ചിരഞ്ജീവി നായകനായ തെലുങ്ക് ബ്രഹ്മാണ്ഡ ചിത്രം സൈറ നരസിംഹ റെഡ്ഡിയുടെ ടീസര്‍ കണ്ടപ്പോൾ തനിക്ക് വലിയ സങ്കടം തോന്നിയെന്ന് നടൻ പൃഥ്വിരാജ്. ചിത്രത്തിന്റെ കേരള ലോഞ്ചിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ചിരഞ്ജീവിയുടെ സാന്നിധ്യത്തിലായിരുന്നു പൃഥ്വിരാജ് ഇങ്ങനെ പറഞ്ഞത്.
സിനിമയിൽ അഭിനയിക്കാൻ സാധിച്ചില്ലല്ലോ എന്നതായിരുന്നു സങ്കടത്തിന്റെ കാരണം. സൈറ നരസിംഹ റെഡ്ഡിയിൽ ഒരു കഥാപാത്രത്തിന്റെ വേഷം ചെയ്യാൻ ചിരഞ്ജീവി ക്ഷണിച്ചിരുന്നതായും എന്നാൽ മറ്റു തിരക്കുകൾ കാരണം അന്ന് ആ ക്ഷണം സ്വീകരിക്കാൻ കഴിയാതെ പോയി എന്നും പൃഥ്വിരാജ് പറഞ്ഞു.
ഇപ്പോൾ സിനിമയുടെ ടീസർ കണ്ടപ്പോൾ തനിക്ക് വലിയ സങ്കടം തോന്നി. ചിത്രത്തിൽ ഒരു ഷോട്ടിലെങ്കിലും പ്രത്യക്ഷപ്പെട്ടിരുന്നെങ്കിൽ എന്ന് ടീസർ കണ്ടപ്പോൾ താൻ ആഗ്രഹിച്ചുവെന്നും പൃഥ്വി പറഞ്ഞു. അമിതാഭ് ബച്ചൻ, കിച്ച സുദീപ്, നയൻതാര എന്നിങ്ങനെ വൻതാരനിരയാണ് സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്ത സൈറ നരസിംഹ റെഡ്ഡിയിൽ അണിനിരക്കുന്നത്.