സീമ മോഹൻലാൽ
വെള്ള സ്കോർപിയോ കാർ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. കാറിന്റെ സഞ്ചാര പാത കണ്ടെത്തുന്നതിനായി കടവന്ത്ര മുതൽ തിരുവല്ല വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയുണ്ടായി.
കോട്ടയം, പത്തനംതിട്ട പോലീസ് സ്റ്റേഷനുകളിലെ പോലീസുകാരുടെ സേവനവും ഇതിനായി ഉപയോഗിച്ചു.
പത്മയെ കടത്തിക്കൊണ്ടുപോയ സ്കോർപിയോ കാർ മുഹമ്മദ് ഷാഫിയുടേതാണെന്ന് പോലീസ് ഇതിനകംതന്നെ കണ്ടെത്തിയിരുന്നു.
ഒപ്പംതന്നെ പത്മയുടെ മൊബൈൽഫോണ്‍ ലൊക്കേഷനും കോൾ വിവരങ്ങളും ശേഖരിച്ചു.
ഫോൺ ഓഫായി
പത്മയുടെ മൊബൈൽ ഫോണ്‍ സിഗ്നൽ പത്തനംതിട്ട ഇലന്തൂരിൽ ഓഫായതായി പോലീസിനു വിവരം ലഭിച്ചു. ഈ വിവരങ്ങൾ പിന്തുടർന്ന് പോലീസ് എത്തിയത് ഇലന്തൂരിലെ ഭഗവൽ സിംഗിന്റെ വീട്ടിലായിരുന്നു.
ഷാഫിയുടെ മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും ഭഗവൽ സിംഗുമായി ബന്ധപ്പെട്ടതായും കണ്ടെത്തുകയാണുണ്ടായത്.
തുടർന്ന് ഭഗവൽ സിംഗിന്റെ അയൽവാസിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. 26ന് വൈകിട്ട് വാഹനം ഭഗവൽ സിംഗിന്റെ വീട്ടിലെത്തി മടങ്ങി.
27ന് രാവിലെയാണ് ഷാഫി അവിടെനിന്ന് മടങ്ങിയെന്നുള്ള വിവരവും പോലീസിനു ലഭിച്ചു. അതോടെ ഇയാൾ പോലീസ് നിരീക്ഷണത്തിലായി. ആറൻമുള പോലീസ് ഭഗവൽ സിംഗിന്റെ വീട് നിരീക്ഷണത്തിലുമാക്കി.
ഷാഫിയുടെ ഹോട്ടലിലേക്ക്
ഷാഫിയുടെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ടായിരുന്നു. ചിറ്റൂർ റോഡിലുള്ള ഇയാളുടെ ഹോട്ടലിലെ ജീവനക്കാരിൽനിന്നും പോലീസ് വിവരങ്ങൾ ആരാഞ്ഞു.
തുടർന്നു ഷാഫിയെ പോലീസ് ചോദ്യം ചെയ്തു. ആദ്യം ചോദ്യം ചെയ്യലിൽനിന്ന് ഇയാൾ ഒഴിഞ്ഞു മാറുകയാണുണ്ടായത്.
തുടർന്ന് എറണാകുളം ഡിസിപി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ രാപ്പകൽ ചോദ്യം ചെയ്തു.
പക്ഷേ പല ചോദ്യങ്ങൾക്കും ഓർക്കുന്നില്ല, അറിയില്ല എന്നു മാത്രമാണ് ഇയാൾ മറുപടി നൽകിയത്. തുടർന്നു കഴിഞ്ഞ ഒന്‍പതിന് കൊച്ചിയിൽനിന്നുള്ള പോലീസ് സംഘം ഇലന്തൂരിലെത്തി ഭഗവൽ സിംഗിനെയും ഭാര്യയെയും നാലു മണിക്കൂറോളം ചോദ്യം ചെയ്തു.
ഇരുവർക്കും ചോദ്യം ചെയ്യലിൽ ഏറെ നേരം പിടിച്ചു നിൽക്കാനായില്ല. അവർ പല സത്യങ്ങളും പോലീസിനോടു പറഞ്ഞു.
രണ്ടാംഘട്ടത്തിൽ ഷാഫി വീണു
തുടർന്ന് പോലീസ് സംഘം ഷാഫിയെ വീണ്ടും കസ്റ്റഡിയിലെടുത്തു. ദന്പതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ ചോദ്യം ചെയ്തെങ്കിലും ഇയാൾ ചോദ്യം ചെയ്യലുമായി സഹകരിച്ചില്ല.
തുടർന്ന് ശാസ്ത്രീയ തെളിവുകൾ കൂടി നിരത്തി പോലീസ് ഷാഫിയെ വീണ്ടും ചോദ്യം ചെയ്തു. തുടർന്ന് ഷാഫിയെയും ഭഗവൽ സിംഗിനെയും ഭാര്യ ലൈലയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തപ്പോൾ ഷാഫിക്ക് ഏറെ നേരം പിടിച്ചുനിൽക്കാനായില്ല.
ലൈല നടന്ന കാര്യങ്ങളിൽ പലതും മടിച്ചാണെങ്കിലും പറഞ്ഞു തുടങ്ങി. ഷാഫിയുടെ ഓരോരോ കള്ളങ്ങളും പൊളിഞ്ഞുവീണു.
പത്മയെ അതിദാരുണമായി കഴുത്തറുത്ത് കൊന്നു ശരീരഭാഗങ്ങൾ പറന്പിൽ കുഴിച്ചിട്ടതായി ഒടുവിൽ പ്രതികൾ സമ്മതിച്ചു.
മാത്രമല്ല, കാലടി സ്വദേശി റോസിലിയെക്കൂടി ഇത്തരത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നുള്ള ഞെട്ടിക്കുന്ന വിവരവും പോലീസിനു ലഭിച്ചു.
ഐശ്വര്യത്തിനായി നരബലി
രണ്ടും മൂന്നും പ്രതികളായ ഭഗവൽ സിംഗിനും ഭാര്യയ്ക്കും സാന്പത്തിക ഉന്നതിയും ഐശ്വര്യവും ഉണ്ടാകാനായി ദേവീ പ്രീതിക്കായാണ് നരബലി നടത്തിയെന്നു പ്രതികൾ പോലീസിനോട് സമ്മതിച്ചു
(തുടരും)
2022 സെപ്റ്റംബര്‍ 27ന് രാവിലെ 8.20ന് എറണാകുളം കടവന്ത്ര പോലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി ഒരു സ്ത്രീ എത്തി..! ഇലന്തൂര്‍ ഇരട്ട നരബലി-1