. തുടര്‍ന്ന് എസ്ഐ അനില്‍കുമാര്‍ കേസിന്റെ അന്വേഷണം ഏറ്റെടുത്തു.
പലരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചും മറ്റും അന്വേഷണം മുന്നോട്ടു നീങ്ങി. ഒറ്റയ്ക്കു താമസിച്ചിരുന്ന സ്ത്രീയെന്നതിനാല് ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല.
വാടകയ്ക്ക് താമസിച്ചിരുന്ന സ്ഥലത്തെ അയല്‍ക്കാരുമായും ഇവര്‍ക്ക് പറയത്തക്ക ബന്ധമൊന്നും ഉണ്ടായിരുന്നില്ല. പത്മ ധരിച്ചിരുന്ന സാരിയുടെ നിറം പോലുമറിയാതെയാണ് പോലീസ് അന്വേഷണത്തിനായി ഒരുങ്ങിയത്.
ഡിസിപിക്ക് തോന്നിയ സംശയം
സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു, ഡിസിപി ശശിധരന് എന്നിവര്‍ കേസ് അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ട് വിലയിരുത്തിയിരുന്നു.
ഈ മിസിംഗ് കേസ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഡിസിപി ശശിധരന്റെ മനസില്‍ ചില സംശയങ്ങള്‍ രൂപപ്പെട്ടിരുന്നു. ഇതാണ് പിന്നീട് വിശദമായ അന്വേഷണത്തിലേക്ക് നീങ്ങിയതും.
കേസ് അറിഞ്ഞപ്പോള്‍ തന്നെ ഇത് സൂക്ഷിക്കണം സംഗതി പ്രശ്നമാണെന്ന് ഡിസിപി ശശിധരന് പറഞ്ഞിരുന്നു. ഒരു കേസിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ പലതും മനസില്‍ തോന്നാം.
അങ്ങനെ തോന്നുന്നതില്‍ ചിലത് ശരിയാകും. ഈ കേസിലും ഇതൊരു കൊലപാതകമാകാം എന്ന തോന്നലാണ് മനസിലുണ്ടായത്.
ഇവിടെയും അത് ശരിയായിയെന്നു ഡിസിപി ശശിധരന് പറയുന്നു. അരിച്ചു പെറുക്കിയുള്ള അന്വേഷണമാണ് പത്മയുടെ തിരോധാനത്തിലും നടന്നത്.
അവ്യക്തമായ ആ സിസിടിവി ദൃശ്യം
അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. പത്മ പതിവായി ലോട്ടറി വില്പന നടത്താറുള്ള ചിറ്റൂര്‍ റോഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചത്.
ആ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് പോലീസിന് നിര്‍ണായകമായ ആ തെളിവ് ലഭിച്ചത്. അവ്യക്തമായ ഒരു സിസിടിവി ദൃശ്യമായിരുന്നു അത്.
26-ന് രാവിലെ 10.15-ന് എറണാകുളം ചിറ്റൂര്‍ റോഡിലുള്ള കൃഷ്ണ ഹോസ്പിറ്റലിനു സമീപത്തുനിന്ന് പത്മയെ വെളുത്ത സ്കോര്‍പിയോ കാറില്‍ പത്മയെ കയറ്റിക്കൊണ്ടു പോകുന്ന ദൃശ്യമാണ് പോലീസിന് ലഭിച്ചത്.
അതിന്റെ നമ്പര്‍ കെഎല്‍-3 ക്യു 5565 എന്നതായിരുന്നു. പിന്നീട് നടന്നത് ആ വാഹനമുടമയെ കണ്ടെത്താനുള്ള അന്വേഷണമായിരുന്നു.
ഒപ്പം ആ വാഹനം എങ്ങോട്ടു പോയി എന്ന അന്വേഷണവും പോലീസ് തുടങ്ങി. ആ അന്വേഷണം ചെന്നെത്തിയത് പെരുമ്പാവൂര്‍ വെങ്ങോല കണ്ടന്തറ വേഴപ്പിള്ളി മുഹമ്മദ് ഷാഫിയെന്ന 52കാരനിലായിരുന്നു.
സ്കോര്‍പ്പിയോ ചെന്നു നിന്നതാകട്ടെ പത്തനംതിട്ട ഇലന്തൂര്‍ കാരംവേലി കടകംപള്ളില്‍ ഭഗവല്‍ സിംഗിന്റെ വീട്ടുമുറ്റത്തും.
എറണാകുളം ഗാന്ധിനഗറില്‍ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷാഫിയെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. പക്ഷേ അയാളില്‍നിന്ന് പോലീസിന് വിവരങ്ങളൊന്നും ലഭിച്ചില്ല.
ആദ്യ ദിവസം ചോദ്യം ചെയ്തു പറഞ്ഞുവിട്ടെങ്കിലും പോലീസ് സംഘം പിറ്റേന്നും അയാളെ തേടിയെത്തി. ഇത്തവണ പഴുതുകള്‍ അടച്ചുള്ള ചോദ്യം ചെയ്യലായിരുന്നു പോലീസ് ഒരുക്കിയിരുന്നത്.
അതോടൊപ്പം കടവന്ത്ര സ്റ്റേഷനില്‍നിന്നുള്ള ഒരു സംഘം ഇലന്തൂരിലുള്ള ഭഗവല്‍ സിംഗിന്റെ വീട്ടിലേക്കും പുറപ്പെട്ടു.
(തുടരും)