ആലത്തൂർ: കടൽക്കരയിലെന്നപോലെ സൂര്യാസ്തമയത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ പറ്റുന്ന നെരങ്ങാൻപാറ കുന്ന് സഞ്ചാരികളെ ആകർഷിക്കുന്നു. ആലത്തൂരിൽനിന്നും നാലു കിലോമീറ്ററും എരിമയൂരിൽനിന്നും ഏഴുകിലോമീറ്ററും കുത്തനൂരിൽനിന്ന് അഞ്ചുകിലോമീറ്ററും റോഡ് മാർഗം സഞ്ചരിച്ചാൽ ഇവിടെയെത്താം. പ്രകൃതിരമണീമായ വശ്യസുന്ദരമായ വനപ്രദേശമാണിത്.
കാവശേരി, ആലത്തൂർ, എരിമയൂർ, കുത്തന്നൂർ, തരൂർ ഗ്രാമപഞ്ചായത്തുകളുടെ സംഗമസ്ഥാനം കൂടിയായ ഈ മലമുകളിൽനിന്നും സൂര്യാസ്തമയം കാണാൻ ഏറെ മനോഹരമാണ്. കടലിൽ സൂര്യൻ താഴ്ന്നപോലെ മലമുകളിൽനിന്നും സൂര്യൻ താഴോട്ട് പതിയെ പതിക്കുന്നത് കാണാൻ സഞ്ചാരികൾ ഇപ്പോൾതന്നെ ഇവിടെയെത്തുന്നുണ്ട്.
വനംവകുപ്പിന്റെ അധീനതയിലാണ് അഞ്ചു പഞ്ചായത്തുകളുടെ അതിർത്തി വേർതിരിക്കുന്ന ഈ സ്ഥലം. ഇന്ത്യയിലെ ഏക മയിൽ സങ്കേതമായ ചൂലന്നൂർ വനത്തിന്റെ കിഴക്കേ അറ്റമാണിത്.ഇവിടെ വിനോദകേന്ദ്രം, പാർക്ക്, കളിസ്ഥലം എന്നിവ നിർമിക്കാൻ പറ്റിയ ഇടമാണ്. അഞ്ചു പഞ്ചായത്തുകളിൽനിന്നും ഗതാഗത സൗകര്യവുമുണ്ട്.
ഈ റോഡുകളുടെ സംഗമം ഇതേ പാറക്കൂട്ടത്തിലാണ് എന്നത് പ്രദേശത്തെ കുറെയേറേ മനോഹാരിയാക്കുന്നു.വിനോദകേന്ദ്രമോ പാർക്കോ ഒന്നുമാക്കിയില്ലെങ്കിൽ വശ്യ സുന്ദരമായ ഈ പ്രദേശം അനാശ്യാസകേന്ദ്രമോ മയക്കുമരുന്ന് കേന്ദ്രമോ ആയി മാറാനും സാധ്യതയേറെയാണ്.
വനം വകുപ്പിന്റെ സഹകരണത്തോടെ വിനോദകേന്ദ്രമാക്കിയാൽ ഇതിനു മാറ്റംവരും. ആലത്തൂർ ഗ്രാമപഞ്ചായത്ത് ഇതിനുള്ള ശ്രമം നടത്തുന്നുണ്ട്. നേരത്തേ ജില്ലാ കൗണ്സിൽ നിലവിൽ വന്നപ്പോൾ ഇവിടെ വിനോദസഞ്ചാര പദ്ധതി ആലോചിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല. ഇതിന് മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.