തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റിൽ സിപിഎമ്മിനെതിരായ നരഭോജി പരാമർശം പിൻവലിച്ചതിനു പിന്നാലെ ശശി തരൂരിന്റെ ഓഫീസിന് മുന്നിൽ കെഎസ്യുവിന്റെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.‘നരഭോജികൾ നരഭോജികൾ തന്നെയാണ്, അല്ലെന്ന് ആര് എത്ര തവണ പറഞ്ഞാലും.
ഷുഹൈബ്, കൃപേഷ്, ശരത് ലാൽ എന്നിവർ കമ്മ്യൂണിസ്റ്റ് നരഭോജികൾ കൊന്നുതള്ളിയ സഹോദരങ്ങൾ’ എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.
കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടതിന്റെ അഞ്ചാം വാര്‍ഷിക ദിനത്തിലായിരുന്നു ശശി തരൂർ ഫേസ്ബുക്കിൽ അനുസ്മരണ പോസ്റ്റ് ഇട്ടത്. പോസ്റ്റിൽ നിന്ന് നരഭോജി പരാമർശം പിന്നീട് പിൻവലിച്ചിരുന്നു. സിപിഎമ്മിന്റെ പേര് പോലും പരാമർശിക്കാതെയുള്ള പോസ്റ്റാണ് തരൂർ പകരം ഇട്ടത്.
ഇതിനു പിന്നാലെയാണ് കെഎസ്യു തരൂരിനെതിരെ പോസ്റ്റര്‍ പ്രതിഷേധവുമായി എത്തിയത്. ഇന്നലെ വൈകുന്നേരത്താണ് തരൂരിന്റെ തിരുവനന്തപുരത്തെ ഓഫിസിന് മുന്നിലെ ഗേറ്റിലും മതിലിലും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കൃപേഷിന്റെയും ഷുഹൈബിന്റെയും ശരത്ലാലിന്റെയും ചിത്രമുള്‍പ്പെടുത്തിയാണ് പോസ്റ്റര്‍. ഓഫിസിന് പുറത്ത് കെഎസ്യുവിന്റെ കൊടിയും സ്ഥാപിച്ചിട്ടുണ്ട്.
ശശി തരൂർ കേരളത്തെ വ്യവസായ പുരോഗതിയെ പുകഴ്ത്തി ഇംഗ്ലീഷ് പത്രത്തിൽ ലേഖനമെഴുതിയതും ട്രന്പ്-മോദി കൂടിക്കാഴ്ചയെ പുകഴ്ത്തിയതും വിവാദമായതിനു പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലും വിവാദമുയർന്നിരിക്കുന്നത്.