പത്തനാപുരം:ചൂട് അസഹനീയമായതോടെ വിപണിയിൽ ചെറുനാരങ്ങയുടെ വില കുത്തനെ ഉയർന്നു. ഉൽപാദനം കുറയുകയും ആവശ്യക്കാരേറുകയും ചെയ്തതോടെ ചെറുനാരങ്ങാ വില പ്രതിദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്.കിലോ 50രൂപയായിരുന്ന നാരങ്ങ ഇപ്പോൾ വില 100 മുതൽ 120 രൂപ വരെയാണ്. സംസ്ഥാനത്ത് ചെറുനാരങ്ങാ ഉൽപാദനം വിരളമായതിനാല്‍ വ്യാപാരികൾ ആശ്രയിക്കുന്നത് തമിഴ്നാടിനെയാണ്.
തമിഴ്നാട്ടിലെ പുളിയൻകുടി, മധുര, രാജമുടി എന്നിവിടങ്ങളിൽ നിന്നാണ് ദിനംപ്രതി ടൺ കണക്കിനു ചെറുനാരങ്ങ കേരളത്തിലേക്ക് എത്തുന്നത്. എന്നാൽ ഇവിടെയും ഉൽപാദനം മുൻ വർഷങ്ങളെ അപേക്ഷിച്ചു ഗണ്യമായി കുറഞ്ഞു.
വേനൽ കടുത്തതും കല്ല്യാണ സീസണായതിനാലും നാരങ്ങയ്ക്ക് ആവശ്യക്കാർ കൂടിയിരിക്കുകയാണ്.
കൂടാതെ വേനൽക്കാലത്ത് ഏറ്റവുമധികം വിൽക്കുന്നതും ആവശ്യക്കാരുള്ളതും നാരങ്ങാവെള്ളത്തിനാണ്.ആളുകൾ ആവശ്യപ്പെടുന്ന മുറയ്ക്ക് നാരങ്ങ ലഭ്യമല്ലാത്തത് വിപണിയെ ബാധിക്കുന്നുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു.ആന്ധ്രപ്രദേശിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമാണ് പ്രധാനമായും നാരങ്ങ കേരളത്തിലെത്തുന്നത്. ഇവയിൽ ആന്ധ്ര നാരങ്ങകളുടെ തൊലി വളരെ നേർത്തതായതിനാൽ കേരളത്തിൽ ആവശ്യക്കാരേറെയാണ് .