ഫേസ്ബുക്കിൽ സജീവമായിരുന്ന ഭഗവൽ സിംഗിന് നാലു വർഷം മുന്പാണ് ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നത്.
സാന്പത്തിക അഭിവൃദ്ധിക്കും ഐശ്വര്യത്തിനും സമീപിക്കുക എന്ന പോസ്റ്റോടു കൂടിയുള്ള റിക്വസ്റ്റ് ആയിരുന്നു അത്.
പൂക്കളുടെ ചിത്രം പ്രൊഫൈൽ പിക്ചറായിട്ടുള്ള ശ്രീദേവി എന്ന പേരുകാരിയുടേതായിരുന്നു അത്.
ഹൈക്കു കവിതകളും പുരോഗമന വാദവുമൊക്കെയായി നടക്കുന്ന ഭഗവൽ സിംഗ് മറ്റൊന്നും നോക്കാതെ അവരുടെ സൗഹൃദാഭ്യർഥന സ്വീകരിച്ചു.
തുടർന്ന് മുടങ്ങാതെ ഭഗവൽ സിംഗിന് മെസഞ്ചറിൽ ശ്രീദേവിയുടെ സന്ദേശങ്ങൾ എത്തിക്കൊണ്ടിരുന്നു.
ജ്യോതിഷത്തിലും വൈദ്യത്തിലും ശ്രീദേവി ആകൃഷ്ടയാണെന്ന് അറിഞ്ഞതോടെ ഭഗവൽ സിംഗിന് ഇരട്ടി സന്തോഷമായി.
ചുരുങ്ങിയ സമയം കൊണ്ട് ഭഗവൽ സിംഗിന്റെ വിശ്വാസം ശ്രീദേവി നേടിയെടുത്തു. ആ നാടിനെക്കുറിച്ചും ഭഗവൽ സിംഗിനെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും ശ്രീദേവി ചോദിച്ചറിഞ്ഞു.
എന്നാൽ ഈ ശ്രീദേവിക്കു പിന്നിൽ മറഞ്ഞിരിക്കുന്നത് ഷാഫി എന്ന കുറ്റവാളിയാണെന്ന് ഭഗവൽ സിംഗ് ഒരിക്കൽപോലും അറിഞ്ഞിരുന്നില്ല.
ഏറെ വൈകാതെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. സൗഹൃദത്തിന്റെ അതിർവരന്പുകൾ ലംഘിച്ച് ആ ചാറ്റുകൾ പാതിരാത്രി വരെ നീണ്ടു.
ആ ചാറ്റുകളിലെ വിഷയം ലൈംഗികത തന്നെയായിരുന്നു. ചാറ്റിംഗിലൂടെ ഇരുവരും പലതും പങ്കുവച്ചു. പക്ഷേ ഭഗവൽ സിംഗിന് ഒരിക്കൽ പോലും സംശയം തോന്നിയില്ല.
ശ്രീദേവി എന്ന പെണ്കുട്ടിയിൽ അയാൾ അത്രമാത്രം ആകൃഷ്ടനായിരുന്നു. ചാറ്റിംഗ് നീണ്ടു പോകുന്നതിനിടയിൽ ഭഗവൽ സിംഗ് ഫോണ് വിളിച്ച് സംസാരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ശ്രീദേവി അതിൽനിന്ന് ഒഴിഞ്ഞുമാറി. എന്നിട്ടും ഭഗവൽ സിംഗിന് സംശയം തോന്നിയില്ല.
പൂജ നടത്താം; സന്പൽ സമൃദ്ധിക്കായി
ഒരിക്കൽ ശ്രീദേവി ഭഗവൽ സിംഗിനോട് പറഞ്ഞു. സന്പൽ സമൃദ്ധിക്കായി ഒരു പൂജ നടത്താമെന്ന്. അതിനു തന്റെ പക്കൽ റഷീദ് എന്ന സിദ്ധനുണ്ടെന്നും പറഞ്ഞു.
സിദ്ധൻ റഷീദ് വഴി തനിക്കുണ്ടായ നേട്ടങ്ങളെക്കുറിച്ച് ഭഗവൽ സിംഗിനോടു പറഞ്ഞു. തന്റെ ജീവിത പ്രശ്നങ്ങളെക്കുറിച്ചായിരുന്നു ശ്രീദേവി ഭഗവൽ സിംഗിനോട് പറഞ്ഞത്.
ഗൾഫിൽ വച്ച് ഭർത്താവ് കളളക്കേസിൽ ജയിലിലായെന്നും തൂക്കിക്കൊല്ലാൻ വിധിച്ചെന്നുമായിരുന്നു ശ്രീദേവിയായി ചമഞ്ഞ ഷാഫി ഭഗവൽ സിംഗിനോട് പറഞ്ഞത്.
ഒടുവിൽ ആഭിചാരത്തിന്റെ സഹായത്താൽ രക്ഷപ്പെട്ടുവെന്നും അവർ പറഞ്ഞു. ഇതെല്ലാം കേട്ടപ്പോൾ ഭഗവൽ സിംഗിന്റെ വിശ്വാസം ഇരട്ടിയായി.
റഷീദിന്റെ നന്പർ എന്നു പറഞ്ഞ് ശ്രീദേവി ഭഗവൽ സിംഗിന് നൽകിയത് ഷാഫിയുടെ നന്പർ തന്നെയായിരുന്നു. പൂജ നടത്തിയാലുണ്ടാകുന്ന ഐശ്വര്യത്തെക്കുറിച്ച് റഷീദ് വാതോരാതെ സംസാരിച്ചു.
ഫലസിദ്ധി നേടി ഉയർച്ചയുടെ കൊടുമുടിയിലെത്തിയ നിരവധിപ്പേരുടെ അനുഭവകഥകൾ വിവരിച്ചു.
ഭഗവൽ സിംഗിനെയും ലൈലയെയുംകുറിച്ച് എല്ലാ കാര്യങ്ങളും അറിയാമായിരുന്നതിനാൽ സിദ്ധൻ ചമഞ്ഞ ഷാഫി അതെല്ലാം അവരോടു പറഞ്ഞു.
സിദ്ധന്റെ വെളിപ്പെടുത്തൽ ദന്പതികളെ അത്ഭുതപ്പെടുത്തി. ഇതുകേട്ട് ഭഗവൽ സിംഗ് പൂജയ്ക്ക് സമ്മതമാണെന്ന് അറിയിച്ചു.
പൂജയ്ക്കായി പല തവണ പണം വേണമെന്നു പറഞ്ഞു ഇലന്തൂരിലെ വീട്ടിലെത്തിയ ഷാഫി സിദ്ധന്റെ പേരിൽ പണം തട്ടി മടങ്ങി.
പൂജയ്ക്ക് ഫലം ലഭിക്കാനായി എത്ര രൂപ വേണമെങ്കിലും മുടക്കാൻ ഭഗവൽ സിംഗും ഭാര്യ ലൈലയും ഒരുക്കമായിരുന്നു. സിദ്ധൻ ചമഞ്ഞെത്തിയ മുഹമ്മദ് ഷാഫി ഇത് മുതലെടുക്കുകയാണ് ഉണ്ടായത്.
നരബലി
ഭഗവൽ സിംഗ് പണം മുടക്കാൻ തയാറായതോടെ സിദ്ധൻ നരബലിയുടെ കാര്യം അവതരിപ്പിച്ചു. ഇത് അംഗീകരിച്ച ദന്പതികൾ ബലി നൽകാനുള്ള ആളുകളെ കണ്ടെത്താൻ സിദ്ധനെ ഏൽപ്പിച്ചു.
അങ്ങനെയാണ് ജൂണ് മാസത്തിൽ ഇയാൾ എറണാകുളത്തുനിന്ന് ലോട്ടറി വില്പനക്കാരിയായ റോസിലിയെ കബളിപ്പിച്ച് ഇലന്തൂരിലെ കടകംപിള്ളി വീട്ടിലെത്തിച്ചു അതിക്രൂരമായി കൊല നടത്തിയത്.
ആദ്യ കൊല നടന്ന ശേഷം പിന്നീട് ശ്രീദേവി ഫേസ്ബുക്കിൽ സജീവമല്ലായിരുന്നു. തുടർന്ന് മാസങ്ങൾക്കു ശേഷം സിദ്ധന്റെ വിളി വീണ്ടും എത്തി.
അപ്പോൾ തങ്ങൾ ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നായിരുന്നു ദന്പതികൾ സിദ്ധനോട് പറഞ്ഞത്. ദേവി പൂജയ്ക്കായി മറ്റൊരു നരബലി കൂടി നടത്തണമെന്ന് സിദ്ധൻ ദന്പതികളോടു പറഞ്ഞു.
നരബലിക്കായി ഇയാൾ മൂന്നു ലക്ഷം രൂപ അവരുടെ പക്കൽനിന്ന് വാങ്ങി. അങ്ങനെയാണ് എറണാകുളത്തുനിന്ന് മറ്റൊരു ലോട്ടറി വിൽപനക്കാരിയായ പത്മയെ ഇലന്തൂരിലെത്തിച്ച് അതിദാരുണമായി വെട്ടിനുറുക്കിയത്.
അദൃശ്യ കാമുകിയെ ചൂണ്ടിക്കാട്ടി ഡിസിപി
കൊലക്കേസിൽ അറസ്റ്റിലായ ദന്പതികളെ എറണാകുളം പോലീസ് ക്ലബിൽ വച്ച് ചോദ്യം ചെയ്യുന്നതിനിടെ കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ എസ്. ശശിധരൻ ആണ് ആ ചാറ്റിനു പിന്നിലെ സത്യം ഭഗവൽ സിംഗിനോട് പറഞ്ഞത്.
ശ്രീദേവി എന്ന വ്യാജ അക്കൗണ്ടിൽ അയാളുമായി ചാറ്റു ചെയ്തിരുന്നത് മുഹമ്മദ് ഷാഫിയാണെന്ന് ഡിസിപി അറിയിച്ചപ്പോൾ “തന്നെ വഞ്ചിച്ചല്ലോ’ എന്നായിരുന്നു ഇതിനോടുളള ഭഗവൽ സിംഗിന്റെ പ്രതികരണം.
പോലീസിന്റെ ഈ വെളിപ്പെടുത്തൽ കേട്ട് ലൈലയും തകർന്നു പോയി. പിന്നീട് അവർ പത്മയേയും റോസിലിയേയും എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.
(തുടരും)